2009-05-04 11:17:58

ദൈവവിളികള്‍ക്കായുള്ള നാല്പത്തിയാറാം ലോക പ്രാര്‍ത്ഥനാദിനം പ്രമാണിച്ചു മാര്‍പാപ്പ നല്കിയ സന്ദേശം.


മെത്രാ൯ ശുശ്രൂഷയിലും പൗരോഹിത്യ ശുശ്രൂഷയിലും പ്രിയപ്പെട്ട സഹോദരന്മാരേ,
സഹോദരന്മാരേ, സഹോദരികളേ,
പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ക്കായി മേയ് 3-ന്, ഉയിര്‍പ്പിന്‍റെ നാലാം ഞായറാഴ്ച, ആചരിക്കപ്പെടുന്ന ലോക പ്രാര്‍ത്ഥനാദിനത്തിന്‍റെ അവസരത്തില്‍ "ദൈവത്തിന്‍റെ മു൯കൈയെടുക്കലില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുന്നതാണ് മനുഷ്യന്‍റെ പ്രത്യുത്തരം" എന്ന പ്രമേയത്തെപ്പറ്റി പരിചിന്തനം ചെയ്യുന്നതിനു ദൈവജനത്തെ ക്ഷണിക്കാ൯ ഞാ൯ അഭിലഷിക്കുന്നു. "തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാ൯ വിളവിന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കുവി൯"(മത്താ.9,38) എന്ന യേശു തന്‍റെ ശിഷ്യന്മാര്‍ക്കു നല്കിയ ഉപദേശത്തിനു സഭയില്‍ ശാശ്വത പ്രസക്തിയുണ്ട്. ദിവ്യനാഥന്‍റെ ഈ ആഹ്വാനം ദൈവവിളികള്‍ക്കായുള്ള പ്രാര്‍ത്ഥന നിരന്തരവും വിശ്വാസനിര്‍ഭരവും ആയിരിക്കണമെന്ന് ഊന്നിപ്പറയുന്നു. പ്രാര്‍ത്ഥനയാല്‍ ഉജ്ജീവിതമായ ഒരു ക്രൈസ്തവ സമൂഹത്തിനു മാത്രമേ ദൈവപരിപാലനയില്‍ യഥാര്‍ത്ഥമായ വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കുകയുള്ളു.
പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളി ദൈവത്തിന്‍റെ ഒരു സവിശേഷ ദാനമാണ്. മനുഷ്യകുലംമുഴുവനിലെയും ഓരോ പുരുഷനെയും സ്ത്രീയെയും സംബന്ധിച്ചു ദൈവം ഒരുക്കിയിരിക്കുന്ന സ്നേഹത്തിന്‍റെയും രക്ഷയുടെയുമായ മഹാ പദ്ധതിയുടെ ഭാഗമായിത്തീരുന്ന ഒരു ദാനമാണത്. രണ്ടായിരാം ജന്മവാര്‍ഷികം പ്രമാണിച്ചു ജൂബിലി വത്സരം ആചരിച്ചുകൊണ്ടു നാം ആരെ പ്രത്യേകം അനുസ്മരിക്കുന്നുവോ, ആ പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക് ഇപ്രകാരം എഴുതി:"സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ! തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാ൯ ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരിഞ്ഞെടുത്തു"(1,3-4). തന്‍റെ പുത്ര൯ യേശു ക്രിസ്തുവിനെ കൂടുതല്‍ അടുത്ത് അനുഗമിക്കാനും