2009-04-10 12:12:02

സത്യത്തിലെ വിശുദ്ധീകരണം കര്‍ത്താവ് വൈദികരില്‍ നിന്നാവശ്യപ്പെടുന്നുവെന്ന്, പാപ്പാ.


തന്‍െറ അനുയായികള്‍ സത്യത്തില്‍ വിശുദ്ധീകരിക്കപ്പെടണമെന്ന യേശുവിന്‍െറ പ്രാര്‍ത്ഥനയില്‍ പ്രതിഫലിക്കുന്ന പൗരോഹിത്യവിളിയുടെ സാരാംശം ജീവിച്ചുകൊണ്ട് വിശുദ്ധരാകുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വൈദികരെ ആഹ്വാനം ചെയ്തു. പെസഹാവ്യാഴഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ റോമിലെ ഏതാണ്ടു 1600 വൈദികരോടെപ്പം അര്‍പ്പിച്ച ദിവ്യബലിയിലെ സുവിശേഷപ്രഭാഷണത്തിലാണ് പാപ്പായുടെ ആ ആഹ്വാനം. “അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിനു് അവര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നവെന്ന” യേശുവിന്‍െറ പ്രാര്‍ത്ഥന ഉദ്ധരിച്ച പ.പിതാവ് അഭിഷേചിക്കുകയെന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വിശദീകരിച്ചു. ആരെയെങ്കിലും, എന്തിനെയെങ്കിലും അഭിഷേചിക്കുമ്പോള്‍ ആ വ്യക്തിയെ അഥവാ ആ വസ്തുവിനെ ആ വ്യക്തി അഥവാ ആ വസ്തു ആയിരിക്കുന്ന പരിതോവസ്ഥയില്‍ നിന്ന് പിഴുതെടുത്ത് ദൈവത്തിനായി നല്‍കുകയാണ്, പൂര്‍ണ്ണമായും അവിടുത്തെ സ്വന്തമാക്കുകയാണ്. പിന്നിട് ആ വ്യക്തി അഥവാ വസ്തു അവിടത്തേയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അതിനെ നമുക്ക് ബലിയെന്ന് വിശേഷിപ്പിക്കാം. അപ്രകാരം വൈദികര്‍ ലോകത്തില്‍ നിന്ന് എടുക്കപ്പെട്ട് ദൈവത്തിനായി നല്‍കപ്പെട്ടവരാണ്. അവര്‍ അതിനാല്‍ അവിടത്തെ പോലെ എല്ലാവര്‍ക്കും സംലഭ്യരാകുന്നു. ദൈവത്തിലേയ്ക്കു് ആഴമായി ആകര്‍ഷിക്കപ്പെട്ട്, ദൈവവചനത്തില്‍ ആമഗ്നമായി ആണ് ശിഷ്യര്‍ വിശുദ്ധീകരിക്കപ്പെടുക. സമൂഹത്തെ ചീന്തിക്കീറുകയും, അക്രമത്തിനു് വഴിത്തിരിയുകയും ചെയ്യുന്ന വിനാശകരമായ അഹങ്കാരവും, ഭാവനകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മുടെ അസ്തിത്വത്തിന്‍െറ സത്യവുമായി പൊരുത്തപ്പെടുന്ന വിനയവും, സത്യമായ ദൈവതിരുമനസ്സിനോടുള്ള വിധേയത്വമായ അനുസരണയും ക്രിസ്തുവില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. പൊതു അഭിപ്രായങ്ങളായിരിക്കരുത് നിങ്ങളുടെ മാനദണ്ഡങ്ങളുടെ ആധാരം. മറിച്ച് സുവിശേഷമൂല്യങ്ങളുടെ ചുവടുപിടിച്ചായിരിക്കണം അത് രുപീകൃതമാകുക .നമ്മുടെ പൗരോഹിത്യം ക്രിസ്തുവുമായി ഐക്യപ്പെട്ട ഒരു ജീവിതശൈലിയാണ്. ക്രിസ്തുവിടോടുള്ള ഐക്യപ്പെടല്‍ ആത്മപരിത്യാഗം ആവശ്യപ്പെടുന്നു. അതായത് സ്വന്തം ആഗ്രഹങ്ങള്‍ നിരാകരിച്ച് ദൈവത്തിന്‍െറ ഹിതം സ്വീകരിക്കല്‍, അവിടത്തെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ വിട്ടുകൊടുക്കല്‍ ഒക്കെ ആത്മപരിത്യാഗം ബാദ്ധ്യതപ്പെടുത്തുന്നു. നമ്മുടെ പൗരോഹിത്യസ്വീകരണവേളയില്‍ സ്വതന്ത്രരായിരിക്കുവാനുള്ള, സ്വന്ത ഹിതമനുസരിച്ചുള്ള രൂപീകരിക്കപ്പെടുവാനുള്ള പ്രവണത നാം ഉപേക്ഷിച്ചവരാണ്. അതിലൂടെ നടത്തിയ കര്‍ത്താവിന്‍െറ ഹിതത്തോടുള്ള ആ വലിയ ‘ഉവ്വ്’ അനുദിന ചെറിയ ചെറിയ ‘ഉവ്വു’കളിളൂടെയും, ത്യാഗങ്ങളിലൂടെയും നാം ജീവിക്കണം. യേശു നമ്മുടെ ഹൃദയകേന്ദ്രത്തിലുണ്ടെങ്കില്‍ അവ വേദനയും സ്വാനുതാപവും കുടാതെ ചെയ്യുവാന്‍ സാധിക്കും. തുടര്‍ന്ന് പാപ്പാ പ്രാര്‍ത്ഥനയുടെ പ്രാധാന്യവും ഊന്നി പറഞ്ഞു.







All the contents on this site are copyrighted ©.