2009-04-12 08:19:50

പാപ്പാ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ കുരിശിന്‍റെ വഴി നയിച്ചു.


10/04/2009) ബനഡിക്ട് പതിനാറാമന്‍ പാപ്പാ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ പ്രാദേശിക സമയം രാത്രി 9.15-ന് കുരിശിന്‍റെ വഴി നയിച്ചു. ആസാമിലെ ഗോഹട്ടി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ തയ്യാറാക്കിയ, ചിന്തകളും പ്രാര്‍ത്ഥനകളും ആയിരുന്നു ഈ ശ്ലീവാപാതയില്‍ ഉപയോഗപ്പെടുത്തിയത്. ഏഷ്യ,ആഫ്രിക്ക,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്ത ഏതാനും വ്യക്തികള്‍ മാറി മാറി കുരിശു വഹിച്ച ഈ കര്‍മ്മത്തില്‍ ഏഴു മുതല്‍ ഒന്‍പതു വരെയുള്ള സ്ഥലങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ഒരു യുവതിയും രണ്ട് കന്യാസ്ത്രികളും ചേര്‍ന്നായിരുന്നു ശ്ലീവാ ചുമന്നത്. ഒരാള്‍ കുരിശു വഹിച്ചപ്പോള്‍ മറ്റുരണ്ടുപേര്‍ ഇടത്തും വലത്തും നിലയുറപ്പിക്കുകയുമായിരുന്നു. ശ്ലീവാപാതയുടെ അവസാനം ബനഡിക്ട് പതിനാറാമന്‍ പാപ്പാ അതില്‍ നേരിട്ടും റേഡിയൊ-ടെലവിഷന്‍ മാദ്ധ്യമങ്ങളിലൂടെയും പങ്കുകൊണ്ടവരെ സംബോധന ചെയ്തു.
ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ‍ നാടകീയ വിവരണത്തിന്‍റെ അവസാനം വിശുദ്ധ മര്‍ക്കോസ് ശതാധിപന്‍റെ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് പാപ്പാ തന്‍റെ പ്രഭാഷണത്തിന്‍റെ ആരംഭത്തില്‍ അനുസ്മരിച്ചു. “ യേശുവിന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍ അവന്‍ ഇപ്രകാരം മരിച്ചതുകണ്ടു പറഞ്ഞു: സത്യമായും ഈ മനു‍ഷ്യന്‍ ദൈവപുത്രനായിരുന്നു. (മര്‍ക്കോസ് 15:39). ക്രൂശിക്കലിന്‍റെ വിവിധ ഘട്ടങ്ങളിലെല്ലാം സന്നിഹിതനായിരുന്ന ഈ റോമന്‍ പടയാളിയുടെ ഈ വശ്വാസപ്രഖ്യാപനത്തില്‍ അത്ഭുതംകൊള്ളാതിരിക്കാന്‍ നമുക്കാവില്ല, പാപ്പാ തുടര്‍ന്നു. ചരിത്രത്തിലെ അദ്വിതീയമായ ആ വെള്ളിയാഴ്ച, രാത്രിയുടെ അന്ധകാരം വ്യാപിക്കാന്‍ തുടങ്ങവെ, കുരിശിലെ യാഗം പൂര്‍ത്തിയായ വേളയില്‍, അവിടെ നിന്നിരുന്നവര്‍ സാധാരണ യഹൂദ പെസഹാചരണത്തിനായി തിടുക്കം കൂട്ടവെ, റോമന്‍സൈന്യത്തിലെ അജ്ഞാതനായ ഒരു പടയാളിയുടെ അധരങ്ങളില്‍നിന്നു