2009-05-01 18:52:30

മാര്‍പാപ്പ കൊളംബിയയുടെ പ്രസിഡണ്ടിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ കോളംബിയയുടെ പ്രസിഡണ്ട് ആല്‍വരൊ യുറീബ് വേലെസ്സിനെ വത്തിക്കാനില്‍ കുടിക്കാഴ്ചയ്ക്കായി സ്വീകരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാപ്പായുമായുള്ള മുപ്പതുമിനിട്ടു ദീര്‍ഘിച്ച സംഭാഷണാനന്തരം കൊളംബിയ൯ പ്രസിഡണ്ട് വത്തിക്കാന്‍റെ വിദേശ ബന്ധങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മംബേര്‍തിയുമായി കൂടികാഴ്ച നടത്തിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സൗഹാര്‍ദ്ദപരങ്ങളായ ഈ സംഭാഷണങ്ങള്‍ അന്തര്‍ദ്ദേശിയവും പ്രാദേശികവുമായ ഇന്നത്തെ സ്ഥിതിവിശേഷങ്ങളെപ്പറ്റിയുള്ള വീക്ഷണങ്ങളുടെ ഫലപ്രദമായ കൈമാറ്റത്തിന് അവസരമൊരുക്കിയെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താക്കുറിപ്പു വെളിപ്പെടുത്തുന്നു.
"ആ തെക്കന്‍ അമേരിക്ക൯ രാജ്യത്തിലെ സ്ഥിതിവിശേഷത്തിന്‍റെ ചില വശങ്ങളിലും, പ്രത്യേകമായി, മയക്കുമരുന്നു ക്രയവിക്രയത്തിനെതിരായ പോരാട്ടം, ഇന്നും ദാരിദ്ര്യത്തില്‍ കഴിയുന്ന അനേകം ജനങ്ങള്‍ക്കു മെച്ചപ്പെട്ട ഒരു ജീവിത നിലവാരം ലക്ഷൃംവയ്ക്കുന്ന സാമൂഹൃ നയങ്ങള്‍, ദേശീയ അനുരഞ്ജനം ദൃഢപ്പെടുത്തുന്നതിനു സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണം എന്നിവയില്‍, ശ്രദ്ധ പതിച്ചു", വാര്‍ത്താക്കുറിപ്പില്‍ തുടര്‍ന്നു പറയുന്നു.
2002-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടോടെ ആദ്യമായി പ്രസിഡണ്ടു സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആല്‍വരൊ യുറീബ് വേലെസ്സ് 2006-ല്‍ രണ്ടാം തവണ മത്സരിച്ചപ്പോള്‍ 62.35 ശതമാനം വോട്ടു നേടിയിരുന്നു.
കൊളംബിയയില‍െ നാലു കോടി എഴുപതു ലക്ഷം ജനങ്ങളില്‍ എണ്‍പത്തിയെട്ടു ശതമാനം കത്തോലിക്കാവിശ്വാസികളാണ്.







All the contents on this site are copyrighted ©.