2009-06-02 15:43:31

പ.കുര്‍ബാന ദൈവത്തിലെ വിശ്വാസത്തെ അനുദിനജീവിതവുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായിരിക്കണമെന്ന്, ഏഷ്യയിലെ ദൈവശാസ്ത്രജ്ഞന്മാര്‍.


സഭയുടെ ജീവിതത്തിന്‍െറയും, ദൗത്യത്തിന്‍െറയും കേന്ദ്രമായ പ.കുര്‍ബാന ദൈവത്തിലെ വിശ്വാസത്തെ അനുദിനജീവിതവുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായിരിക്കണമെന്ന് അടുത്തയിട ദക്ഷിണ കൊറിയായിലെ സോളില്‍ നടന്ന ദൈവവിജ്ഞാനീയസമ്മേളനത്തിന്‍െറ സമാപനരേഖ ശുപാര്‍ശ ചെയ്യുന്നു. ‘പ.കുര്‍ബാനയും, സമൂഹവും എല്ലാ അതിര്‍വേലികള്‍ക്കും അതീതം’ എന്ന വിഷയത്തെ അധികരിച്ച ആ സമ്മേളനത്തില്‍ പതിനൊന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ദൈവശാസ്ത്രജ്ഞമാരും,, മെത്രാന്മാരും, മിഷ്യനറിമാരും ഉള്‍പ്പെടെ ഏതാണ്ടു തൊണൂറു പേര്‍ സംബന്ധിച്ചു. ആഗസ്റ്റ് 10 മുതല്‍ 16 വരെ തീയതികളില്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ നടക്കുന്ന ‘ഏഷ്യയില്‍ പ.കുര്‍ബാന ജീവിക്കുക’ എന്ന ആദര്‍ശ പ്രമേയത്തെ അധികരിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ സഖ്യത്തിന്‍െറ FABC യുടെ ഒന്‍പതാം സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍െറ തയ്യാറെടുപ്പെന്ന നിലയിലായിരുന്നു ആ കോണ്‍ഫ്രറന്‍സ്. അതിനെ അഭിസംബോധന ചെയ്ത എല്ലാ പ്രഭാഷകരും സഭയുടെ ജീവിതത്തിലെയും, ഓരോ കത്തോലിക്കന്‍െറ ജീവിതത്തിലെയും പ.കുര്‍ബാനയുടെ പ്രസക്തിയും, മൂല്യവും അടിവരയിട്ട് ചൂണ്ടിക്കാട്ടി. ദിവ്യബലിയര്‍പ്പണത്തില്‍ വിശ്വാസസമൂഹത്തിന്‍െറ ബോധപൂര്‍വ്വകവും, സജീവവും ആയ പങ്കാളിത്വത്തിന്‍െറ പ്രധാന്യം ഊന്നിപറഞ്ഞ മുഖ്യപ്രഭാഷകനായ ഈശോസഭാവൈദികന്‍ മൈക്കിള്‍ അമലദാസ് വൈദികനും, അള്‍ത്താരശുശ്രൂഷിയും വിശ്വാസസമൂഹത്തിന്‍െറ സേവകരാണെന്ന് പ്രസ്താവിച്ചു. വിശ്വാസികളുടെ ജീവിതത്തിലെ പ.കുര്‍ബാനയുടെ കേന്ദ്രസ്ഥാനം വിശദീകരിക്കുന്ന സമ്മേളനത്തിന്‍െറ സമാപനരേഖ ഏഷ്യയിലെ സഭാദൗത്യത്തിലെ മുഖ്യചാലകശക്തിയായി പ.കുര്‍ബാനയെ കാണുവാനും, ഉപയോഗിക്കുവാനും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.