2009-04-28 16:03:05

കാനഡായിലെ യുവജന ഉച്ചകോടി മെയ് പതിനഞ്ചു മുതല്‍ പതിനെട്ടു വരെ


കാനഡായിലെ യുവജന ഉച്ചകോടി മെയ്മാസം പതിനഞ്ചു മുതല്‍ പതിനെട്ടു വരെ തീയതികളില്‍ ക്യുബെക്കില്‍ നടക്കും. ‘പ.കുര്‍ബാന രുപമേകിയിരിക്കുന്ന പ്രേഷിതരും പ.കുര്‍ബാനയുടെ പ്രേഷിതരും’ എന്നതാണ് ആ ചതുര്‍ദിന ഉച്ചകോടിയുടെ മുദ്രാവാക്യം.. 2008ല്‍ ക്യുബെക്ക് നഗരത്തില്‍ നടത്തപ്പെട്ട നാല്പത്തി ഒന്‍പതാം അന്താരാഷ്ട്രാദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍െറ ഒരുക്കമെന്നോണം 2005ല്‍ ആരംഭിച്ചതാണ് യുവഉച്ചകോടി. അന്നു മുതല്‍ അനുവര്‍ഷം ആ ഉച്ചകോടി നടത്തപ്പെടുന്നു. 2005 മുതല്‍ 2008 വരെ നടത്തപ്പെട്ട പ്രസ്തുത സമ്മേളനങ്ങള്‍ ക്രൈസ്തവജീവിതത്തിലെ പ.കുര്‍ബാനയുടെ കേന്ദ്രസ്ഥാനം മനസ്സിലാക്കുവാനും, യുവജനങ്ങള്‍ക്കായി പ.കുര്‍ബാനയുടെ ഒരു സംസ്ക്കാരത്തിന് രുപമേകാനും നിമിത്തമായിട്ടുണ്ടെന്ന് ക്യുബെക്ക് അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വൊല്ലറ്റ് പറയുന്നു. പ.കുര്‍ബാനയില്‍ അധിഷ്ഠിതവും, പ.കുര്‍ബാനയെ ലക്ഷൃം വയ്ക്കുന്നതുമായ സുവിശേഷവല്‍ക്കരണാനുഭവത്തില്‍ പങ്കു ചേരുന്നതിനു് ഉച്ചകോടിയില്‍ സംബന്ധിക്കുവാന്‍ യുവജനങ്ങള്‍ക്കായി നല്‍കിയ ഒരു കത്തില്‍ കര്‍ദ്ദിനാള്‍ അവരെ ആഹ്വാനം ചെയ്തു. ‘പ്രേഷിതയുഗം വ.പൗലോസിന്‍െറ ശൈലിയില്‍’ എന്നതാണ് ഈ വര്‍ഷത്തെ യുവജന ഉച്ചകോടിയുടെ വിചിന്തനപ്രമേയം. വിശുദ്ധ പൗലോസു ശ്ലീഹാ വര്‍ഷത്തില്‍ വിശുദ്ധനെ അധികരിച്ച വിചിന്തനം ദൈനംദിനജീവിതത്തില്‍ വിശുദ്ധനെ പോലെ ക്രിസ്തുവിനും, അവിടത്തെ സുവിശേഷത്തിനും സാക്ഷികളാകുവാന്‍ യുവജനങ്ങള്‍ക്ക് പ്രചോദനവും, ചൈതന്യവും പകരുമെന്നു് ഉച്ചകോടിയുടെ സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.







All the contents on this site are copyrighted ©.