2009-04-24 10:37:09

തിരുലിഖിതവ്യാഖ്യാനം ക്രിസ്തീയവിശ്വാസത്തെയും സഭയുടെ ജീവിതത്തെയും സംബന്ധിച്ച് മൗലികപ്രാധാന്യമര്‍ഹിക്കുന്നുഃ മാര്‍പ്പാപ്പാ.


(23/04/09) തിരുലിഖിതവ്യാഖ്യാനം ക്രിസ്തീയവിശ്വാസത്തെയും സഭയുടെ ജീവിതത്തെയും സംബന്ധിച്ച് മൗലികപ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ബെനഡക്ട് പതിനാറാമന്‍ പാപ്പാ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍റെ സംപൂര്‍ണ്ണസമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്ന ഇരുപതിലേറെപ്പേരുടെ ഒരുസംഘത്തെ സമ്മേളനത്തിന്‍റെ സമാപനത്തിന്‍റെ തലേദിവസം, ഇരുപത്തിമൂന്നാം തിയതി വ്യാഴാഴ്ച, വത്തിക്കാനില്‍- പേപ്പല്‍അരമനയിലെ ഒരു ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പാ. ഏപ്രില്‍ ഇരുപത് മുതല്‍ ഇരുപത്തിനാല് വരെ വത്തിക്കാനില്‍ത്തന്നെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വില്യം ജോസഫ് ലെവാദയുടെ അദ്ധ്യക്ഷതയിലായിരുന്നു ഈ യോഗം.
പരിശുദ്ധാത്മാവിന്‍റെ നിവേശനത്താലാണ് പഴയനിയമ-പുതിയനിയമ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നതെന്നും ദൈവവമാണ് അവയുടെ കര്‍ത്താവെന്നുമുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനങ്ങള്‍ തദ്ദവസരത്തില്‍ അനുസ്മരിച്ച ബെനഡക്ട് പതിനാറാമന്‍ പാപ്പാ, "ദൈവം നമ്മുടെ രക്ഷയ്ക്കുവേണ്ടി വിശുദ്ധ ലിഖിതങ്ങളില്‍ രേഖപ്പെടുത്താന്‍ തിരുമനസ്സായ സത്യം ബൈബിളിലെ എല്ലാ പുസ്തകങ്ങളും സുദൃഢമായും വിശ്വസ്തമായും പ്രമാദരഹിതമായും പഠിപ്പിക്കുന്നു" എന്നീ സൂനഹദോസിന്‍റെ വാക്കുകളും ഉദ്ധരിച്ചു. വിശുദ്ധ ഗ്രന്ഥത്തിലെ എല്ലാ പുസ്തകങ്ങളുടെയും രചയിതാക്കള്‍ യഥാര്‍ഥത്തില്‍ പറയാന്‍ ഉദ്ദേശിച്ചതെന്തെന്നും അവരുടെ വാക്കുകളിലൂടെ ദൈവം ആവിഷ്ക്കരിക്കാന്‍ അഭിലഷിച്ചതെന്തന്നും സസൂ,ക്ഷ്മം പഠിക്കേണ്ടത് തിരുലിഖിതങ്ങള്‍ ശരിയായി വ്യാഖ്യാനിക്കാന്‍ കഴിയുന്നതിനനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ജോയി







All the contents on this site are copyrighted ©.