2009-06-08 15:23:46

വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനം അതിലോലമായ ഒരു പ്രക്രിയയാണെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


 
ക്രിസ്തു തന്‍െറ ജീവനേകി രക്ഷിച്ച ആത്മാക്കളുടെ ഉത്തരവാദിത്വം നല്‍കപ്പെടാനിരിക്കുന്ന വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനം അതിലോലമായ ഒരു പ്രക്രിയയാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. വൈദികവിദ്യാര്‍ത്ഥികളുടെ മാനവികപക്വതയും, ആത്മീയസവിശേഷതകളും, അപ്പസ്തോലിക തീകഷ്ണതയും, ബൗദ്ധികകഴിവുകളും പരിപ്പോഷിപ്പിക്കണ്ടതിന്‍െറ ആവശ്യകത അടിവരയിട്ട് പ്രസ്താവിച്ച പാപ്പാ അതിന്‍െറ പ്രഥമപ്രയോജനം അവര്‍ക്ക് തന്നെയാണെന്നും, അപ്രകാരം സജ്ജമാകുന്നതിലൂടെ മാത്രമേ തങ്ങളുടെ ഉത്തരവാദിത്വത്തിന് ഭാവിയില്‍ ഭരമേല്പിപ്പിക്കപ്പെടുന്നവരെ ക്രൈസ്തവോചിതമായ വിധത്തില്‍ നയിക്കാനാവൂയെന്നും ചൂണ്ടിക്കാട്ടി. മറ്റൂള്ളവര്‍ ലോകത്തെ കീഴടക്കാന്‍ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ഉപാധികളോ, സാമ്പത്തികസ്രോതസ്സോ, ആയുധമോ വൈദികന് ഇല്ല. തന്നെ ശക്തിപ്പെടുത്തുന്നവനായ ദൈവം നല്‍കുന്ന ശക്തിയും, ഉപാധികളും ഉപയോഗിച്ച് തന്‍െറ ദൗത്യം നിര്‍വഹിക്കുന്നതിന് വൈദികന്‍െറ സ്വാഭാവികശക്തികള്‍ നിര്‍വീര്യമാക്കപ്പെടണമെന്ന പാരീസ് അതിരുപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന എമ്മാനുവേല്‍ സുഹാര്‍ഡിന്‍െറ വാക്കുകള്‍ പ.പിതാവ് ഉദ്ധരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഫ്രഞ്ചു സെമ്മിനാരിയിലെ അദ്ധ്യാപകരെയും വൈദികവിദ്യാര്‍ത്ഥികളെയും വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. 1853ല്‍ HOLY SPIRIT സന്ന്യാസസമൂഹം ആരംഭിച്ച റോമിലെ പൊന്തിഫിക്കല്‍ ഫ്രഞ്ചു സെമ്മിനാരി ഇതിനകം 4800 വൈദികര്‍ക്ക് പരിശീലനമേകിയിട്ടുണ്ട്. ഫ്രാന്‍സിലെ 60 മെത്രാന്‍മാര്‍ അവിടെ പരിശീലനം നേടിയവരാണ്. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമെ ഒന്നാമനും അവിടെ പരിശീലനം നേടിയ ഒരു വ്യക്തിയാണ്.







All the contents on this site are copyrighted ©.