2009-06-12 11:26:36

മാര്‍പാപ്പ സാ൯ ജൊവാന്നി റൊത്തോന്തൊയില്‍ നടത്തുന്ന ഇടയ സന്ദര്‍ശനത്തിന്‍റെ കാര്യപരിപാടി പരസ്യപ്പെടുത്തി.


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ജൂണ്‍ 21 ഞായറാഴ്ച ഇറ്റലിയിലെ സാ൯ ജൊവാന്നി റൊത്തോന്തൊയില്‍ നടത്തുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ അജണ്ട പരിശുദ്ധ സിംഹാസനം ഔദ്യോഗികമായി അറിയിച്ചു.
വത്തിക്കാനില്‍നിന്നു പ്രാദേശിക സമയം രാവിലെ 8 മണിക്കു ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന പാപ്പാ 9.15-ന് സാ൯ ജൊവാന്നി റൊത്തോന്തൊയിലെ "അന്തോണിയൊ മാസ്സി" മൈതാനിയില്‍ എത്തും. ആദ്യം മാര്‍പാപ്പ വരപ്രസാദ മറിയത്തിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുകയും അവിടെ പിയെത്രെല്‍ചീനയിലെ വിശുദ്ധ പീയൊ (പാദ്രേ പീയൊ)യുടെ ദേവാലയത്തിന്‍റെ അടിയിലത്തെ നിലയില്‍ സൂക്ഷിക്കുന്ന പൂജ്യാവശിഷ്ടം വണങ്ങുകയും ചെയ്യും. 10.30-ന് പിയെത്രെല്‍ചീനയിലെ വിശുദ്ധ പീയൊയുടെ ദേവാലത്തിന്‍റെ അങ്കണത്തില്‍ ആരംഭിക്കുന്ന സമൂഹ ദിവ്യപൂജയില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും വചനപ്രഘോണം നടത്തുകയും സമൂഹബലിയുടെ അവസാനം ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് 4.45-ന് മാര്‍പാപ്പ "ആശ്വാസക ഭവനം" എന്ന പേരു നല്‍കപ്പെട്ടിരിക്കുന്ന ആശുപത്രി സന്ദര്‍ശിക്കുന്നതും ആതുരരെയും ആതുരശുശ്രൂകരെയും അഭിസംബോധനചെയ്യുന്നതുമാണ്. 5.30-ന് പിയെത്രെല്‍ചീനയിലെ വിശുദ്ധ പീയൊയുടെ ദേവാലത്തില്‍വച്ചു ബനഡിക്ട് പതിനാറാമ൯ പാപ്പാ വൈദികര്‍, സന്ന്യാസിമാര്‍, സന്ന്യാസിനികള്‍, യുവജനങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 6.15-ന് മാര്‍പാപ്പ ഹെലികോപ്റ്ററില്‍ വത്തിക്കാനിലേക്കു മടങ്ങും.
വിശുദ്ധ പാദ്രേ പീയൊ എന്ന് സാധാരണ അറിയപ്പെടുന്ന പിയെത്രെല്‍ചീനയില‍െ വിശുദ്ധ പീയൊയുടെ 81 വര്‍ഷ ഇഹലോകജീവിതത്തിലെ അരനൂറ്റാണ്ടും ചെലവഴിക്കുകയും യേശുവിന്‍റെ പഞ്ചക്ഷതം അത്ഭുതകരമായി സ്വശരീരത്തില്‍ സ്വീകരിക്കുകയും, നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും. സ്വര്‍ഗ്ഗീയ ഭവനത്തിലേക്കു വിളിക്കപ്പെടുകയും ചെയ്തതും, പുണ്യവാന്‍റെ പൂജ്യമായ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതുമായ വിശ്രുത തീര്‍ത്ഥാടന കേന്ദ്രമാണ് സാ൯ ജൊവാന്നി റൊത്തോന്തൊ.
1968 സെപ്റ്റംബര്‍ 22-ന് ദിവംഗതനായ പാദ്രെ പീയൊയെ രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തില്‍വച്ച് 1999 മേയ് 2-ന് വാഴ്ത്തപ്പെട്ടവനായും 2002 ജൂണ്‍ 16-ന് വിശുദ്ധനായും പ്രഖ്യാപിച്ചു.
പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ ഇറ്റലിയിലെ പതിനഞ്ചാമത്ത‍െ അപ്പസ്തോലിക സന്ദര്‍ശനമായിരിക്കും സാ൯ ജൊവാനി റൊത്തോന്തൊയിലേത്.







All the contents on this site are copyrighted ©.