2009-05-19 07:42:41

ശ്രീലങ്കയില്‍ അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ദിനം എത്രയും പെട്ടന്നു സമാഗതമാകുന്നതിനു മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നു.


വടക്ക൯ ശ്രീലങ്കയിലെ അഭയാര്‍ത്ഥികളുടെ അടിയന്തര ഭക്ഷൃ, വൈദ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു സാധ്യമായതെല്ലാം ചെയ്യാ൯ പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഉപവി സംഘടനകളെ, വിശിഷ്യ കത്തോലിക്ക ജീവകാരുണ്യ സംഘടനകളെ, ആഹ്വാനംചെയ്തു. പ്രിയപ്പെട്ട ആ രാജ്യത്തെ താ൯, ശ്രീലങ്ക൯ജനത മുഴുവ൯ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്ന, മഥുവിലെ പരിശുദ്ധ കന്യകയുടെ മാതൃനിര്‍വ്വിശേഷ സംരക്ഷണത്തിനു സമര്‍പ്പിക്കുന്നുവെന്നു പാപ്പാ അറിയിച്ചു. ആ രാജ്യത്തു അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ദിനം എത്രയും പെട്ടെന്ന് ഉദിക്കുന്നതിനുവേണ്ടി താ൯ ദൈവത്തോടു പ്രാത്ഥിക്കുന്നുവെന്നും ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ വെളിപ്പെടുത്തി.
വിശുദ്ധ നാട്ടിലെ എട്ടു ദിവസം നീണ്ട അപ്പസ്തോലിക തീര്‍ത്ഥാടനം കഴിഞ്ഞു വെള്ളിയാഴ്ച വത്തിക്കാനില്‍ തിരിച്ചെത്തിയ മാര്‍പാപ്പ സെന്‍റ്പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ സമ്മേളിച്ച ആയിരക്കണക്കിനു തീര്‍ത്ഥാടകരോടും സന്ദര്‍ശകരോടുമൊത്തു ത്രികാലപ്രാര്‍ത്ഥന ചൊല്ലിയതിനുമുമ്പു നടത്തിയ പ്രഭാഷണത്തിലാണു ഇവ പറഞ്ഞത്.
ശ്രീലങ്കയെപ്പറ്റി ചിന്തിക്കാതെയും ആ രാജ്യത്തിന്‍റെ വടക്ക൯ പ്രദേശത്തെ യുദ്ധമേഖലയില്‍ കുടുങ്ങിയിരിക്കുന്ന സാധാരണജനങ്ങളെ തന്‍റെ അനുകമ്പയും ആത്മീയ സാന്നിദ്ധ്യവും അറിയിക്കാതെയും ആ മരിയ൯ പ്രാര്‍ത്ഥന അവസാനിപ്പിക്കാ൯ തനിക്കു കഴിയുമായിരുന്നില്ല എന്നു ബനഡിക്ട് പതിനാറാമ൯ പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. യുദ്ധം ജീവിതത്തിന്‍റെയും പ്രത്യാശയുടെയും നിരവധി വര്‍ഷങ്ങള്‍ കവര്‍ന്നെടുത്ത ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും ആ രാജ്യത്തുണ്ടെന്നു മാര്‍പാപ്പ അനുസ്മരിച്ചു.
വിശുദ്ധ നാട്ടിലെ തന്‍റെ തീര്‍ത്ഥാടനം അവിടെ അധിവസിക്കുന്ന വിശ്വാസികളുടെ മദ്ധ്യത്തിലെ ഇടയ സന്ദര്‍ശനവും, ക്രൈസ്തവൈക്യം, യഹൂദരും മുസ്ലീങ്ങളുംമായുള്ള സംവാദം, സമാധാന സ്ഥാപനം എന്നിവയ്ക്കു ഒരു സേവനവുമായിരുന്നെന്നു പതിനാറാം ബനഡിക്ട് പാപ്പാ അറിയിച്ചു. "വിശുദ്ധ നാട് ദൈവത്തിനു തന്‍റെ ജനത്തോടും മനുഷ്യകുലംമുഴുവനോടുമുള്ള സ്നേഹത്തിന്‍റെ ചിഹ്നമാണ്", മാര്‍പാപ്പ തുടര്‍ന്നു; "തന്‍റെ മക്കള്‍ അനുഭവിക്കണമെന്നു ദൈവം അഭിലഷിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും അടയാളവുമാണ് വിശുദ്ധ നാട്. എന്നാല്‍, വാസ്തവത്തില്‍, ഗതകാലത്തെയും ഇന്നലെത്തെയും ഇന്നത്തെയും ചരിത്രം കടകവിരുദ്ധമായി, ഭിന്നതകളുടെയും സഹോദരങ്ങള്‍ തമ്മിലുള്ള അവസാനിക്കാത്ത സംഘര്‍ങ്ങളുടെയും ചിഹ്നമായിട്ട്, ആണ് ആ നാടിനെ വരച്ചുകാട്ടുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?. ഈ ചോദ്യം നമ്മുടെ ഹൃദയത്തിലേക്കു പ്രവേശിക്കേണ്ടിയിരിക്കുന്നു. കാരണം ആ നാടിനെസംബന്ധിച്ച ദൈവത്തിന്‍റെ പദ്ധതി നിഗൂഢമാണ്. വിശുദ്ധ യോഹന്നാ൯ രേഖപ്പെടുത്തുന്നതുപോലെ ദൈവം "സ്വപുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി അയച്ചു" (1യോഹ. 4,10). വിശുദ്ധ നാട് "അഞ്ചാം സുവിശേഷ"മായിട്ടാണ് അറിയപ്പെടുന്നത്. കാരണം ദൈവം മനുഷ്യനോടൊത്തു, അബ്രാഹത്തിന്‍റ‍െ ജീവിതത്തോടു ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആരംഭിച്ച്, യേശുവിന്‍റെ ജീവിതത്തിലെ, അവിടുത്തെ മനുഷ്യാവതാരംമുതല്‍ പുനരുത്ഥാനത്തിന്‍റെ അടയാളമായ ശൂന്യമായ കല്ലറവരെയുള്ള, ഇടങ്ങളില്‍, സാക്ഷാല്‍ക്കരിച്ച ചരിത്രത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവിടെ ദര്‍ശിക്കാ൯, അവയെ സ്പര്‍ശിക്കാന്‍തന്നെ, നമുക്കു സാധിക്കുന്നു. അതേ, ദൈവം ആ നാട്ടിലേക്കു കടന്നുവന്നു, നമ്മോടൊത്ത് ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ വിശുദ്ധ നാടിനെപ്പറ്റി നമുക്കു കുടുതലായി പറയാന്‍ കഴിയും: മനുഷ്യകുലത്തോടൊത്തുള്ള ദൈവത്തിന്‍റെ ആയാസകരമായ പ്രയാണത്തെ അതില്‍ത്തന്നെ സംക്ഷേപിക്കുന്ന ഒരു സൂക്ഷ്മപ്രപഞ്ചമായി, അതിന്‍റെ ചരിത്രത്താല്‍ത്തന്നെ, പരിഗണിക്കപ്പെടാവുന്നതാണ് വിശുദ്ധ നാട്".







All the contents on this site are copyrighted ©.