2009-03-10 16:21:44

ജീവിതത്തിലെ ദൈവത്തിന്‍െറ അസാന്നിദ്ധ്യം മാനവശേഷിയെ ബലഹീനമാക്കുമെന്ന് പാപ്പാ


 
ദൈവത്തെയും, അവിടത്തെ ധാര്‍മ്മികനിയന്ത്രണത്തെയും ജീവിതത്തില്‍ നിന്നു് അകറ്റി നിര്‍ത്തിയാല്‍ മനുഷ്യനു് അധികൃതസന്തോഷവും, സ്വാതന്ത്ര്യവും ലഭ്യമാകില്ല. മാത്രവുമല്ല അത് പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ശക്തി ചോര്‍ത്തിക്കളയുകയും ചെയ്യും. റോമിന്‍െറ ഭരണകേന്ദ്രമായ കാമ്പിഡോലിയോ സന്ദര്‍ശിച്ച പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നഗരമേയര്‍ ജാന്നി അലേമാന്നോയെയും, അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യവെ പ്രസ്താവിച്ചു. അടുത്തയിട നഗരത്തിലുണ്ടായ അക്രമസംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ടു പ.പിതാവ് തുടര്‍ന്നു- ആധുനികമനുഷ്യന്‍െറ ഹൃദയത്തെ മഥിക്കുന്ന ആത്മീയദാരിദ്ര്യത്തെയാണ് അത് കാട്ടുക. ദൈവത്തെയും, അവിടത്തെ നിയമങ്ങളെയും ഒഴിച്ചു നിര്‍ത്തിയ ഒരു സംരംഭവും ലോകത്തില്‍ വിജയിച്ചിട്ടില്ല. മറിച്ച് അത് മനുഷ്യന്‍െറ ആത്മീയ അടിത്തറയും, പ്രത്യാശയും നശിപ്പിച്ച് ജീവിതായോധനത്തെ ദുഷ്ക്കരമാക്കുകയേ ചെയ്തിട്ടുള്ളൂ. അപ്പോള്‍ പ്രയാസങ്ങളുടെയും, പ്രതിസന്ധികളുടെയും മുന്‍പില്‍ അവന്‍ തകരും. എന്ത് ചെയ്യണമെന്നു് അറിയാതെ അവന്‍ നഷ്ടധൈര്യനാകും. ജീവിതവെല്ലുവിളികളെ വിജയകരമായി നേരിടുന്നതിനു് റോം നഗരത്തെ ഒരിക്കല്‍ സംസ്ക്കാരമാതൃകയായി ലോകസമക്ഷം അവതരിപ്പിച്ച അവളുടെ ആത്മാവിനെ- നിത്യമായ മൂല്യങ്ങളെ- വീണ്ടും കണ്ടെത്തണം. മനുഷ്യനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതിനും, പ്രോല്‍സാഹിപ്പിക്കുന്നതിനും അതാവശ്യമാണ്. ആ സത്യത്തിന്‍െറ പ്രകാശമാനമായ സന്ദേശത്തിന്‍െറ സംവാഹകയാണ് ക്രൈസ്തവമതം. ആ സന്ദേശത്തിന്‍െറ സൂക്ഷിപ്പുകാരിയായ സഭ ആധുനികസംസ്ക്കാരത്തോടുള്ള അവളുടെ ഉത്തരവാദിത്വത്തെ പറ്റി ബോധവതിയാണ്. റോമിലെ ജനതയടെ ഹൃദയങ്ങളില്‍ രുഢമൂലമായിരിക്കുന്ന സുവിശേഷപ്രകാശത്താല്‍ പ്രബലമാക്കപ്പെട്ട ഐക്യദാര്‍ഢ്യത്തിന്‍െറയും, ഉദാരതയുടെയും മൂല്യങ്ങള്‍ ആനുകാലികസാമ്പത്തികമാന്ദ്യത്താല്‍ ഏറ്റം സഹനവിധേയരാകുന്നവരെ സഹായിക്കാന്‍ നഗരവാസികള്‍ക്ക് ഉത്തേജനം പകരുവാന്‍ പരിയാപ്തമാണ്.







All the contents on this site are copyrighted ©.