2009-05-06 15:08:06

വിശുദ്ധ നാട്ടില‍െ തന്‍റെ സന്ദര്‍ശനം സമാധാനത്തിന്‍റെ ഒരു തീര്‍ത്ഥാടനം ആയിരിക്കുമെന്നു മാര്‍പാപ്പ.


സമാധാനത്തിന്‍റെ ഒരു തീര്‍ത്ഥാടകനായിട്ടായിരിക്കും താ൯ ജോര്‍ദാനും ഇസ്രയേലും പലസ്തീ൯ പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതെന്നു പതിനാറാം ബനഡിക്ട് മാര്‍പാപ്പ. ആ സ്ഥലങ്ങളിലെ ജനങ്ങളോടൊപ്പമായിരിക്കുന്നതിനും അവരുടെ ആശകളിലും പ്രത്യാശകളിലും, അതുപോലെ, വേദനകളിലും വിഷമതകളിലും പങ്കുചേരുന്നതിനും താ൯ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണെന്നും പാപ്പാ അറിയിച്ചു.
പതിവുപോലെ ബുധനാഴ്ച അനുവദിച്ച പൊതുദര്‍ശനത്തിന്‍റെ അവസാനം ജോര്‍ദാനിലെയും ഇസ്രയേലിലെയും പലസ്തീ൯ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് റേഡിയോ,ടെലവിഷ൯ മാധ്യമങ്ങളിലൂടെ നല്കിയ ഒരു പ്രത്യേക സന്ദേശത്തിലാണു മാര്‍പാപ്പ ഇവ അറിയിച്ചത്. ബനഡിക്ട് പതിനാറാമ൯ പാപ്പാ തന്‍റെ സന്ദേശത്തില്‍ തുടര്‍ന്ന് ഇപ്രകാരം പറയുന്നു:"യേശുവിന്‍റെ ജീവിതത്താല്‍ പവിത്രീകരിക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ആ സ്ഥലങ്ങളില്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കും വിശുദ്ധ നാട്ടിലെയും മദ്ധ്യ പൂര്‍വ്വ ദേശത്തെയും എല്ലാ കുടുംബങ്ങള്‍ക്കും സമാധാനം ‍‍‍‍ഐക്യം എന്നീ ദാനങ്ങള്‍ പ്രാര്‍ത്ഥിക്കുകയുമാണ് എന്‍റെ പ്രഥമ ഉദ്ദേശ്യം. ഒരാഴ്ചത്തെ ഈ അപ്പസ്തോലിക പര്യടനത്തിലെ മതാത്മകങ്ങളും പൊതുവുമായ നിരവധി സമ്മേളനങ്ങളില്‍ മുസ്ലീം, യഹൂദ സമൂഹങ്ങളുടെ പ്രതിനിധികളുമായുള്ള കൂടികാഴ്ചകളും ഉള്‍പ്പെടുന്നു. ആ പ്രദേശത്തെ കത്തോലിക്കരെ വിശേഷവിധിയായി ഹാര്‍ദ്ദവമായി ഞാ൯ അഭിവാദനം ചെയ്യുകയും എന്‍റെ സന്ദര്‍ശനം വിശുദ്ധ നാട്ടില്‍ അധിവസിക്കുന്ന എല്ലാ ജനങ്ങളുടെയും ആദ്ധ്യാത്മിക ജീവിതത്തിലും പൊതു ജീവിതത്തിലും സമൃദ്ധമായ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള പ്രാര്‍ത്ഥനയില്‍ എന്നോട് ഐക്യപ്പെടാ൯ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. നമുക്കെല്ലാവര്‍ക്കും അവിടുത്തെ നന്മകള്‍ക്കു ദൈവത്തെ സ്തുതിക്കാം. നമുക്കെല്ലാവര്‍ക്കും പ്രത്യാശയുടെ മനുഷ്യരായിരിക്കാം. സമാധാനത്തിനായുള്ള അഭിവഞ്ചയിലും പരിശ്രമങ്ങളിലും നമുക്കു ദൃഢചിത്തരായിരിക്കാം."







All the contents on this site are copyrighted ©.