2009-02-27 15:41:47

കത്തോലിക്കരും മുസ്ലിങ്ങളും സമാധാനപരിപോഷണത്തിനു് ഒറ്റക്കെട്ടായി


 
മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറയും, ഏകദൈവത്തില്‍ വിശ്വസിക്കുന്ന മതങ്ങളുടെയിടയിലെ സംവാദത്തിനായുള്ള അല്‍ അസ്സാര്‍ സ്ഥിരം കമ്മറ്റിയുടെയും സംയുക്തസമിതിയുടെ വാര്‍ഷികസമ്മേളനം അടുത്തയിട റോമില്‍ നടന്നു. മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാന്‍െറയും, ഈജിപ്തിലെ അല്‍ അസ്സാറിന്‍െറ ഇസ്ലാമിക് ഗവേഷണത്തിനായുള്ള അക്കാദമിയുടെ സെക്രട്ടറി ജനറല്‍ ഷെയ്ക്ക് അലി അബ്ഡ് അല്‍ ഷാഹാത്തിന്‍െറയും നേതൃത്വത്തിലെ ഏഴംഗസംഘം അതില്‍ പങ്കെടുത്തു. വിവിധങ്ങളായ സംഘര്‍ഷങ്ങളാലും സുരക്ഷിത്വമില്ലായ്മയാലും മുദ്രിതമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും സുരക്ഷിത്വവും വളരെയാവശ്യമാണെന്നും, സമാധാനം ദൈവദാനവും ഒപ്പം മനുഷ്യപ്രയത്നഫലവും ആണെന്നു് ഇരു കുട്ടരും വിശ്വസിക്കുന്നുവെന്നും, വ്യക്തികളുടെയും സമൂഹങ്ങളുടെയും ഇടയിലെ നീതിയും സമത്വവും കുടാതെ സ്ഥിരമായ സമാധാനം നേടിയെടുക്കാനാവില്ലെന്നും, പ്രബോധനത്തിലൂടെ സമാധാനസംസ്ക്കാരം പരിപോഷിപ്പിക്കുവാന്‍ മതനേതാക്കമാര്‍ക്കു് ഉത്തരവാദിത്വമുണ്ടെന്നും, ജീവിതത്തിന്‍െറ എല്ലാ തലങ്ങളും സമാധാനസംസ്ക്കാരത്താല്‍ പൂരിതമാക്കണമെന്നും, മതപരമായ ഗ്രന്ഥങ്ങളിലെ മറ്റു മതസ്ഥരുടെ വികാരങ്ങളെ വൃണിതമാക്കുന്ന ആശയങ്ങള്‍ തിരുത്തിക്കുറിക്കുന്നതിനു് നടപടികള്‍ സ്വീകരിക്കണമെന്നും, മനസ്സാക്ഷിമത സ്വാതന്ത്രങ്ങള്‍ ആദരിക്കപ്പെടണമെന്നും, മദ്ധ്യപൂര്‍വ്വപ്രദേശത്തെ പ്രശ്നപരിഹരണം സംവാദത്തിലൂടെ പരിഹരിക്കുവാന്‍ ശ്രമിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്നും -പരസ്പരാദരവിന്‍െറയും, തുറവിന്‍െറയും, സൗഹൃദത്തിന്‍െറയും അന്തരീക്ഷത്തില്‍ നടന്ന ആ സമ്മേളനത്തിന്‍െറ സമാപനരേഖ പറയുന്നു. ‘സമാധാനശിക്ഷണസംസ്ക്കാരങ്ങളുടെ പരിപോഷണം- മതങ്ങളുടെ ദൗത്യം’ എന്നതായിരുന്നു 24, 25 തീയതികളില്‍ നടന്ന ആ ദ്വിദിനസമ്മേനത്തിന്‍െറ ചര്‍ച്ചാപ്രമേയം.







All the contents on this site are copyrighted ©.