2009-06-02 15:37:52

പീയൂസ് പന്ത്രണ്ടാമന്‍ പാപ്പാ ആയിരക്കണക്കിന് യഹുദരെ രക്ഷിച്ചെന്ന്, കര്‍ദ്ദിനാള്‍ കമില്ലോ റൂയിനി


 നാസ്സികള്‍ നടത്തിയ കുട്ടക്കുതിയില്‍ നിന്നു് ആയിരക്കണക്കിന് യഹുദരെ രക്ഷിച്ച ഒരു വലിയ മനുഷ്യസ്നേഹിയാണ് പന്ത്രണ്ടാം പീയൂസ് പാപ്പായെന്ന്, റോം രുപതയ്ക്കായുള്ള പാപ്പായുടെ മുന്‍ വികാരി കര്‍ദ്ദിനാള്‍ കമില്ലോ റൂയിനി. ഒരു യുവാവെന്ന നിലയിലും, സെമ്മിനാരിവിദ്യാര്‍ത്ഥിയെന്ന നിലയിലും താന്‍ ആ പാപ്പായെ നന്നായി ഓര്‍ക്കുന്നുവെന്ന് വത്തിക്കാന്‍െറ അര്‍ദ്ധൗദ്യോഗിക ദിനപത്രമായ ഒസര്‍വത്തോറെ റൊമാനെയ്ക്കായി നല്‍കിയ ഒരുലേഖനത്തില്‍ എഴുതുന്നയദ്ദേഹം അതില്‍ ഇപ്രകാരം തുടരുന്നു- അക്കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളിലും, സഭാസമൂഹങ്ങളിലും അല്ല രാഷ്ട്രസമൂഹങ്ങളില്‍ പോലും പാപ്പാ ആരാധ്യനായ ഒരു വ്യക്തിയായിരുന്നു. കഴിയുന്നത്ര യഹുദരെ നാസ്സികളുടെ പിടിയില്‍ നിന്ന് രക്ഷിക്കുവാന്‍ പാപ്പാ നടത്തിയ പരിശ്രമങ്ങളെ പറ്റി എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇന്നത്തെ പോലെ അതിനെതിരായി യഹുദര്‍ ഉള്‍പ്പെടെ ആരും ഒരു വിമര്‍ശനവും നടത്തിയിട്ടില്ല. പാപ്പാ യഹുദരെ രക്ഷിക്കുന്നതിന് നടത്തിയ പരിശ്രമങ്ങളെ എല്ലാവരും ആദരിക്കുകയും, പ്രശംസിക്കുകയൂം ചെയ്തിരുന്നു. പ.പിതാവിന്‍െറ വ്യക്തമായ അറിവോടും, അനുവാദത്തോടും കുടിയാണ് പല വൈദികരും, സന്യാസസമൂഹങ്ങളും, സഭാസമൂഹങ്ങളും യഹുദരെ നാസ്സികളുടെ പിടിയില്‍ നിന്ന് രക്ഷിക്കുവാന്‍ അന്ന് സന്നദ്ധമായത്. അല്ലെങ്കില്‍ അവര്‍ അതിന് ഒരിക്കലും ധൈര്യപ്പെടുകയില്ലായിരുന്നു. യഹുദര്‍ക്ക് എതിരായ നാസ്സികളുടെ ക്രൂരയ്ക്ക് എതിരായി പാപ്പാ മൗനം പാലിച്ചെന്ന് ഇന്ന് ചില കോണുകളില്‍ നിന്നുയരുന്ന ആരോപണങ്ങള്‍ ഉണ്ടാകുമെന്ന് അന്നാര്‍ക്കും സ്വപ്നത്തില്‍ പോലും ചിന്തിക്കുവാന്‍ സാധിക്കുമായിരുന്നില്ല. കാരണം പാപ്പാ യഹുദരുടെ രക്ഷാര്‍ത്ഥം വളരെ പ്രവര്‍ത്തിച്ചെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു വസ്തുതയായിരുന്നു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ റൂയിനി പന്ത്രണ്ടാമന്‍ പീയൂസ് പാപ്പായും രണ്ടാം വത്തിക്കാന്‍ സൂനഹദോസും തമ്മിലുള്ള ബന്ധം ആ ലേഖനത്തില്‍ ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു. പാപ്പായുടെ ദൈവശാസ്ത്രചിന്തകള്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ഒരു വലിയ നിമിത്തമായിട്ടുണ്ട്. അദ്ദേഹത്തിന്‍െറ പാപ്പാസ്ഥാനം പില്‍ക്കാലവുമായി അഭേദ്യം ബന്ധപ്പെട്ടതാണ്. അക്കാലത്തും, പിന്നിടും ജീവിക്കുവാന്‍ സാധിച്ച ഞങ്ങളുടെ തലമുറയ്ക്കു് അത് വളരെ വ്യക്തമായി അറിയാം. ക്രിസ്തുവിനോടും, മാനവകുലത്തോടും ഉണ്ടായിരുന്ന പാപ്പായുടെ ആഴമായ പ്രതിബദ്ധതയുടെയും, സമര്‍പ്പണചൈതന്യത്തിന്‍െറയും സാക്ഷൃവും ആര്‍ക്കും നിരാകരിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്.







All the contents on this site are copyrighted ©.