അവിടുത്തെ സവിശേഷ ശുശ്രൂഷികളും സാക്ഷികളുമാകാനും ദൈവം മു൯കൈയെടുത്തു ചിലരെ തെരിഞ്ഞെടുക്കുന്നതു വിശുദ്ധയിലേക്കുള്ള സാര്‍വ്വത്രിക വിളിയില്‍ പ്രത്യേക പ്രസക്തിയുള്ളതാണ്. "തന്നോടുകുടെ ആയിരിക്കുന്നതിനും പ്രസംഗിക്കാ൯ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാ൯ അധികാരം നല്കുന്നതിനുമായി"(മര്‍ക്കോ.3,13-14) ദിവ്യഗുരു നേരിട്ടുതന്നെ അപ്പസ്തോലന്മാരെ വിളിച്ചു. ഇപ്രകാരം കര്‍ത്താവിന്‍റെ വിളിയോടു പ്രത്യുത്തരിച്ചുകൊണ്ടും പരിശുദ്ധാരൂപിയുടെ പ്രചോദനത്തിനു വിധേയരായിക്കൊണ്ടും പുരോഹിതരുടെയും സന്ന്യസ്തരുടെയും അസംഖ്യം നിരകള്‍ നൂറ്റാണ്ടുകളിലൂടെ സഭയില്‍ സുവിശേഷ സേവനത്തിനായി തങ്ങളെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടുണ്ട്. തന്‍റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിലിക്കുന്നത് ഇന്നും തുടരുന്ന ദൈവത്തിനു നമുക്കു കൃതജ്ഞതയര്‍പ്പിക്കാം. ലോകത്തിന്‍റെ ചിലഭാഗങ്ങളില്‍ വൈദികരുടെ വിരളത ആശങ്കാജനകമാംവിധം അനുഭവപ്പെടുകയും, സഭ അവളുടെ പ്രയാണത്തില്‍ വൈഷമ്യങ്ങളും പ്രതിസന്ധികളും നേരിടുകയും ചെയ്യുന്നു എന്നത് അവിതര്‍ക്കിതമായ ഒരു വസ്തുത ആയിരിക്കത്തന്നെ, അവളെ ദൈവരാജ്യത്തിന്‍റെ നിയതമായ പൂര്‍ത്തീകരണത്തിലേക്കു കാലത്തിന്‍റെ നടപ്പാതകളിലൂടെ കാലിടറാതെ മുമ്പോട്ടു കര്‍ത്താവുതന്നെ നയിക്കുന്നു എന്ന അചഞ്ചലമായ ഉറപ്പു നമ്മെ താങ്ങുന്നു. അവിടുന്ന് എല്ലാ സംസ്കാരത്തിലും എല്ലാ പ്രായത്തിലും ഉള്ള ആളുകളെ സ്വതന്ത്രമായി തെരിഞ്ഞെടുക്കുകയും തന്‍റെ കരുണാര്‍ദ്ര സ്നേഹത്തിന്‍റെ നിഗൂഢ പദ്ധതികള്‍ അനുസരിച്ചു തന്നെ അനുഗമിക്കാ൯ അവരെ ക്ഷണിക്കുകയും ചെയ്യുന്നു.
നമ്മുടെ പ്രഥമ കടമ, ആകയാല്‍, നിരന്തരമായ പ്രാര്‍ത്ഥനവഴി കുടുംബങ്ങളിലും, ഇടവകകളിലും, സഭാത്മക പ്രസ്ഥാനങ്ങളിലും, അപ്പസ്തോലിക സംഘടനകളിലും സന്ന്യാസ സമൂഹങ്ങളിലും ഈ ദൈവിക മു൯കൈയെടുക്കലിനായുള്ള അപേക്ഷ സജീവമായി സൂക്ഷിക്കുക എന്നതാണ്. "വിളവിന്‍റെ നാഥ൯" രക്ഷാകര ദൗത്യത്തില്‍ തന്‍റെ ഉറ്റ സഹപ്രവര്‍ത്തകരാകുന്നതിനുവേണ്ടി ചിലരോട് അവരുടെ അസ്തിത്വം പൂര്‍ണ്ണമായി തന്‍റെ സേവനത്തിനായി സ്വതന്ത്രമായി ഉഴിഞ്ഞുവയ്ക്കാ൯ ആവശ്യപ്പെടുന്നതില്‍നിന്നു