2009-03-05 11:50:22

ഗോട്ടിമലയിലെ അക്രമങ്ങള്‍ക്ക് എതിരെ സഭാനേതൃത്വം ശബ്ദമുയര്‍ത്തുന്നു


ഗോട്ടിമലയില്‍ അരങ്ങേറുന്ന അക്രമങ്ങളെയും, സംഘടിതകുറ്റകൃത്യങ്ങളെയും അവിടത്തെ വേറാപാസ് രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് റോഡോള്‍ഫോ വെന്‍സ്വേല നുന്‍സെ ശക്തമായി അപലപിക്കുന്നു. പട്ടാപകല്‍പോലും യാതെരു സങ്കോചവും കുടാതെ കൊലപാതകങ്ങള്‍ നടത്തുന്നത് ജനങ്ങളില്‍ ഭീതി മാത്രമല്ല, സുരക്ഷിതത്വമില്ലായ്മയും പരസ്പരവിശ്വാസമില്ലായ്മയും ഉളവാക്കുകയാണെന്ന് ഒരു വിജ്ഞാപനത്തില്‍ അദ്ദേഹം പരിതപിക്കുന്നു. ഗര്‍ഹണീയമായ അക്രമങ്ങളുടെയും, സംഘടിതകുറ്റകൃത്യങ്ങളുടെയും ആസ്ഥാനമായി വേറാപാസിനെ ആ ഹീനര്‍ പരിവര്‍ത്തിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന ബിഷപ്പ് വിജ്ഞാപനത്തില്‍ തുടരുന്നു - അവിടെ അടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് കര്‍ഷകരെ അഞ്ഞൂറു പോലീസുകാര്‍ ബലം പ്രയോഗിച്ച് ബഹിഷ്കൃതരാക്കി. തദവസരത്തില്‍ പോലീസും, കര്‍ഷകരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരണമടയുകയും, ഏതാനും പേര്‍ക്കു് പരിക്കുകളേല്ക്കുകയും ചെയ്തു. ആ സംഭവത്തെപ്പറ്റി പ്രാദേശിക മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചതും വളരെ വേദനാജനകമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ശിക്ഷിക്കപ്പടാതെയിരിക്കുന്നത് ജനങ്ങളുടെ നീതിപാലകരിലെ വിശ്വാസം ചോര്‍ത്തിക്കളയുകയാണ്. നാട്ടിലെ മിക്ക കുറ്റകൃത്യങ്ങളുടെയും കാരണം അസമത്വവും, ഭൂമിയുടെ അനീതിപരമായ വിതരണവുമാണ്. ജീവന്‍െറയും, മനുഷ്യവകാശങ്ങളുടെയും നേരെയുള്ള അനാദരവിന്‍െറ മുന്‍പില്‍ സഭയ്ക്ക് നിസ്സംഗത്വം പാലിക്കാനാവില്ല. നാട്ടില്‍ ക്രമവും, നിയമവാഴ്ചയും ഉറപ്പാക്കാന്‍ വിജ്ഞാപനത്തില്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്ന ബിഷപ്പ് നീതിപൂര്‍വ്വകവും മാനവികവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പാള്‍ സത്യസന്ധതയോട് വിശ്വസ്തരായിരിക്കുവാന്‍ സാമൂഹികസമ്പര്‍ക്കമാധ്യമരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്നു് അദ്ദേഹം അക്രമത്തോട് അക്രമം കൊണ്ടു പ്രതികരിക്കാതെയിരിക്കാനും, തിന്മയെ തിന്മ കൊണ്ടു നേരിടാതെ നന്മ കൊണ്ടു നേരിടാനും, സംഘര്‍ഷാത്മക സാഹചര്യങ്ങളോട് അക്രമരാഹിത്യത്തിന്‍െറയും വിട്ടുവീഴ്ചയുടെയും ചൈതന്യത്തില്‍ പ്രതികരിക്കുവാനും വിജ്ഞാപനത്തില്‍ സഭാതനയരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.