2009-03-04 15:16:41

ഇരുപത്തിനാലാം ലോകയുവജനദിനത്തിനായുള്ള പാപ്പായുടെ സന്ദേശം


 
ഇരുപത്തിനാലാം ലോകയുവജനത്തിനായുള്ള പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ സന്ദേശം ബുധനാഴ്ച പ്രസിദ്ധീകൃതമായി. ‘ജീവിക്കുന്ന ദൈവത്തിലാണ് നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്’ (1 തീമോത്തി 4/10 നിന്ന്) എന്ന വി.ഗ്രന്ഥവാക്യത്തെ കേന്ദ്രീകരിച്ചാണ് ആ സന്ദേശം. യുവത്വം പ്രത്യാശയുടെ ഒരു സമയം, വലിയ പ്രത്യാശയ്ക്കായുള്ള അന്വേഷണം, വി.പൗലോസ് പ്രത്യാശയുടെ സാക്ഷി, ക്രിസ്തുവിലെ വലിയ പ്രത്യാശയിലേയ്ക്കുള്ള പാത , ക്രൈസ്തവ പ്രത്യാശയ്ക്കു് അനുസരണമായ ജീവിതം, മറിയം പ്രത്യാശയുടെ മാതാവ് എന്നീ ഉപശീര്‍ഷകങ്ങളിലെ ആ സന്ദേശത്തില്‍ പാപ്പാ എഴുതുന്നു- ഭാവിയെ നോക്കിപാര്‍ക്കുന്ന, അക്കാലത്തേയ്ക്ക് സ്വപ്നം നെയ്യുന്ന കാലമാണ് യുവത്വം. ആ ഘട്ടത്തിലാണ് ഭാവിയെ സംബന്ധിച്ച തീരുമാനങ്ങള്‍ നാം സ്വീകരിക്കുക. വലിയ പ്രത്യാശയ്ക്കായുള്ള അന്വേഷണത്തില്‍ മനുഷ്യചേതസ്സ് ദാഹിക്കുന്ന പ്രത്യാശ ഉറപ്പാക്കാന്‍ ദൗതികവസ്തുക്കള്‍ക്കോ, വ്യക്തിപരമായ കഴിവുകള്‍ക്കോ സാധ്യമല്ലെന്നു് അനുഭവം പഠിപ്പിക്കുന്നു. ആ യാഥാര്‍ത്ഥ്യത്തെ അധികരിച്ച ദൈവവചനം വളരെ വ്യക്തമാണ്. “കര്‍ത്താവു് അരുള്‍ചെയ്യുന്നു, മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കര്‍ത്താവില്‍ നിന്ന് ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍. അവന്‍ മരുഭൂമിയിലെ കുറ്റിചെടി പോലെയാണ്”. (ജറെമിയ 17/ 5ഉം 6ഉം വാക്യങ്ങളില്‍ നിന്ന്.) പ്രത്യാശയുടെ സാക്ഷിയായ വി.പൗലോസിന് പ്രത്യാശ വെറും ഒരു ആദര്‍ശമോ, വികാരമോ ആയിരുന്നില്ല. മറിച്ച് ദൈവസുതനായ യേശു ക്രിസ്തു എന്ന സജീവവ്യക്തിയായിരുന്നു. അവിടുന്നാണ് അധികൃതപ്രത്യാശ. നമ്മുടെ പ്രത്യാശയായ ക്രിസ്തുവിനെ മറ്റുള്ളവരോട് പ്രഘോഷിക്കുകയും, അവരെ അവിടുത്തെ സ്നേഹവലയത്തിലേയ്ക്കു് ആനയിക്കുകയും ആണ് ക്രൈസ്തവപ്രത്യാശയ്ക്കു് അനുയോജ്യമായ ജീവിതശൈലി. നമ്മുടെ പ്രത്യാശയുടെ വിശദീകരണമാവശ്യപ്പെടുന്നവരോട് മറുപടി പറയാന്‍ നാം സന്നദ്ധരായിരിക്കണം. യഥാര്‍ത്ഥക്രൈസ്തവന്‍ വിവിധ പരീക്ഷക്ഷണങ്ങളുടെയിടയില്‍ പോലും സന്തോഷചിത്തനായിരിക്കും. കാരണം ക്രിസ്തുവിന്‍െറ സാന്നിദ്ധ്യമാണ് അവന്‍െറ സന്തോഷത്തിന്‍െറയും, സമാധാനത്തിന്‍െറയും രഹസ്യം. ഇസ്രായേലിന്‍െറ പ്രത്യാശയെ ഉദരത്തില്‍ സംവഹിക്കുകയും, ലോകത്തിന് രക്ഷകനെ നല്‍കുകയും, ധൈര്യപൂര്‍വം കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുകയും ചെയ്ത മറിയമാണ് നമ്മുടെ മാതൃകയും, ശക്തിയും. ദുരിതങ്ങളിലും, അമ്പരപ്പിലും മറിയത്തെ സ്മരിക്കുക അവളെ വിളിച്ച് അപേക്ഷിക്കുക. അവളെ അനുഗമിച്ചാല്‍ നമുക്കു് മാര്‍ദ്രംശം വരില്ല, അവളോട് പ്രാര്‍ത്ഥിച്ചാല്‍ നാം നിരാശരാകയില്ല, അവളെ അനുസ്മരിച്ചാല്‍ നമുക്ക് തെറ്റു പറ്റില്ല







All the contents on this site are copyrighted ©.