വീണുപോയ ആ ഏതാനും വാക്കുകള്‍ അസാധാരണങ്ങളില്‍ അസാധാരണമായ ആ മരണത്തെ വലയം ചെയ്തിരുന്ന നിശബ്ദതയെ ഭേദിച്ചു. വധശിക്ഷ വിധിക്കപ്പെട്ട അനേകം തടവുകാരില്‍ ഒരുവന്‍റെ ശിക്ഷ നടപ്പാക്കപ്പെടുന്നതിന് സാക്ഷിയായ ഈ റോമന്‍പടയാളിക്ക് ക്രൂശിതനായ ആ മനുഷ്യനില്‍, ഏറ്റം നിന്ദ്യമായൊരുപേക്ഷയില്‍ മരണമടഞ്ഞ ദൈവപുത്രനെ തിരിച്ചറിയാന്‍ കഴിഞ്ഞു. അവിടുത്തെ അപമാനകരമായ അന്ത്യം സ്നേഹത്തിന്‍റെയും ജീവന്‍റെയും മേലുള്ള വിദ്വേഷത്തിന്‍റെയും മരണത്തിന്‍റെയും നിയതമായ വിജയത്തിന്‍റെ മുദ്ര പതിക്കുകയായിരുന്നുവെന്നു തോന്നാം. എന്നാല്‍ അപ്രകാരമല്ല സംഭവിച്ചത്. ഗാഗുല്ത്തായില്‍ കുരിശില്‍ മരിച്ചുകിടക്കുന്ന ആ മനുഷ്യന്‍ ദൈവപുത്രനാണെന്ന്, അവന്‍ അന്ത്യശ്വാസം വലിക്കുന്നതു കണ്ടപ്പോള്‍ ശതാധിപന്‍ തിരിച്ചറിഞ്ഞതായി സുവിശേഷകന്‍ വ്യക്തമാക്കുന്നു. വിശുദ്ധ മര്‍ക്കോസ് നല്കുന്ന പീഡാനുഭവ വിവരണം കേള്‍ക്കുമ്പോഴെല്ലാംതന്നെ അത് ശതാധിപന്‍റെ ഈ വിശ്വാസ പ്രഖ്യാപനത്തെക്കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുകയാണ്.
മറ്റുള്ളവരെ വധിച്ചുകൊണ്ടല്ല, പ്രത്യുത, കുരിശില്‍ വധിക്കപ്പെടാന്‍ സ്വയം അനുവദിച്ചുകൊണ്ട് ലോകത്തെ പരിവര്‍ത്തനം ചെയ്ത ഒരുവന്‍റെ എക്കാലത്തെയും ചരിത്രത്തിലെ ഒറ്റപ്പെട്ട ആ സംഭവം പാരമ്പര്യ കുരിശിന്‍റെ വഴിയിലൂടെ നാം പുനര്‍ജ്ജീവിച്ചുവെന്നു പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ പറഞ്ഞു. നമ്മോടുള്ള സ്നേഹത്തെപ്രതിയാണ് ക്രിസ്തു കുരിശില്‍ മരിച്ചതെന്ന് പ്രസ്താവിച്ച പാപ്പാ ഈ രഹസ്യത്താല്‍ ആകര്‍ഷിതരായി അവിടുത്തെപ്പോലെ സ്വജീവന്‍ മറ്റുള്ളവര്‍ക്കു ദാനമായി നല്കിക്കൊണ്ട്, സഹസ്രാബ്ദങ്ങളുടെ ഗതിയില്‍, അവിടുത്തെ പിന്‍ചെന്ന വിശുദ്ധരെയും രക്തസാക്ഷികളേയും അനുസ്മരിച്ചു.
അനുദിനജീവിതത്തിന്‍റെ നിശബ്ദതയില്‍ സ്വന്തം സഹനങ്ങള്‍ ക്രൂശിതന്‍റെ സഹനങ്ങളോട് ചേര്‍ക്കുകയും അങ്ങനെ ആദ്ധ്യാത്മിക-സാമൂഹ്യ നവീകരണത്തിന്‍റെ അപ്പസ്തോലന്മാരായിത്തീരുകയും ചെയ്യുന്നവര്‍ നമ്മുടെ ഈ കാലഘട്ടത്തിലും ഉണ്ടെന്ന് പാപ്പാ പറഞ്ഞു.

ജോയി.







All the contents on this site are copyrighted ©.