2009-04-09 10:43:46

ഫാദര്‍ സെബാസ്റ്റൃ൯ കല്ലുപുര ബുക്സര്‍ രൂപതയുടെ പുതിയ മെത്രാ൯.


ബീഹാര്‍ സംസ്ഥാനത്തെ ബുക്സര്‍ രൂപതയുടെ പുതിയ മെത്രാനായി മലയാളിയായ ഫാദര്‍ സെബാസ്റ്റൃ൯ കല്ലുപുരയെ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തു. 1984 മുതല്‍ പാറ്റ്ന അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന നിയുക്ത മെത്രാന്‍റെ മാതൃരൂപത പാലയാണ്. ബീഹാര്‍ സോഷ്യല്‍ ഫോറത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരവേയാണ് അദ്ദേഹം ബുക്സര്‍ രൂപതയുടെ ഭരണാദ്ധ്യക്ഷനായി നിയമിതനായിരിക്കുന്നത്.
1953 ജൂലൈ 14-ന് ജനിച്ച നിയുക്ത ബിഷപ്പ് സെബാസ്റ്റൃ൯ കല്ലുപുര മംഗലാപുരം സെന്‍റ് ജോസഫ്സ് മേജര്‍ സെമിനാരി, റാഞ്ചി സെന്‍റ് ആല്‍ബര്‍ട്ടസ് കോളേജ്, പൂനെ പേപ്പല്‍ സെമ്മിനാരി എന്നീ സ്ഥാപനങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി 1984 മേയ് 14-ന് പൗരോഹിത്യപട്ടം സ്വീകരിച്ചു. വിവിധ ഇടവകളില്‍ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2000 മുതല്‍ 2002 വരെ പാറ്റ്ന അതിരൂപതയുടെ അസിസ്റ്റന്‍റ് പ്രൊക്കുറേറ്റര്‍, പ്രൊക്കുറേറ്റര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2003-ല്‍ അതിരൂപതയുടെ സാമൂഹ്യ-സാമ്പത്തിക വികസന കേന്ദ്രത്തിന്‍റെ ഡയറക്ടറായി നിയമിക്കപ്പെട്ട ഫാദര്‍ കല്ലുപുരയ്ക്കു 2008-ല്‍ ബീഹാര്‍ സോഷ്യല്‍ ഫോറത്തിന്‍റെ ചുമതല നല്കപ്പെട്ടു.
പാറ്റ്ന അതിരൂപത വിഭജിച്ച് അതിന്‍റെ സാമന്ത രൂപതയായി 2005 ഡിസംബര്‍ 12-ന് സ്ഥാപിക്കപ്പെട്ട ബുക്സര്‍ രൂപതയുടെ വിസ്തീര്‍ണ്ണം 11,298 ച.കി. ആണ്. രൂപതയുടെ ഭരണാതിര്‍ത്തിക്കുള്ളിലെ 9,743,853 നിവാസികളില്‍ 24,956 പേര്‍ മാത്രമാണ് കത്തോലിക്കാവിശ്വാസികള്‍. 5 ഇടവകകള്‍ ഉള്ള രൂപതയില്‍ 25 പുരോഹിതരും 26 സന്ന്യാസികളും 71 സന്ന്യാസിനികളും സേവനമനുഷ്ഠിക്കുന്നു.
ബുക്സര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് വില്യം ഡിസൂസ പാറ്റ്ന അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി സ്ഥലംമാറ്റപ്പെട്ടതിനെ തുടര്‍ന്നു 2007 ഒക്ടോബര്‍ 1-മുതല്‍ മെത്രാ൯സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.







All the contents on this site are copyrighted ©.