2009-04-23 09:57:53

ഭൂമിയിലെ ദൈവാന്വേഷണം ഒരിക്കലും അവസാനിക്കുകയില്ലെന്നു മാര്‍പാപ്പ.


ദൈവത്തെ തേടിയുള്ള പ്രയാണം ഭൂമിയില്‍ ഒരിക്കലും അവസാനിക്കുകയില്ല, മറിച്ച് ചിന്ത, ആഗ്രഹം, കൂലങ്കഷമായ ബൗദ്ധിക മനനം, അദമ്യമായ ഹൃദയാഭിവാഞ്ഛ എന്നീ രൂപങ്ങളില്‍ എപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ. മെത്രാനും ദൈവശാസ്ത്രജ്ഞനും തത്വജ്ഞാനിയുമായിരുന്ന വിശുദ്ധ ആ൯സെലമിന്‍റെ ഒന്‍പതാം ചരമശതാബ്ദി പ്രമാണിച്ചു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇതു പറഞ്ഞത്.
ക്ലെമന്‍റ് പതിനൊന്നാമ൯ മാര്‍പാപ്പ 1720-ല്‍ വേദപാരംഗതനായി പ്രഖ്യാപിച്ച വിശുദ്ധന്‍റെ ഇറ്റലിയിലെ ജന്മസ്ഥലമായ അവോസ്തയില്‍ നടന്ന ചരമശതാബ്ദിയാഘോഷങ്ങളുടെ സമാപന സമൂഹബലിയില്‍ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പ്രധാനകാര്‍മ്മികത്വം വഹിച്ച കര്‍ദ്ദിനാള്‍ ജാകൊമൊ ബിഫി പാപ്പായുടെ സന്ദേശം വായിച്ചു.
അവോസ്തയില്‍ 1033-ല്‍ ജനിച്ച വിശുദ്ധ ആ൯സെലം 1109 ഏപ്രില്‍ 21-ന് ഇംഗ്ലണ്ടിലെ കാന്‍റര്‍ബറിയില്‍ വച്ചു മരിച്ചു. ബനഡിക്ടൈ൯ സന്ന്യാസസഭാംഗമായിരുന്ന അദ്ദേഹത്തെ രണ്ടാം ഉര്‍ബ൯ മാര്‍പാപ്പ 1093-ല്‍ കാന്‍റര്‍ബറി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു.
വിശുദ്ധ ആ൯സെലമിന്‍റ ഉദാത്ത മാതൃകയായി നിലകൊള്ളുന്ന ആശ്രമജീവിതം, ക്രിസ്തീയ രഹസ്യങ്ങളോടുള്ള സമീപനത്തിലെ അഭിനവത്വം, ഗഹനങ്ങളായ ദൈവവിജ്ഞാനിയ തത്വശാസ്ത്ര ചിന്തകള്‍, സത്യം നന്മ ഇവയെ ഉത്തരവാദിത്വബോധത്തോടുകൂടി മുറുകെപ്പിടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന ദര്‍ശനം, ആത്മാക്കളുടെ അജപാലക൯ എന്ന നിലയിയുള്ള പ്രവര്‍ത്തനങ്ങളിലെ തീക്ഷണത, സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത എന്നിവയെപ്പറ്റിയുള്ള താല്പര്യം നമ്മില്‍ ഉദ്ദീപിക്കുന്നതിന് അദ്ദേഹത്തിന്‍റെ ചരമവാര്‍ഷികാനുസ്മരണം നിമിത്തമാകണമെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്‍റെ സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധ ആ൯സെലമിന്‍റെ ദൈവശാസ്ത്ര ചിന്തയെപ്പറ്റിയുള്ള, "വിശ്വസിക്കുന്നതിനുവേണ്ടി മനസ്സിലാക്കാ൯ ഞാ൯ ശ്രമിക്കുന്നില്ല, മറിച്ചു മനസ്സിലാക്കാ൯വേണ്ടി ഞാ൯ വിശ്വസിക്കുന്നു" എന്ന വിഖ്യാത വാക്കുകള്‍ പാപ്പാ തന്‍റെ സന്ദേശത്തില്‍ ഉദ്ധരിക്കുന്നു. ഭക്ത്യാദരവുകള്‍ നിറഞ്ഞ ഹൃദയത്തോടെ ഈ പുണ്യവാനെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ വിജ്ഞാനഭണ്ഡാരത്തെ നമ്മുടെ ഇക്കാലത്തെ ജനങ്ങള്‍, വിശിഷ്യാ. യൂറോപ്യ൯ ജനത, സമീപിക്കുന്നതിനും, അദ്ദേഹത്തിന്‍റെ പ്രബുദ്ധങ്ങളായ പ്രബോധിപ്പിക്കലുകള്‍ സ്വീകരിക്കുന്നതിനുംവേണ്ടി അവയെ പ്രകീര്‍ത്തിക്കാനും വിശദീകരിക്കാനും താ൯ അഭിലഷിക്കുന്നുവെന്നും ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ അറിയിക്കുന്നു.







All the contents on this site are copyrighted ©.