2009-02-21 11:35:09

ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ 2009-ലെ വലിയനോമ്പാചരണം പ്രമാണിച്ചു നല്കുന്ന സന്ദേശം.


"യേശു നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു" (മത്താ .4,2).
പ്രിയ സഹോദരന്മാരേ, സഹോദരികളേ,
കുടുതല്‍ തീവ്രമായ ആദ്ധ്യാത്മികാഭ്യാസത്തിന്‍റെ പ്രയാണമായ വലിയനോമ്പിന്‍റെ ആരംഭത്തില്‍ ആരാധനക്രമം ബൈബിള്‍ പാരമ്പര്യത്തിനും ക്രൈസ്തവ പാര്യമ്പര്യത്തിനും ഒരുപോലെ പ്രിയങ്കരങ്ങളായ പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം എന്നീ മൂന്നു പ്രായശ്ചിത്താഭ്യാസങ്ങള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. തിരുവുത്ഥാനത്തിരുനാള്‍ കൂടുതല്‍ മെച്ചമായി ആഘോഷിക്കുന്നതിനു നമ്മെത്തന്നെ ഒരുക്കുന്നതിനും, പെസഹാജാഗരത്തില്‍ നാം ശ്രവിക്കാനിരിക്കുന്നതുപോലെ, തിന്മയെ പരാജയപ്പെടുത്തുന്നതും, പാപം കഴുകിക്കളയുന്നതും, പാപികള്‍ക്കു നിര്‍മ്മലതയും വിലപിക്കുന്നവര്‍ക്കു സന്തോഷവും തിരികെ നല്കുന്നതുമായ ദൈവത്തിന്‍റെ ശക്തി അനുഭവിച്ചറിയുന്നതിനുംവേണ്ടിയാണത്. അവിടുത്തെ ശക്തി വിദ്വേഷം അകറ്റുന്നതും, ഗര്‍വ്വിഷ്ഠരെ എളിമപ്പെടുത്തുന്നതും രമ്യതയും സമാധാനവും കൈവരുത്തുന്നതുമാണ്. ഇക്കൊല്ലത്തെ വലിയനോമ്പാചരണം പ്രമാണിച്ചുള്ള സന്ദേശത്തില്‍ ഉപവാസത്തിന്‍റെ മൂല്യത്തെയെയും അര്‍ത്ഥത്തെയുംപ്പറ്റി പരിചിന്തനം ചെയ്യാ൯ ഞാ൯ അഭിലഷിക്കുന്നു. തപസ്സുകാലം നമ്മുടെ കര്‍ത്താവു തന്‍റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പു മരുഭൂമിയില്‍ ഉപവസിച്ചതു നമ്മെ അനുസ്മരിപ്പിക്കുന്നു. സുവിശേഷത്തില്‍ നാം വായിക്കുന്നു: "അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു. യേശു നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു" (മത്താ.4,1-2). പത്തു പ്രമാണങ്ങള്‍ എഴുതിയ പലകകള്‍ സ്വീകരിക്കുന്നതുനുമുമ്പു മോശയും(cf.പുറ.34,28), ഹോറേബു മലയിലെ കര്‍ത്താവുമായുള്ള കൂടികാഴ്ചയ്ക്ക് ഒരുക്കമായി ഏലിയായും(cf.1രാജാ.19,18) ഉപവസിച്ചതുപോല‍െ യേശുവും തന്‍റെ ദൗത്യത്തിനു പ്രാര്‍ത്ഥിച്ചും ഉപവസിച്ചും ഒരുങ്ങുകയും പ്രലോഭകനുമായുള്ള ഒരു കടുത്ത വാഗ്വാദത്തോടെ അതിനു തുടക്കം കുറിയ്ക്കുകയും ചെയ്തു.
