2009-05-09 17:11:43

ഒരു തീര്‍ത്ഥാടകനായിട്ടാണ് താ൯ ജോര്‍ദാനിലെത്തിയിരിക്കുന്നതെന്നു മാര്‍പാപ്പ.


ബൈബിള്‍ സംബന്ധിയായ ചരിത്രത്തിലെ നിര്‍ണ്ണായകങ്ങളായ ചില സംഭവങ്ങളില്‍ സുപ്രധാന പങ്കു വഹിച്ച പുണ്യസ്ഥലങ്ങളെ വണങ്ങുന്നതിന് ഒരു തീര്‍ത്ഥാടകനായിട്ടാണ് താ൯ ജോര്‍ദാനില്‍ എത്തിയതെന്നു പതിനാറാം ബനഡിക്ട് മാര്‍പാപ്പ അറിയിച്ചു. മോശ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്ത നേബോ മല, സ്നാപകയോഹന്നാ൯ പ്രസംഗിക്കുകയും യേശുവിനു സാക്ഷൃം നല്കുകയും, അവിടുത്തെ, രാജ്യത്തിന്‍റെ പേരിനു നിദാനമായ, ജോര്‍ദാ൯ നദിയില‍െ ജലത്തില്‍ സ്നാനപ്പെടുത്തുകയും ചെയ്ത ജോര്‍ദാന്‍റെ മറുകര എന്നീ സ്ഥലങ്ങള്‍ തന്‍റെ അപ്പസ്തോലിക തീര്‍ത്ഥാടന അജണ്ടയില്‍പ്പെടുന്നുവെന്നു പാപ്പ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ചരിത്രത്തില്‍ സമ്പന്നവും നിരവധി പൗരാണിക സംസ്കാരങ്ങളുടെ ഈറ്റില്ലവും, യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ മതാത്മകമായി അര്‍ത്ഥസാന്ദ്രവുമായ ആ രാജ്യത്തു കാലുകുത്തിയിരിക്കുന്നതില്‍ താ൯ ഏറെ സന്തുഷ്ടാണെന്നു ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ വെളിപ്പെടുത്തി.
ജോര്‍ദാന്‍റെ തലസ്ഥാനനഗരിയായ അമ്മാനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.30-ന് വിമാനമിറങ്ങിയ പാപ്പ വിമാനത്താവളത്തില്‍ നടന്ന സ്വീകരണ സ്വാഗത ചടങ്ങുകളില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു. അമ്മാനിലെത്തിയ മാര്‍പാപ്പയെ ജോര്‍ദാന്‍റെ രാജാവ് അബ്ദുള്ള രണ്ടാമ൯ ബി൯ അല്‍-ഹുസൈനും രാജ്ഞി റാണിയായും ചേര്‍ന്നു സ്വീകരിച്ചു. ജോര്‍ദാന്‍റെ സൈന്യം പാപ്പായ്ക്ക് ഉപചാരം അര്‍പ്പിച്ചു; പേപ്പല്‍ ഗാനവും തുടര്‍ന്നു ജോര്‍ദ്ദാന്‍റെ ദേശിയ ഗാനവും ആലപിക്കപ്പെട്ടു. ഈ ചടങ്ങുകള്‍ക്കുശേഷം അബ്ദുള്ള ബിന്‍ ഹുസൈ൯ രാജാവ് പതിനാറാം ബനഡിക്ടു മാര്‍പാപ്പയെ ജോര്‍ദാനിലേക്കു ഔപചാരികമായി സ്വാഗതം ചെയ്തുകൊണ്ടു പ്രസംഗിച്ചു. തുടര്‍ന്നു പാപ്പ മറുപടി പറഞ്ഞു.
ജോര്‍ദാനിലെ കത്തോലിക്കാ സമൂഹം അനുഭവിക്കുന്ന മതസ്വാതന്ത്ര്യം ആ രാഷ്ട്രത്തിനു മതത്തോടുള്ള മതിപ്പിന്‍റെ അടയാളമായി വ്യാഖ്യാനിച്ച പാപ്പാ ആ തുറവിനെ നാട്ടിലെ കത്തോലിക്കാ വിശ്വാസികളുടെ നാമത്തില്‍ ശ്ലാഘിച്ചു, തന്‍റെ മറുപടി പ്രസംഗത്തില്‍. "മതസ്വാതന്ത്ര്യം, തീര്‍ച്ചയായും, മൗലികമായ ഒരു മനുഷ്യാവകാശമാണ്", മാര്‍പാപ്പ തുടര്‍ന്നു. ഏതോരു പുരുഷന്‍റെയും സ്ത്രീയുടെയും, അന്യാധീനപ്പെടുത്താനാവാത്ത, ആ അവകാശം പശ്ചിമേഷ്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഉപര്യുപരി ഊട്ടിയുറപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നു ഞാ൯ പ്രത്യാശിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ജോര്‍ദാനിലെ എന്‍റെ സന്ദര്‍ശനം മുസ്ലീംസമൂഹത്തോട് എനിക്കുള്ള ആഴമായ ആദരവിനെപ്പറ്റി സംസാരിക്കുന്നതിനു സമുചിതമായ അവസരമൊരുക്കുന്നു. എന്‍റെ സന്ദര്‍ശനവും അതുപോലെ, ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ ഊട്ടിവളര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളും സര്‍വ്വശക്തനും കാരുണികനുമായ ദൈവത്തോടുള്ള സ്നേഹത്തിലും അന്യോന്യമുള്ള സഹോദരപരമായ സ്നേഹത്തിലും വളരുന്നതിനു സഹായിക്കുമെന്ന് ഞാ൯ പ്രതീക്ഷിക്കുന്നു" പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്‍റെ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.







All the contents on this site are copyrighted ©.