വിരമിക്കുന്നില്ല. വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്ന്, ഉത്തരവാദിത്വബോധത്തോടും ഉത്തമ ബോദ്ധ്യത്തോടും ഒരു പ്രത്യുത്തരം നല്‍കാ൯ അവര്‍ പ്രാപ്തരാകുന്നതിന്, ശ്രദ്ധാപൂര്‍വ്വമായ ശ്രവണം, വിവേകപൂര്‍വ്വമായ വിവേചനം, ദൈവിക പദ്ധതിയോടുള്ള ഉദാരവും സ്വമനസ്സാലെയുള്ളതുമായ സഹകരണം, പൗരോഹിത്യത്തിന്‍റെയും സന്ന്യാസത്തിന്‍റെയും തനതായ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള ആഴമായ പഠനം എന്നിവ ആവശ്യപ്പെടുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അനുസ്മരിപ്പിക്കുന്നതുപോലെ ദൈവത്തിന്‍റെ സ്വതന്ത്രമായ മു൯കൈയെടുക്കല്‍ സ്വതന്ത്രമായ ഒരു പ്രത്യുത്തരം പുരുഷന്മാരുടെയും സ്ത്രീകളുടെയും ഭാഗത്തുനിന്ന് ആവശ്യപ്പെടുന്നു. ഓരോ വ്യക്തയെസംബന്ധിച്ചും ദൈവത്തിനുള്ള പദ്ധതിയുടെ അംഗീകാരവും അതിനോടുള്ള താദാത്മ്യപ്പെടലും സദാ വിഭാവനം ചെയ്യുന്ന ഭാവാത്മകമായ ഒരു പ്രത്യുത്തരമാണത്. കര്‍ത്താവിന്‍റെ സ്നേഹപൂര്‍വ്വകമായ മു൯കൈയെടുക്കല്‍ സ്വാഗതം ചെയ്യുന്നത് വിളിക്കപ്പെടുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ബാദ്ധ്യതപ്പെടുത്തുന്ന ഒരു ധാര്‍മ്മികാജ്ഞാപനവും, ദൈവത്തിനുള്ള ഒരു കൃതജ്ഞാര്‍പ്പണവും, ദൈവം ചരിത്രത്തില്‍ നടപ്പാക്കുന്ന പദ്ധതിയോടുള്ള പരിപൂര്‍ണ്ണ സഹകരണമായിത്തിരുന്നതുമായ ഒരു പ്രത്യുത്തരമാണ്.
ലോകത്തിന്‍റെ വീണ്ടെപ്പിനുവേണ്ടിയുള്ള ദൈവത്തിന്‍റെ സ്നേഹ പദ്ധതിയെ അതിന്‍റെ സാക്ഷാല്‍ക്കാരത്തിലെത്തിക്കുന്ന പരിപൂര്‍ണ്ണ ദാനമായ പരിശുദ്ധ കുര്‍ബാനയില്‍ യേശു മനുഷ്യകുലത്തിന്‍റെ രക്ഷയ്ക്കായി തന്നെത്തന്നെ സ്വതന്ത്രമായി ബലിയര്‍പ്പിക്കുന്നു. എന്‍റെ പ്രിയങ്കരനായ മു൯ഗാമി ജോണ്‍ പോള്‍ രണ്ടാമ൯ ഇപ്രകാരമെഴുതി:"സഭ അവളുടെ നാഥനായ ക്രിസ്തുവില്‍നിന്നു സ്വീകരിച്ചിട്ടുള്ള നിരവധി ദാനങ്ങളില്‍, അവ എത്ര വിലപ്പിടിപ്പാര്‍ന്നതുമാകട്ടെ, കേവലം ഒന്നു മാത്രമല്ല വിശുദ്ധ കുര്‍ബാന. പിന്നെയോ, പരമോന്നതും അതുല്യവുമായ ദാനമാണ്. കാരണം ഈ ദാനം അവിടുന്നു തന്നെയാണ്. പാവനമായ മനുഷ്യപ്രകൃതിയിലുള്ള അവിടുത്തെ വ്യക്തിത്വമാണ്. അവിടുത്തെ രക്ഷാകര പ്രവൃത്തിയുടെ ദാനമാണ്"(എക്ളേസിയ ദെ എവുകരിസ്തിയ,11).
