2009-04-18 16:10:02

ബിഷപ്പ് സിഗ്മണ്ട് സിമോവ്സ്കി ആരോഗ്യ പ്രവര്‍ത്തര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പുതിയ പ്രസിഡണ്ട്.


ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലന ശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പുതിയ അദ്ധ്യക്ഷനായി പോളണ്ടില‍െ റാഡം രൂപതയുടെ ഭരണാദ്ധ്യക്ഷ൯ ബിഷപ്പ് സിഗ്മണ്ട് സിമോവ്സ്കിയെ പതിനാറാം ബനഡിക്ട് മാര്‍പാപ്പ നിയമിച്ചു. അദ്ദേഹത്തെ ആര്‍ച്ചുബിഷപ്പിന്‍റെ പദവിയില‍േക്കു പാപ്പാ ഉയര്‍ത്തുകയും ചെയ്തു.
പ്രസ്തുത പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡണ്ട് കര്‍ദ്ദിനാള്‍ ഹവിയേര്‍ ലോസാനൊ ബറഗാ൯, കാന൯ നിയമം വ്യവസ്ഥചെയ്യുന്ന പ്രായപരിധി എത്തിയതിനാല്‍, ജോലിയില്‍നിന്നു വിരമിക്കുന്നതിനു സമര്‍പ്പിച്ചിരുന്ന രാജി സ്വീകരിച്ചുകൊണ്ട് തല്‍സ്ഥാനത്തു പുതിയ നിയമനം നടത്തുകയായിരുന്നു മാര്‍പാപ്പ.
1949 ഏപ്രില്‍ 7-നു ജനിച്ച നിയുക്ത ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സ്മോവ്സ്കി 1973 മേയ് 27-ന് പൗരോഹിത്യപട്ടം സ്വീകരിച്ചു. 1983 ഫ്രബ്രുവരി 1-ന് വിശ്വാസസിദ്ധാന്ത സംഘത്തില്‍ സേവനം ആരംഭിച്ച അദ്ദേഹത്തെ രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ 2002 മാര്‍ച്ച് 28-ന് റാഡം രൂപതയുടെ മെത്രാനായി നാമനിര്‍ദ്ദേശംചെയ്തു; മേയ് 25-ന് രൂപതയുടെ കത്തീദ്രല്‍ ദേവാലയത്തില്‍വച്ച് വിശ്വാസസിദ്ധാന്ത സംഘത്തിന്‍റെ അന്നത്തെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഭിഷിക്തനാവുകയുംചെയ്തു.
പോളണ്ടിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിന്‍റെ വിശ്വാസസിദ്ധാന്ത കമ്മീഷന്‍റെ അദ്ധ്യക്ഷ൯, സ്ഥിരംസമിതിലെ അംഗം, എക്യുമെനിക്കല്‍ കമ്മീഷനിലെ അംഗം, പ്രവാസികളായ പോളണ്ടുകാര്‍ക്കുവേണ്ടിയുള്ള ഡലഗേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നിയുക്ത പ്രസിഡണ്ട് നിയുക്ത ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോവ്സ്കി.







All the contents on this site are copyrighted ©.