2009-04-18 15:30:10

മാര്‍പാപ്പ ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ ഏപ്രില്‍ 28-ന് സന്ദര്‍ശിക്കും.


ഇറ്റലിയില്‍ ഭൂകമ്പം മരണവും വ൯ നാശനഷ്ടങ്ങളും വിതച്ചിരിക്കുന്ന അബ്റൂസ്സൊ പ്രദേശം പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഏപ്രില്‍ 28-ന് സന്ദര്‍ശിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക വക്താവ് ഈശോസഭാവൈദിക൯ ഫെദറീകൊ ലൊമ്പാര്‍ദി അറിയിച്ചു. അന്നു രാവിലെ 9.30-ന് ഓണ എന്ന സ്ഥലത്തു ഭൂകമ്പത്തില്‍ ഭവനരഹിതരായവരെ പാര്‍പ്പിച്ചിരിക്കുന്ന താവളത്തില്‍ എത്തിക്കൊണ്ട് പാപ്പാ മൂന്നു മണിക്കൂര്‍ ദീര്‍ഘിക്കുന്ന തന്‍റെ സന്ദര്‍ശനത്തിന് തുടക്കം കുറിയ്ക്കും, അനന്തരം ലാക്വിലയിലേക്കു പോകുന്ന മാര്‍പാപ്പ അവിടെ തകര്‍ന്നടിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ മരിക്കാ൯ ഇടയായ ഹോസ്റ്റലിന്‍റെ നഷ്ടശിഷ്ടങ്ങളുടെയും ഭാഗികമായി തകര്‍ന്നിരിക്കുന്ന കോള്ളെമാജ്ജൊ ബസലിക്കയുടെയും മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് ഭൂകമ്പ ദുരന്തത്തിന് ഇരയായിരിക്കുന്ന ജനങ്ങളുടെയും അവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും പ്രതിനിധികളുമായി ലാക്വിലയിലെ സൈനിക പാളയത്തില്‍വച്ച് ബനഡിക്ട് പതിനാറാമ൯ പാപ്പാ
കൂടികാഴ്ച നടത്തും.
12.30-ന് ഹെലികോപ്റ്ററില്‍ വത്തിക്കാനിലേക്കു മടങ്ങുന്ന മാര്‍പാപ്പ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായ മറ്റു സ്ഥലങ്ങള്‍ അതിലിരുന്നു വീക്ഷിക്കും.
അബ്റൂസ്സൊ പ്രദേശത്ത് ഏപ്രില്‍ 6-ന് ഉണ്ടായ ഭൂകമ്പത്തില്‍ 294 പേര്‍ മരിക്കുകയും ഏകദേശം 65,000 ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.







All the contents on this site are copyrighted ©.