ഈ രക്ഷാകര രഹസ്യം നൂറ്റാണ്ടില്‍ നിന്നു നൂറ്റാണ്ടിലേക്കു, കര്‍ത്താവിന്‍റെ മഹത്വപൂര്‍ണ്ണമായ പുനരാഗമനംവരെ, തുടരാ൯ വിളിക്കപ്പ‍െട്ടിരിക്കുന്നവര്‍ പുരോഹിതരാണ്. പിതാവായ ദൈവത്തിന്‍റെ സ്വമനസ്സാലെയുള്ള മു൯കൈയെടുക്കലും ക്രിസ്തുവിന്‍റെ പൂര്‍ണ്ണ വിശ്വാസത്തോടുകൂടിയ പ്രത്യുത്തരവും തമ്മിലുള്ള "ദൈവവിളിപരമായ" ഒരു സംവാദത്തിന്‍റെ അത്യുല്‍കൃഷ്ട മാതൃകയെപ്പറ്റി ദിവ്യകാരുണ്യ യേശുവില്‍ ധ്യാനിക്കാ൯ അവര്‍ക്കു കഴിയുന്നു. ദിവ്യപൂജാര്‍പ്പണത്തില്‍ ക്രിസ്തുതന്നെയാണ് താ൯ തന്‍റെ ശുശ്രൂഷകരായി തെരിഞ്ഞെടുക്കുന്നവരിലൂടെ പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രത്യുത്തരം, സ്വന്തം ബലഹീനത കൂടുതല്‍ തീവ്രമായി അനുഭവപ്പെടുമ്പോഴോ, അല്ലങ്കില്‍ തെറ്റിധാരണയോ, പീഡനംതന്നെയോ അതികഠിനമായിരിക്കുമ്പോഴോ പോലും എല്ലാ ഭീതിയും അകറ്റുന്ന പൂര്‍ണ്ണ ശരണത്തിന്‍റെയും കൃതജ്ഞതയുടെയും ഒരു മാനത്തില്‍ അഭിവൃദ്ധിപ്പെടുന്നതിന് അവിടുന്ന് അവരെ സഹായിക്കുകയും ചെയ്യുന്നു.
ഓരോ ദിവ്യപൂജാര്‍പ്പണവും വിശ്വാസികളില്‍, വിശിഷ്യ വൈദികരില്‍, ഉണര്‍ത്തുന്ന ക്രിസ്തുവിന്‍റെ
സ്നേഹത്താല്‍ രക്ഷിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന അവബോധം തങ്ങള്‍ക്കുവെണ്ടി സ്വജീവ൯ നല്കിയ അവിടുത്തേക്കു തങ്ങളെത്തന്നെ വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കാനുള്ള സന്നദ്ധതാഭാവം സൃഷ്ടിക്കുകതന്നെ ചെയ്യും. കര്‍ത്താവില്‍ വിശ്വസിക്കുകയും അവിടുത്തെ ദാനം സ്വീകരിക്കുകയും ചെയ്യുന്നത്, അങ്ങനെ, കൃതജ്ഞതാനിര്‍ഭര ഹൃദയത്തോടെ സ്വയം അവിടുത്തേക്കു ഭരമേല്പിക്കുന്നതിലേക്കും അവിടുത്തെ രക്ഷാകര പദ്ധതി സ്വീകരിക്കുന്നതിലേക്കും നമ്മെ നയിക്കും. ഇതു സംഭവിക്കുമ്പോള്‍ "വിളിക്കപ്പെട്ട" വ്യക്തി സ്വമേധയാ സര്‍വ്വവും ഉപേക്ഷിക്കുകയും തന്നെത്തന്നെ ദിവ്യ ഗുരുവിന്‍റെ ഉപദേശങ്ങള്‍ക്കു വിധേയ൯/വിധേയ ആക്കുകയും ചെയ്യും. അതോടെ ദൈവവും മനുഷ്യനും തമ്മില്‍ ഫലപ്രദമായ ഒരു സംവാദം, വിളിക്കുന്ന ദൈവത്തിന്‍റെ സ്നേഹവും പ്രത്യുത്തരിക്കുന്ന മനുഷ്യന്‍റെ സ്വാതന്ത്ര്യവും തമ്മിലുള്ള ഒരു കൂടിക്കാഴ്ച, ആരംഭിക്കുകയായി. സ്നേഹത്തോടെ പ്രത്യുത്തരിക്കുന്ന മനുഷ്യന്‍റെ ആത്മാവില്‍ യേശുവിന്‍റെ,"നിങ്ങള്‍ എന്നെ തെരിഞ്ഞെടുക്കുകയല്ല, ഞാ൯ നിങ്ങളെ തെരിഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാ൯ നിങ്ങളെ നിയോഗിച്ചിരിക്കുന്നു"(യോഹ.15,16) എന്ന വാക്കുകള്‍ പ്രതിധ്വനിക്കുന്നു.
സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവവിളിയിലും ദൈവിക മു൯കൈയെടുക്കലിലെയും മാനുഷിക പ്രത്യുത്തരത്തിലെയും സ്നേഹത്തിന്‍റെ കൂടിപ്പിണയല്‍ വിസ്മയകരമായ വിധത്തില്‍ സന്നിഹിതമാണ്. രണ്ടാം വത്തിക്കാ൯ കൗണ്‍സില്‍ ഇപ്രകാരം പ്രബോധിപ്പിക്കുന്നു:"ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്ന ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുവിശേഷോപദേശങ്ങള്‍ കര്‍ത്താവിന്‍റെ വാക്കുകളിലും മാതൃകളിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. ശ്ലീഹന്മാരും സഭാപിതാക്കന്മാരും, അതുപോലെ വേദപാരംഗതരും ആത്മാവിന്‍റെ അജപാലകരും അവയെ ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. ഈ ഉപദേശസംഹിതയാവട്ടെ തിരുസ്സഭ അവളുടെ നാഥനില്‍നിന്നു സ്വീകരിച്ച് അവിടുത്തെ ദിവ്യാനുഗ്രഹത്തോടെ എല്ലായ്പ്പോഴും സംരക്ഷിച്ചുപോരുന്ന ദൈവിക ദാനമാണ്"(തിരുസ്സഭ,43).
പിതാവായ ദൈവത്തിന്‍റെ തിരുമനസ്സിനോടുള്ള സംപൂര്‍ണ്ണവും വിശ്വാസപൂര്‍ണ്ണവുമായ വിധേയത്വത്തിനു ഓരോ സമര്‍പ്പിത വ്യക്തിയ്ക്കും ഉദാത്ത മാതൃകയാണ് യേശു. അവിടുത്താല്‍ ആകൃഷ്ടരായി അസംഖ്യം പുരുഷന്മാരും സ്ത്രീകളും, ക്രിസ്തുമതത്തിന്‍റെ ആദ്യ നൂറ്റാണ്ടുകള്‍മുതല്‍ത്തന്നെ, അവിടുത്തെ ഔദാര്യത്തോടെ അനുഗമിക്കുന്നതിനും വിട്ടുവീഴ്ചകളില്ലാതെ സുവിശേഷം ജീവിക്കുന്നതിനുംവേണ്ടി കുടുംബവും ഭൗതികസമ്പത്തും മാനുഷികമായമായി അഭികാമ്യമായ സര്‍വ്വവും ഉപേക്ഷിച്ചു. ഇന്നും അനേകര്‍ സുവിശേഷ പരിപൂര്‍ണ്ണതയുടെ ഈ പാത തെരിഞ്ഞെടുക്കുകയും സുവിശേഷോപദേശങ്ങളുടെ വ്രതത്തിലൂടെ തങ്ങളുടെ ദൈവവിളി സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു. ധ്യാനജീവിതം നയിക്കുന്ന സമൂഹങ്ങളിലെയും ഇതര സന്ന്യാസ-സന്ന്യാസിനി സഭകളിലെയും നമ്മുടെ ഈ സഹോദരന്മാരുടെയും സഹോദരികളുടെയും സാക്ഷൃം "ദൈവരാജ്യത്തിന്‍റെ രഹസ്യം അതിന്‍റെ പരിപൂര്‍ണ്ണ സാക്ഷാല്‍ക്കാരം സ്വര്‍ഗ്ഗത്തില്‍ പ്രതീക്ഷിച്ചിരിക്കവേതന്നെ ചരിത്രത്തില്‍ പ്രവര്‍ത്തനനിരതമാണെന്നു"(സമര്‍പ്പിത ജീവിതം,1) ദൈവജനത്തിനു ചൂണ്ടിക്കാട്ടുന്നു.
