2009-05-30 17:14:49

പതിനാറാം ബനഡിക്ട് മാര്‍പാപ്പ സെപ്റ്റംബറില്‍ ചെക്ക് റിപ്പബ്ലിക്ക് സന്ദര്‍ശിക്കും.


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ സെപ്റ്റംബര്‍ 26-28 തീയതികളില്‍ ചെക്ക് റിപ്പബ്ലിക്കില്‍ ഇടയ സന്ദര്‍ശനം നടത്തുമെന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.
ആ രാഷ്ട്രത്തിന്‍റെ പ്രസിഡണ്ടിന്‍റെയും രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരുടെ സംഘത്തിന്‍റെയും ക്ഷണം സ്വീകരിച്ചു നടത്തുന്ന ഈ അപ്പസ്തോലിക പര്യടനത്തില്‍ പാപ്പാ പ്രാഗ്, ബ്രണോ, സ്താറാ ബൊലേസ്ലാവ് എന്നീ പട്ടണങ്ങള്‍ സന്ദര്‍ശിക്കുമെന്നു പ്രസ്സ് ഓഫീസിന്‍റെ ഒരു ഹ്രസ്വ വിജ്ഞാപനത്തില്‍ കാണുന്നു.
ചെക്ക് റിപ്പബ്ലിക്കിന്‍റെ പ്രസിഡണ്ട് വത്സലാവ് ക്ലോസിനെയും പത്നിയെയും മറ്റ് ഏതാനും അനുചരരെയും ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ അന്നു വത്തിക്കാനില്‍ കുടികാഴ്ചയ്ക്കു സ്വികരിച്ചിരുന്നു. മാര്‍പാപ്പയുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം ചെക്ക് പ്രസിഡണ്ട് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ചീസിയൊ ബര്‍ത്തോണെ, വത്തിക്കാന്‍റെ വിദേശ ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മമ്പേര്‍ത്തി എന്നിവരുമായും സംഭാഷണം നടത്തിയെന്നു കുടികാഴ്ചകളെപ്പറ്റി പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ച ഒരു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെക്ക് റിപ്പബ്ലിക്കും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍, യൂറോപ്പിന്‍റെ, സാംസ്കാരികവും, ആദ്ധ്യാത്മികവും, ക്രിസ്തീയവുമായ പൈതൃകത്തിന്‍റെ പ്രാധാന്യത്തിന്‍റെ വെളിച്ചത്തില്‍ പരിഗണിക്കുമ്പോഴുള്ള, ഭാവി എന്നിവ അവരുടെ സവിശേഷ ശ്രദ്ധ പതിഞ്ഞ വിഷയങ്ങളായിരുന്നുവെന്നു വാര്‍ത്താക്കുറിപ്പു വെളിപ്പെടുത്തുന്നു. സെപ്റ്റംബറില്‍ ചെക്ക് റിപ്പബ്ലിക്കില്‍ അപ്പസ്തോലിക പര്യടനം നടത്താനുള്ള മാര്‍പാപ്പയുടെ തീരുമാനത്തില്‍ പ്രസിഡണ്ട് ക്ലോസ് അതീവ സന്തുഷ്ടി പ്രകടിപ്പിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ കാണുന്നു.







All the contents on this site are copyrighted ©.