2009-05-09 18:36:05

കത്തോലിക്കാസഭ ഒരു രാഷ്ട്രീയ ശക്തിയല്ല, മറിച്ച് ഒരു ആദ്ധ്യാത്മിക ശക്തിയാണെന്നു ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ.


കത്തോലിക്കാസഭ ഒരു രാഷ്ട്രീയ ശക്തിയല്ല, പ്രത്യുത, ഒരു ആദ്ധ്യാത്മിക ശക്തിയാണെന്നു പാപ്പാ. ഈ ആദ്ധ്യാത്മിക ശക്തി സമാധാന സ്ഥാപന പ്രക്രിയയുടെ പുരോഗതിയ്ക്കു സംഭാവന നല്‍കാ൯ കെല്‍പ്പുറ്റ ഒരു യാഥാര്‍ത്ഥ്യമാണെന്നു മാര്‍പാപ്പ കുട്ടിച്ചേര്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച റോമില്‍നിന്നു ജോര്‍ദാന്‍റെ തലസ്ഥാനമായ അമ്മാനിലേക്കു യാത്രചെയ്യവേ വിമാനത്തില്‍വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഇവ പറഞ്ഞത്. സമ്മേളനത്തില്‍ ഒരു വാര്‍ത്താപ്രതിനിധി പാപ്പായോട്, "ഇന്നു മന്ദഗതിയിലായിരിക്കുന്ന സമാധാന പ്രക്രിയ ധ്വരിതപ്പെടുത്തുന്നതിനു സംഭാവന നല്കാ൯ അങ്ങേയ്ക്കു കഴിയുമെന്ന് കരുതുന്നുണ്ടോ?" എന്ന ചോദ്യത്തിനു മറുപടിയായിട്ടാണു മാര്‍പാപ്പ ഇതു പറഞ്ഞത്.
പാപ്പാ തന്‍റെ മറുപടി ഇങ്ങനെയാണ് ആരംഭിച്ചത്: "തീര്‍ച്ചയായും. സമാധാനത്തിനു സംഭാവന നല്കാ൯ ഞാ൯ ഉദ്ദേശിക്കുന്നു. എന്നാല്‍ അത് ഒരുവ്യക്തി എന്നനിലയിലല്ല, പ്രത്യുത കത്തോലിക്കാസഭയുടെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും നാമത്തിലാണ്. ഈ സംഭാവന നല്കേണ്ട മൂന്നു തലങ്ങള്‍ ഞാ൯ കാണുന്നു", പതിനാറാം ബനഡിക്ട് മാര്‍പാപ്പ വിശദീകരിച്ചു. "അതില്‍ ഒന്നാമത്തേതു പ്രാര്‍ത്ഥനയുടെ തലമാണ്. പ്രാര്‍ത്ഥന ഒരു യഥാര്‍ത്ഥ ശക്തിയാണെന്ന്, വിശ്വാസികള്‍ എന്ന നിലയില്‍, ഞങ്ങള്‍ക്ക് ഉത്തമ ബോദ്ധ്യമുണ്ട്. പ്രാര്‍ത്ഥന ലോകത്തെ ദൈവത്തിനായി തുറക്കുന്നു: ദൈവം പ്രാര്‍ത്ഥന ശ്രവിക്കുന്നുവെന്നും ചരിത്രത്തില്‍ പ്രവര്‍ത്തിക്കാ൯ അവിടുത്തേക്കു കഴിയുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്. വിശ്വാസികളായ ജനകോടികള്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍, അതു തീര്‍ച്ചയായും സമാധാന വര്‍ദ്ധനവിന് പ്രോത്സാഹനവും സംഭാവനയുമായിരിക്കും.
ഞങ്ങള്‍ സംഭാവന നല്കാ൯ അഭിലഷിക്കുന്ന രണ്ടാമത്തെ മേഖല മനസ്സാക്ഷി രൂപവല്‍ക്കരണത്തിന്‍റേതാണ്. സത്യം ഗ്രഹിക്കാ൯ മനുഷ്യനെ പ്രാപ്തനാക്കുന്നതാണു മനസ്സാക്ഷി. എന്നാല്‍ പലപ്പോഴും, പ്രത്യേകിച്ചു സ്ഥാപിത താല്പര്യങ്ങള്‍, മനുഷ്യന്‍റെ ഈ കഴിവിനെ തളച്ചിടുന്നു. ഇത്തരം താല്പര്യങ്ങളില്‍നിന്നു അവനെ വിമുക്തനാക്കുകയും സത്യത്തിനും യഥാര്‍ത്ഥ മൂല്യങ്ങള്‍ക്കും ഉന്മുഖനാക്കുകയും ചെയ്യുക എന്നത് ആയാസകരമായ ഒരു ജോലിയാണ്. യഥാര്‍ത്ഥ മാനദണ്ഡം, യഥാര്‍ത്ഥ മൂല്യങ്ങള്‍ എന്നിവ ഗ്രഹിക്കാ൯ ഒരു വ്യക്തിയെ സഹായിക്കുകയും പ്രത്യേക താല്പര്യങ്ങളില്‍നിന്ന് സ്വതന്ത്രനാക്കുകയും ചെയ്യുക സഭയുടെ കടമയാണ്.
മൂന്നാമത്തെ മണ്ഡലം യുകതിയുടേതാണ്. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാലും, ഞങ്ങള്‍ക്കു വിശ്വാസത്തിന്‍റെ പ്രകാശം ഉള്ളതിനാലും യഥാര്‍ത്ഥ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാനും സമാധാന സ്ഥാപനത്തിനു സഹായകങ്ങളായവ മനസ്സിലാക്കാ൯ മറ്റുള്ളവരെ സഹായിക്കാനും, അതുപോലെ യഥാര്‍ത്ഥമായും യുക്തിപൂര്‍വ്വങ്ങളായ നിലപാടുകളെ പിന്തുണയ്ക്കാനും സാധിക്കുന്നു. ഇതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നതും ഇപ്പോഴും ഭാവിയിലും ചെയ്യാ൯ ഞങ്ങള്‍ അഭിലഷിക്കുന്നതും."
 







All the contents on this site are copyrighted ©.