2009-04-24 15:35:43

വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറിയേറ്റും അറബിലീഗും ധാരണാകരാറില്‍ ഒപ്പുവച്ചു.


വത്തിക്കാന്‍റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റും അറബിരാജ്യങ്ങളുടെ അന്താരാഷ്ട്രസഖ്യം അറബിലീഗും ഒരു ധാരണാകരാറില്‍ ഒപ്പുവച്ചു. പരിശുദ്ധ സിംഹാസനത്തിനുവേണ്ടി വത്തിക്കാന്‍റെ വിദേശബന്ധങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മമ്പെര്‍തിയും അറബിലീഗിനുവേണ്ടി അതിന്‍റെ ജനറല്‍സെക്രട്ടറി അമ്ര്‍ മൂസ്സയും വത്തിക്കാനില്‍ അപ്പസ്തോലിക അരമനയില്‍ നടന്ന ചടങ്ങില്‍ കരാറില്‍ കയ്യൊപ്പു രേഖപ്പെടുത്തി. ആ ചടങ്ങില്‍ സംബന്ധിച്ചിരുന്നവരില്‍ വത്തിക്കാ൯ സ്റ്റേറ്റു സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ചിസീയൊ ബര്‍ത്തോണെ അറബിലീഗിന്‍റെ പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള നയതന്ത്ര ദൗത്യസംഘത്തിന്‍റെ തലവ൯ വ്വാലിദ് അല്‍ ഗര്‍ഗാനി എന്നിവരും ഉള്‍പ്പെട്ടിരുന്നുവെന്ന് കരാര്‍ ഒപ്പുവയ്ക്കലിനെ സംബന്ധിച്ചു പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തില്‍ കാണുന്നു.
ധാരണാകരാര്‍ പരിശുദ്ധ സിംഹാസനവും അറബിലീഗും തമ്മില്‍, വിശിഷ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലും, പ്രാദേശിക അന്തര്‍ദേശിയ തലങ്ങളില്‍ സമാധാനം, സുരക്ഷിതത്വം, സ്ഥിരത ഇവ പ്രോത്സാഹിപ്പിക്കുന്നതിലും, നിലവിലുള്ള സഹകരണത്തിന്‍റെ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നുവെന്ന് വിജ്ഞാപനം അഭിപ്രായപ്പെട്ടു. കൂടാതെ, മതാന്തര സംവാദ രംഗത്ത് പ്രത്യേക ശ്രദ്ധ പതിക്കുന്നതുള്‍പ്പെടെയുള്ള പ്രമേയങ്ങള്‍ ഇരു കക്ഷികളും തമ്മില്‍ ചര്‍ച്ചചെയ്യണം എന്ന നിര്‍ദ്ദേശവും കരാറിലുണ്ടെന്ന് വിജ്ഞാപനം വെളിപ്പെടുത്തുന്നു. ഇരു വിഭാഗവും ഒപ്പുവച്ചതോടുകുടിതന്നെ ധാരണാകരാര്‍ പ്രാബല്യത്തില്‍വന്നുവെന്നും അതില്‍ അറിയിക്കുന്നു.
1945-ല്‍ സ്ഥാപിതമായ അറബിലീഗില്‍ ഇപ്പോള്‍ 22 അറബിരാജ്യങ്ങള്‍ അംഗങ്ങളായുണ്ട്.







All the contents on this site are copyrighted ©.