2009-05-01 16:19:07

നുറിലധികം റബ്ബിമാര്‍ ഒരു സംയുക്തപ്രസ്താവനയില്‍ പാപ്പായെ വിശുദ്ധനാട്ടിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.


പോപ്പ് ബെനഡിക്ട് പതിനാറാമനെ വിശുദ്ധ നാട്ടിലേയ്ക്ക് സ്വാഗതം ചെയ്യുന്നതും, യഹുദരും ക്രൈസ്തവരും തമ്മിലുള്ള സംവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതുമായ ഒരു സന്ദേശം അവിടത്തെ വിവിധ യഹുദവിഭാഗങ്ങളില്‍ പെട്ട നുറിലധികം റബ്ബിമാര്‍ - യഹുദനിയമവ്യാഖ്യാതാക്കള്‍- തയ്യാറാക്കുന്നു. ‘നമ്മുടെ യുഗത്തില്‍ ഒന്നായി’ എന്ന ശീര്‍ഷകത്തിലെ ആ സന്ദേശം യഹുദകത്തോലിക്കാ ബന്ധങ്ങള്‍ക്ക് പ്രചോദനമേകുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍െറ തിരുസ്സഭയ്ക്കു് അക്രൈസ്തവമതങ്ങളോടുള്ള ബന്ധം സംബന്ധിച്ച പ്രഖ്യാപനത്തിന്‍െറ ചുവടു പിടിച്ചുള്ളതാണ്. ആ പ്രഖ്യാപനത്തിന്‍െറ ചൈതന്യത്തില്‍ റബ്ബിമാരും യഹുദനേതാക്കമാരും പാപ്പായ്ക്കും, ഇസ്രായേലിലെ പാപ്പായുടെ സമാധാനദൗത്യത്തിനും ഊഷ്മള സ്വാഗതമേകുന്നുവെന്ന് പറയുന്ന സന്ദേശം ഇപ്രകാരം തുടരുന്നു- പരസ്പരധാരണ ആഴപ്പെടുത്തുകയും, കത്തോലിക്കരും യഹുദരും തമ്മിലുള്ള വളരെ പ്രധാനപ്പെട്ട ബന്ധം അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനു് സഹായകമായ നവംനവങ്ങളായ പാതകള്‍ തുറക്കുവാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ക്രൈസ്തവരും യഹുദരും പങ്കു ചേരുന്ന അനര്‍ഘപൈതൃകം വളരെ ആദരവോടെ സംരക്ഷിക്കപ്പെടുന്ന വിശുദ്ധ നാടാണ് ആ ബന്ധം ആവര്‍ത്തിച്ചു പ്രഖ്യാപിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം. സന്ദേശം സമാധാനാശംസയോടെയാണ് സമാപിക്കുക. ആ സന്ദേശം ഇസ്രായേല്‍ ദിനപത്രമായ HA’ AREZT ന്‍െറ വെബ് സൈറ്റില്‍ ഇടുമെന്ന് ZENITH വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ മതാന്തരസംഭാഷണത്തിനും സംസ്ക്കാരാന്തരവിദ്യാഭ്യാസനത്തിനും ആയുള്ള അന്താരാഷ്ട്രസംഘടനകളുടെ അദ്ധ്യക്ഷമാരായ അദല്‍ബര്‍ത്തായും, അര്‍മാന്തോ ബര്‍ണ്ണര്‍ദീനിയും വെളിപ്പെടുത്തി. ഈ മാസം എട്ടു മുതല്‍ പതിനഞ്ചു വരെ തീയതികളിലാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ അവിടത്തെ ഇടയസന്ദര്‍ശനം. ഇസ്രായേല്‍ സര്‍ക്കാര്‍ പാപ്പായുടെ ആ അപ്പസ്തോലികസന്ദര്‍ശനത്തെ സമാധാനത്തിനായുള്ള പാലമെന്നാണ് വിശേഷിപ്പിക്കുക.







All the contents on this site are copyrighted ©.