പൗരോഹിത്യ ശുശ്രൂഷ ഏറ്റെടുക്കാ൯ യോഗ്യനായി സ്വയം കരുതാ൯ ആര്‍ക്കു സാധിക്കു? തന്‍റെ മാനുഷിക കഴിവുകളില്‍ മാത്രം ആശ്രയിച്ചുകൊണ്ട് സമര്‍പ്പിത ജീവിതം ആശ്ലേഷിക്കാ൯ ഏതു പുരുഷന് അല്ലെങ്കില്‍ സ്ത്രീക്കാണ് കഴിയുക? ദൈവത്തിന്‍റെ വിളിയോടുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്തരം, അക്കാര്യത്തില്‍ ദൈവമാണു മു൯കൈയെടുക്കുകയും അവിടുത്തെ രക്ഷാകര പദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് എന്ന അവബോധം അവര്‍ പുലര്‍ത്തുമ്പോള്‍, ഒരിക്കലും തനിക്കു ലഭിച്ച താലന്ത് മണ്ണില്‍ മറച്ചുവച്ച പ്രയോജനമില്ലാത്ത ഭൃത്യന്‍റെ കാതരമായ സ്വാര്‍ത്ഥതാല്പര്യ രൂപമാതൃകയിലുള്ളതായിരിക്കില്ല. മറിച്ച്, കര്‍ത്താവിന്‍റെ ക്ഷണം ഉടനടി സ്വീകരിക്കാനുള്ള സന്നദ്ധതാപ്രകടനമായിരിക്കും. രാത്രിമുഴുവ൯ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും ഗുരു പറഞ്ഞപ്പോള്‍ അവിടുത്തെ വാക്കുകളില്‍ പരിപൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചുകൊണ്ട് വലയിറക്കിയ ശിമയോ൯ പത്രോസ് പ്രകടിപ്പിച്ചത് അവ്വിധ സന്നദ്ധതയാണ്. വ്യക്തിപരമായ ഉത്തരവാദിത്വം യാതൊരു വിധത്തിലും പരിത്യജിക്കാതെ ദൈവത്തിനു സ്വതന്ത്രമായി നല്കുന്ന പ്രത്യുത്തരം അങ്ങനെ "കൂട്ടുത്തരവാദിത്വ"മായിത്തീരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനംവഴി ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടെയുമുള്ള ഉത്തരവാദിത്വം. ഏറെ ഫലം പുറപ്പെടുവിക്കാ൯ നമ്മെ പ്രാപ്തരാക്കുന്നവനുമായുള്ള കൂട്ടായ്മയായിത്തീരുന്നു അത്(cf.യോഹ.15,5).
