2009-04-07 13:19:13

ജീവിതം അനിശ്ചിതമാണെങ്കിലും മനുഷ്യവ്യക്തിയുടെ ഭാഗധേയത്വത്തെപ്പറ്റി നമുക്ക് ഉറപ്പുണ്ടെന്ന്, പാപ്പാ


ജീവിതം അനിശ്ചിതമാണെങ്കിലും, മനുഷ്യവ്യക്തിയുടെ ഭാഗധേയത്വത്തെപ്പറ്റി ഒരു അനിശ്ചിതത്വവുമില്ലെന്ന് പാപ്പാ. ക്രിസ്തുവാണ് മനുഷ്യജീവന്‍െറയും, ചരിത്രത്തിന്‍െറയും അന്ത്യം. ലോകയുവജനദിനത്തിനായുള്ള കുരിശു് പാപ്പായില്‍ നിന്ന് ഓശാനദിനത്തില്‍ ഏറ്റു വാങ്ങുന്നതിന്, 2011 ലെ ആ സംഗമത്തിന്‍െറ വേദിയായ സ്പെയിനിലെ മഡ്രിഡില്‍ നിന്നെത്തിയ യുവജനങ്ങളെ തിങ്കളാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. പ്രിയ യുവജനമെ, പാപ്പാ തുടര്‍ന്നു- ക്രിസ്തുവിന്‍െറ കാലടികള്‍ പിന്‍തുടരുക. അവിടുന്നാണ് നിങ്ങളുടെ ലക്ഷൃവും, മാര്‍ഗ്ഗവും, പ്രതിഫലവും. നിശ്ചയമായും ജീവിതം ഒരു പ്രയാണമാണ്. എന്നാല്‍ വ്യക്തമായ ലക്ഷൃമില്ലാത്ത, അനിശ്ചിതമായ ഒരു യാത്രയല്ല അത്. സ്നേഹത്താല്‍ പ്രേരിതമായി സ്വജീവന്‍ നമുക്കായി ഹോമിച്ച, നിത്യജീവന്‍െറ വാതില്‍ നമുക്കായി തുറന്നു തരുന്ന ക്രിസ്തുവിനെ ആ യാത്രയില്‍ നിങ്ങള്‍ കണുമുട്ടും. അതുല്യമായി, വ്യക്തിപരമായി അവിടുന്നു ഓരോത്തരെയും സ്നേഹിക്കുന്നു. സ്നേഹപൂര്‍വം ജീവന്‍ അവിടത്തേയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് ആ സ്നേഹത്തോട് പ്രതികരിക്കുക. ജീവിതത്തിനു് അര്‍ത്ഥമേകുകയും, ബോധ്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസത്താല്‍ രൂപികൃതരായി ക്രിസ്തുവിനെ നിങ്ങളുടെ സ്നേഹിതരോട് പ്രഘോഷിക്കുക. സേവിക്കപ്പെടാനല്ല മറിച്ച് സേവിക്കുവാനും, എല്ലാവര്‍ക്കും മോചനദ്രവ്യമായി സ്വയം നല്‍കുവാനും ആയി വന്ന, മഹത്വപൂര്‍വകമായ കുരിശിന്‍െറ അടയാളത്താല്‍ മുദ്രിതനായ അവിടുന്നില്‍ നിന്ന് പഠിക്കുക.







All the contents on this site are copyrighted ©.