2009-03-18 14:11:04

ഞാന്‍ ഒരു ഇടയനായി വന്നിരിക്കുന്നു, പാപ്പാ


ഞാന്‍ ഒരു ഇടയനായിട്ടാണ് വന്നിരിക്കുന്നത്. എന്‍െറ സഹോദരി സഹോദരമാരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്താനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ക്രിസ്തു അന്ത്യത്താഴവേളയില്‍ പത്രോസിനെ ഭരമേല്പിച്ചത് ആ ദൗത്യമതാണ്. പത്രോസിന്‍െറ പിന്‍ഗാമികളുടെയും ദൗത്യമതാണ്. ഈ മഹത്വത്തായ ഭൂഖണ്ഡത്തിലെ ഇത്രയേറെ പുത്രിപുത്രമാരെ നിലനിറുത്തുകയും, പരിപോഷിപ്പിക്കുകയും ചെയ്യുന്ന ക്രിസ്തുവിലെ ജീവദായകമായ വിശ്വാസം ആഘോഷിക്കുന്നതിനു് പത്രോസിന്‍െറ പിന്‍ഗാമി ഇവിടെ വരിക എത്ര യുക്തമാണ് കാമറൂണിലെത്തിയ പാപ്പാ പ്രസിഡന്‍റിന്‍െറ സ്വാഗതവാക്കുകള്‍ക്ക് മറുപടി പറയവെ പ്രസ്താവിച്ചു. ഒക്ടോബറിലെ മെത്രാന്‍മാരുടെ സിനഡിന്‍െറ ആഫ്രിക്കക്കായുള്ള രണ്ടാം പ്രത്യേക സമ്മേളനത്തെ പറ്റി പരാമര്‍ശിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു- സഭയുടെ ദൗത്യം പ്രത്യാശ എവിടെയും പ്രസരിപ്പിക്കുകയാണ്. വലിയ സഹനങ്ങളുടെ നടുവിലും ക്രൈസ്തവസന്ദേശം എപ്പോഴും പ്രത്യാശ ഉളവാക്കുന്നു. വലിയ സഹനങ്ങളുടെയും, അനീതിയുടെയും സാഹചര്യങ്ങളില്‍ പോലും സജീവദൈവവുമായുള്ള കണ്ടുമുട്ടല്‍ നിമിത്തമാക്കുന്ന രുപാന്തരീകരണത്തിന്‍െറ വാചാലമാതൃക വിശുദ്ധ ജോസഫീന്‍ ബക്കീത്തായുടെ ജീവിതം കാട്ടിത്തരുന്നു. സഹനത്തിന്‍െറ, അക്രമത്തിന്‍െറ, ദാരിദ്ര്യത്തിന്‍െറ, അഴിമതിയുടെ, അധികാരദുര്‍വിനിയോഗത്തിന്‍െറ മുന്‍പില്‍ ക്രൈസ്തവനു് ഒരിക്കലും നിശബ്ദനായിരിക്കാനാവില്ല. ജനങ്ങളുടെ അന്ധകാരപൂര്‍വ്വകമായ ജീവിതത്തില്‍ ക്രിസ്തുവിന്‍െറ വെളിച്ചം പ്രകാശിക്കുന്നതിനു് സുവിശേഷത്തിന്‍െറ രക്ഷാകരസന്ദേശം വ്യക്തമായും, ഉച്ച സ്വരത്തിലും പ്രഘോഷിക്കപ്പെടണം. ലോകത്തിന്‍െറ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെ ആഫ്രിക്കയിലും നിരവധി സ്ത്രീ പുരുഷന്‍മാര്‍ പ്രത്യാശയുടെയും, ആശ്വാസത്തിന്‍െറയും ഒരു വാക്കിനായി ദാഹിക്കുകയാണ്. സാമ്പത്തികമാന്ദ്യം ആഫ്രിക്കയിലെയും ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുകയാണ്. ജനങ്ങള്‍ അനുരഞ്നത്തിനും, നീതിക്കും, സമാധാനത്തിനും ആയി കേഴുന്നു. അവരാഗ്രഹിക്കുന്നതാണ് സഭയ്ക്ക് നല്‍കുവാനുള്ളതും. നവരുപത്തിലുള്ള സാമ്പത്തിക രാഷ്ട്രീയ അടിച്ചമര്‍ത്തല്ല മറിച്ച് ദൈവമക്കളുടെ മഹത്വമേറിയ സ്വാതന്ത്ര്യം. അജാതശിശുക്കളുടെ അവകാശങ്ങളെ അവഗണിക്കുന്ന സാംസ്ക്കാരിക രുപങ്ങളുടെ അടിച്ചേല്‍ല്പിക്കലല്ല പ്രത്യുത ജീവന്‍െറ സുവിശേഷത്തിന്‍െറ പാവനമായ സൗഖ്യദായകജലം. കയ്പയേറിയ മതാന്തര,വര്‍ഗ്ഗാന്തര ശത്രുതയല്ല മറിച്ച് ദൈവരാജ്യത്തിന്‍െറ നീതിയും സമാധാനവും സന്തോഷവും, പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞ ‘സ്നേഹത്തിന്‍െറ സംസ്ക്കാരം’.. കാമറൂണിനെ ജീവന്‍െറ, സമാധാനത്തിന്‍െറ നാടായി വിശേഷിപ്പിച്ച പാപ്പാ അന്നാടിനെയും, ആഫ്രിക്ക മുഴുവനെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന ആശംസയോടെയാണ് തന്‍െറ മറുപടിപ്രസംഗം സമാപിപ്പിച്ചത്.







All the contents on this site are copyrighted ©.