2009-03-31 16:31:37

ദൈവവിളികള്‍ക്കായുള്ള നാല്പത്തിയാറാം ലോകപ്രാര്‍ത്ഥനാദിനത്തിനായുള്ള പാപ്പായുടെ സന്ദേശം


ദൈവവിളികള്‍ക്കായുള്ള നാല്പത്തിയാറാം ലോകപ്രാര്‍ത്ഥനാദിനത്തിനായുള്ള പാപ്പായുടെ സന്ദേശം ചെവ്വാഴ്ച പ്രസിദ്ധീകൃതമായി.’ ദൈവവികമുന്‍കൈയെടുക്കലിലെ വിശ്വാസം- മനുഷ്യപ്രതികരണം’ എന്ന ആദര്‍ശപ്രമേയമാണ് ആ ദിനത്തിനായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പൗരോഹിത്യത്തിലേയ്ക്കും, സമര്‍പ്പിതജീവിതത്തിലേയ്ക്കും ഉള്ള വിളി ദൈവത്തിന്‍െറ ഒരു സവിശേഷദാനമാണ്. എല്ലാ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാനവകുലം മുഴുവനുമായുള്ള ദൈവത്തിന്‍െറ സ്നേഹത്തിന്‍െറയും, രക്ഷയുടെയും മഹത്തായ പദ്ധതിയുടെ ഭാഗമായി അത് പരിവര്‍ത്തിക്കും. ആ മഹത്തായ മുന്‍കൈയെടുക്കലിനായി നിരന്തരമായ പ്രാര്‍ത്ഥന വിളവിന്‍െറ നാഥന്‍െറ പക്കലേയ്ക്ക് കുടുംബങ്ങളില്‍ നിന്നും, ഇടവകകളില്‍ നിന്നും, സഭാപ്രസ്ഥാനങ്ങളില്‍ നിന്നും ഉയരണം. വിളിക്കപ്പെടുന്നവര്‍ തങ്ങളുടെ വിളി ശ്രദ്ധാപൂര്‍വ്വകം ശ്രവിക്കുകയും, വിവേകപൂര്‍വ്വകം വിവേചിച്ചറിയുകയും, ദൈവികാഹ്വാനത്തിനു് ഉത്തരവാദിത്വത്തോടും, ബോധ്യത്തോടും കുടെ പ്രത്യുത്തരിക്കുകയും വേണം. പിതാവിന്‍െറ ഹിതത്തോടുള്ള സമ്പൂര്‍ണ്ണവും, പ്രത്യാശാനിര്‍ഭരവും ആയ സംയോജ്യതയുടെ മാതൃക യേശുവാണ്. വിശുദ്ധതും, നിഷ്കളങ്കരും ആയിരിക്കുവാന്‍ പിതാവായ ദൈവം നമ്മെ ക്രിസ്തുവില്‍ ലോകസ്ഥാപനത്തിനു മുന്‍പ് തന്നെ തെരഞ്ഞെടുത്തുവെന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍ പ്രബോധിപ്പിക്കുന്നു. വിശുദ്ധിയ്ക്കായുള്ള സാര്‍വ്വത്രിക വിളിയില്‍ തന്‍െറ സുതനായ യേശു ക്രിസ്തുവിനെ കുടുതല്‍ അടുത്ത് അനുധാവനം ചെയ്യുവാനും, അവിടത്തെ സവിശേഷ ശുശ്രൂഷകരും സാക്ഷികളും ആകുവാനുമായി ചിലരെ തെരഞ്ഞെടുക്കുന്ന ദൈവത്തിന്‍െറ മുന്‍കൈയെടുക്കല്‍ സവിശേഷപ്രധ്യാനമര്‍ഹിക്കുന്ന ഒന്നാണ്. പാപ്പാ സന്ദേശത്തില്‍ തുടരുന്നു - പ്രിയ സ്നേഹിതരെ, പ്രയാസങ്ങളുടെയും സംശയങ്ങളുടെയും മുന്‍പില്‍ നഷ്ടധൈര്യരാകരുത്. ദൈവത്തില്‍ ശരണപ്പെടുക. യേശുവിനെ വിശ്വസ്തയോടെ പിന്‍തുടരുക. അവിടുന്നുമായുള്ള അഗാധമായ ഐക്യത്തില്‍ നിന്ന് പ്രവഹിക്കുന്ന ആനന്ദത്തിന്‍െറ സാക്ഷികളായി ഭവിക്കും നിങ്ങള്‍. വിശ്വസിച്ചതിനാല്‍ ഭാഗ്യവതിയെന്ന് ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കുന്ന കന്യാകാമറിയത്തിന്‍റ മാതൃക പിന്‍ചെന്ന് സ്വര്‍ഗ്ഗീയപിതാവിന്‍െറ രക്ഷാകരപദ്ധതി സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന് ആത്മീയ ശക്തി മുഴുവനോടും കുടെ പ്രതിബദ്ധരാകുക.







All the contents on this site are copyrighted ©.