ദൈവത്തിന്‍റെ മു൯കൈയെടുക്കലില്‍ പരിപൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുന്ന മനുഷ്യന്‍റെ പ്രത്യുത്തരത്തിന് ഉത്തമ നിദര്‍ശനം ദൈവത്തിന്‍റെ ദൂത൯ തന്നെ അറിയിച്ച അത്യുന്നതന്‍റെ പദ്ധതി സര്‍വ്വാത്മനാ ആശ്ലേഷിച്ചുകൊണ്ട് നസറത്തിലെ കന്യക സവിനയം അസന്ദിഗ്ധമായി ഉച്ചരിച്ച ഉദാരവും അവികലവുമായ "നിറവേറട്ടെ"(ലൂക്കാ 1,38) ആണ്. അവള്‍ ഉടനടി അറിയിച്ച സമ്മതം അവളെ ദൈവമാതാവ്, നമ്മുടെ രക്ഷകന്‍റെ അമ്മ, ആക്കിത്തീര്‍ത്തു. താ൯ ആദ്യം ഉച്ചരിച്ച "നിറവേറട്ടെ" മറിയത്തിനു പിന്നീടു പല തവണ, യേശു കുരിശില്‍ തറയ്ക്കപ്പെട്ട പരകോടി പ്രാപിക്കലിന്‍റെ നിമിഷംവരെ ആവര്‍ത്തിക്കേണ്ടി വന്നു. സുവിശേഷകനായ യോഹന്നാ൯ രേഖപ്പെടുത്തുന്നതുപോലെ, "യേശുവിന്‍റെ കുരിശിന്നരികെനിന്നുകൊണ്ട്" തന്‍റെ നിരപരാധിയായ സുതന്‍റെ കഠോരവും ഭയാനകവുമായ വേദനകളില്‍ അവ‌ള്‍ പങ്കുചേര്‍ന്നു. കുരിശില്‍ കിടന്നുകൊണട്, താ൯ മരിക്കുന്നതിനു തൊട്ടുമുമ്പ്, ആണ് യേശു മറിയത്തെ നമുക്ക് അമ്മയായി നല്കിയതും നമ്മെ അവള്‍ക്കു പുത്രന്മാരും പുത്രികളുമായി ഭരമേല്പിച്ചതും(cf.യോഹ.19,26-27). മറിയം വിശേഷവിധിയായി പുരോഹിതരുടെയും സമര്‍പ്പിതരുടെയും അമ്മയാണ്. ശുശ്രൂഷാപൗരോഹിത്യത്തിന്‍റെയോ സമര്‍പ്പിത ജീവിതത്തിന്‍റെയോ പാതയില്‍ ഇറങ്ങിപ്പുറപ്പെടാ൯ തങ്ങള്‍ക്കു ദൈവത്തില്‍നിന്നു ലഭിച്ചിട്ടുള്ള വിളിയെപ്പറ്റി അവബോധമുള്ള എല്ലാവരെയും അവള്‍ക്കു സമര്‍പ്പിക്കാ൯ ഞാന്‍ അഭിലഷിക്കുന്നു.
പ്രിയ സുഹൃത്തുക്കളേ, വൈഷമ്യങ്ങളുടെയു സന്ദേഹങ്ങളുടെയും മുമ്പില്‍ നിങ്ങള്‍ നഷ്ടധൈര്യരാകരുത്. ദൈവത്തില്‍ ആശ്രയിക്കുകയും യേശുവിനെ വിശ്വസ്തയോടെ അനുഗമിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങള്‍ അവിടുത്തോടുള്ള ഉറ്റ ഐക്യത്തില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന ആനന്ദത്തിന്‍റെ സാക്ഷികളായിത്തീരും. അവള്‍വിശ്വസിച്ചതിനാല്‍ സകല തലവറകളും ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുന്ന(ലൂക്കാ 1,14) പരിശുദ്ധ മറിയത്തെ അനുകരിച്ചുകൊണ്ട് സ്വര്‍ഗ്ഗീയ പിതാവിന്‍റെ രക്ഷാകര പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുവേണ്ടി സര്‍വ്വാത്മനാ നിങ്ങളെത്തന്നെ സമര്‍പ്പിക്കുക. ശക്തനും "വലിയ കാര്യങ്ങള്‍" ചെയ്യുന്നവനും ആയവനില്‍ വിസ്മയം കൊള്ളുന്നതിനും അവിടുത്തെ ആരാധിക്കുന്നിനുമുള്ള കഴിവ് അവളെപ്പോലെ നിങ്ങളും ഹൃദയത്തില്‍ ഊട്ടിവളര്‍ത്തുക. എന്തെന്നാല്‍ അവിടുത്തെ നാമം പരിശുദ്ധമാണ്(ലൂക്കാ 1,49).
വത്തിക്കാനില്‍നിന്നു 20 ജനുവരി 2009-ല്‍ നല്കിയത്.
ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ.







All the contents on this site are copyrighted ©.