2009-05-22 16:09:53

പാപ്പാ വിശുദ്ധനാട്ടില്‍ പ്രത്യാശയുടെ വിത്ത് വിതച്ചെന്ന്, അവിടത്തെ സഭാനേതാക്കമാര്‍


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തന്‍െറ വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനവേളയില്‍ സുവിശേഷത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യാശയുടെ വിത്ത് വിതച്ചുവെന്ന് ജറുസലെമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് ഫൂയാദ് തുവാല്‍ ഒസര്‍വത്തേറെ റോമാനൊയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ പ്രസ്താവിച്ചു. അത് വളര്‍ന്ന് സമാധാനത്തിന്‍െറയും, അനുരഞ്ജനത്തിന്‍െറയും, ഐക്യത്തിന്‍െറയും ഫലം പുറപ്പെടുവിക്കുന്നതിന് പരിശ്രമിക്കുക അവിടത്തെ ചെറിയ അജഗണത്തിന്‍െറ ഇടയന്മാരായ തങ്ങളുടെ ദൗത്യമാണെന്ന് പ്രസ്താവിച്ചയദ്ദേഹം തുടര്‍ന്നു- എല്ലാത്തിനുമുപരി പാപ്പാ ഞങ്ങള്‍ക്ക് ബോധ്യങ്ങളും, ധൈര്യവും നല്‍കി. ഞങ്ങള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. വിതയ്ക്കപ്പെട്ടവ വളര്‍ന്ന് ഫലം പുറപ്പെടുവിക്കാന്‍ ക്ഷമയോടെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കണം. വിശുദ്ധനാട്ടില്‍ സങ്കീര്‍ണ്ണകമായ പരിതോവസ്ഥയാണെങ്കിലും അതിനെ അതിജീവിച്ച് അവിടെ തുടരാന്‍ പ.പിതാവ് അവിടത്തെ ക്രൈസ്തവരെ ആഹ്വാനം ചെയ്തു. കാരണം ആ വിശുദ്ധ സ്ഥലങ്ങള്‍ കുരിശിന്‍െറ സ്ഥലങ്ങളുമാണ്. അതൊരു വെല്ലുവിളിയാണ്. നാടകീയമായ വിധത്തില്‍ തന്നെ അവ നേരിടണം. വിശുദ്ധ നാടിന്‍െറ സംരക്ഷണചുമതലയുള്ള ഫ്രന്‍സിസ്ക്കന്‍ സമൂഹാംഗമായ ഫാദര്‍ പിയര്‍ബത്തിസ്താ പിസ്ഥാബാല്ലാ മതാന്തരപശ്ചാത്തലത്തില്‍ യഹുദരോടും മുസ്ലിങ്ങളോടും എങ്ങനെ വ്യക്തതയോടെ സംസാരിക്കണമെന്ന് പാപ്പായ്ക്കു് അറിയാമായിരുന്നുവെന്ന് ഒസര്‍വത്തോറെ റോമാനെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യക്തികളുടെ ഔന്നിത്യത്തിലും, സ്വാതന്ത്ര്യം അനുവദിക്കുന്ന ബന്ധങ്ങളിലും, പരസ്പരധാരണയിലും അധിഷ്ഠിതമായ സമാധാനത്തിനായി ഇപ്പോള്‍ ഞങ്ങള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അതിനു് സമയമാവശ്യമാണ്. സമാധാനം സാധ്യമാണെന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു പാപ്പായുടെ സന്ദര്‍ശനം. സമാധാനം ഒരു സങ്കല്പമല്ല. മറിച്ച് ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണെങ്കില്‍ നമ്മുക്ക് നേടിയെടുക്കാവുന്ന ഒരു യഥാര്‍ത്ഥ്യമാണത്.

 







All the contents on this site are copyrighted ©.