നമ്മുടെ ശരീരിക പോഷണത്തിനു നല്ലതും പ്രയോജനകരവുമായ ആഹാരം നമ്മള്‍ ക്രിസ്ത്യാനികള്‍ വര്‍ജ്ജിക്കുന്നതിന് എന്ത് മൂല്യവും അര്‍ത്ഥവുമാണുള്ളതെന്ന് നാം സ്വയം ചോദിച്ചേക്കാം. പാപത്തെയും അതിലേക്കു നയിക്കുന്ന എല്ലാറ്റിനെയും ഒഴിവാക്കുന്നതിനു ഉപവാസം ഏറെ സഹായിക്കുന്നെന്ന് വിശുദ്ധ ലിഖിതങ്ങളും ക്രിസ്തീയ പാരമ്പര്യംമുഴുവനും പഠിപ്പിക്കുന്നു. ആകയാല്‍ ഉപവസിക്കാനുള്ള ക്ഷണം രക്ഷാചരിത്രത്തിലുടനീളം മുഴങ്ങികേള്‍ക്കുന്നു. വിലക്കപ്പെട്ട കനി വര്‍ജ്ജിക്കാ൯ ദൈവം കല്പിക്കുന്നതു വേദപുസ്തകത്തിന്‍റെ ആദ്യ താളുകളില്‍ത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു: "തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും" (ഉല്‍പ.2,16-17). ഈ ദൈവികാജ്ഞ വ്യഖ്യാനിക്കുന്ന വിശുദ്ധ ബേസില്‍ "പറുദീസയില്‍ ഉപവാസം കല്പിച്ചിരുന്നു" എന്നും അങ്ങനെ "ആദത്തിന് ആദ്യ പ്രമാണം നല്കപ്പെട്ടു"വെന്നും എഴുതുന്നു. അദ്ദേഹം തന്‍റെ വ്യാഖ്യാനം ഇപ്രകാരം ഉപസംഹരിക്കുന്നു: "നീ തിന്നരുത് എന്ന വിലക്ക് ഉപവാസത്തിന്‍റയും വര്‍ജ്ജനയുടെയും ഒരു നിയമമാണ്". നാമേവരും പാപത്തിന്‍റെയും അതിന്‍റെ അനന്തരഫലങ്ങളുടെയും ഭാരം പേറുന്നവരാകയാല്‍, ദൈവവുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരുപകരണമായി ഉപവാസം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രവാസത്തില്‍നിന്നു വാഗ്ദത്ത നാട്ടിലേക്കുള്ള മടക്കുയാത്ര ആരംഭിക്കുന്നതിനുമുമ്പ് "ദൈവസന്നിധിയില്‍ തങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനു"(എസ്രാ.8,21) ഉപവസിക്കാ൯ തന്നോടൊപ്പം പുറപ്പെടാ൯ ത.യ്യാറായിരുന്നവരെ എസ്രാ ആഹ്വാനം ചെയ്തു. സര്‍വ്വശക്ത൯ അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും തന്‍റെ സംരക്ഷണം അവര്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. അതുപോലെതന്നെ മാനസാന്തരപ്പെടാനുള്ള യോനായുടെ ആഹ്വാനം ചെവിക്കൊണ്ട നിനെവേ വാസികള്‍ തങ്ങളുടെ ആത്മാര്‍ത്ഥതയുടെ പ്രകടനമായി ഒരു ഉപവാസം പ്രഖ്യാപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "ദൈവം മനസ്സുമാറ്റി തന്‍റെ ക്രോധം പി൯വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം"(യോനാ 3,9). നിനെവേക്കാരുടെ ഉപവാസാനുഷ്ഠാനത്തിലും ദൈവം സംപ്രീതനാവുകയും നഗരത്തെ ശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഉപവാസത്തിന്‍റെ ആഴമായ ലക്ഷൃം യേശു പുതിയ നിയമത്തില്‍ അവതരിപ്പിക്കുന്നു. നിയമങ്ങള്‍ നിഷ്കര്‍ഷയോടെ പാലിച്ചിരുന്നെങ്കിലും അവരുടെ ഹൃദയം ദൈവത്തില്‍നിന്ന് അകലെയായിരുന്ന ഫരീസയരുടെ കപടനാട്യത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്, "രഹസ്യങ്ങള്‍ അറിയുന്ന സ്വര്‍ഗ്ഗീയ പിതാവിന്‍റെ"(മത്താ.6,18) തിരുമനസ്സു നിറവേറ്റുകയാണു യഥാര്‍ത്ഥ ഉപവാസമെന്നു ദിവ്യ ഗുരു പഠിപ്പിച്ചു. മരുഭൂമിയിലെ നാല്പതു ദിനരാത്രങ്ങളിലെ ഉപവാസത്തിന്‍റെ അവസാനം വിശപ്പ് അനുഭവപ്പെട്ട തന്നെ കല്ലുകള്‍ അപ്പമാക്കിത്തീര്‍ക്കാ൯ പ്രലോഭിപ്പിച്ച പിശാചിന് "മനുഷ്യ൯ അപ്പകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്"(മത്താ.4,4) എന്ന മറുപടി നല്കിക്കൊണ്ടു യേശുതന്നെ അതിനു മാതൃക കാട്ടിത്തരികയും ചെയ്തു. യഥാര്‍ത്ഥ ഉപവാസം, അങ്ങനെ, "പിതാവിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുക" (cf.യോഹ.4,4) എന്ന യഥാര്‍ത്ഥ ഭക്ഷണം കഴിക്കുന്നതിലേക്കു നയിക്കാ൯ ഉദ്ദേശിച്ചിട്ടുള്ളതാണ്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം തിന്നരുത് എന്ന ദൈവത്തിന്‍റെ കല്പന ആദം ലംഘിച്ചെങ്കില്‍, വിശ്വാസി ഉപവാസംവഴി, ദൈവത്തിന്‍റെ നന്മയിലും കരുണയിലും ശരണപ്പെട്ടുകൊണ്ട്, വിനയപൂര്‍വ്വം അവിടുത്തെ തിരുമനസ്സിനു സ്വയം വിധേയപ്പെടാ൯ അഭിലഷിക്കുന്നു.
ഉപവാസാനുഷ്ഠാനം ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഏറെ പ്രചാരത്തിലിരുന്നു(cf.അപ്പ.13,3;14,22:27,21; 2കോറി.6,5) പാപത്തിനു, വിശിഷ്യ "പഴയ ആദത്തിന്‍റെ" ആസക്തികള്‍ക്കു, കടിഞ്ഞാണിടുന്നതിനും വിശ്വാസിയുടെ ഹൃദയത്തെ ദൈവത്തിന്‍റെ മാര്‍ഗ്ഗത്തിലേക്ക് തുറക്കുന്നതിനും ഉപവാസത്തിനുള്ള ശക്തിയെപ്പറ്റി സഭാപിതാക്കന്മാരും പഠിപ്പിക്കുന്നുണട്. കൂടാതെ, എല്ലാ കാലഘട്ടത്തിലെയും വിശുദ്ധര്‍ അനുഷ്ഠിച്ചിരുന്നതും ശിപാര്‍ശചെയ്തിട്ടുള്ളതുമായ ഒരു ഭക്താഭ്യാസമാണ് ഉപവാസം. പുണ്യവാനായ പീറ്റര്‍ ക്രിസൊലോഗസ് എഴുതുന്നു:"ഉപവാസം പ്രാര്‍ത്ഥനയുടെ ആത്മാവാണ്, കരുണയാണ് ഉപവാസത്തിന്‍റെ ജീവരസം. ആകയാല്‍ പ്രാര്‍ത്ഥിക്കന്നവ൯ ഉപവസിക്കട്ടെ; ഉപവസിക്കന്നവ൯ കരുണ കാണിക്കട്ടെ; തന്‍റെ പ്രാര്‍ത്ഥന ശ്രവിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവ൯ മറ്റുള്ളവരുടെ അപേക്ഷകള്‍ ചെവിക്കൊള്ളട്ടെ. നിന്‍റെ ഹൃദയം മറ്റുള്ളവരുടെ നേര്‍ക്ക് നീ അടയ്ക്കുന്നില്ലെങ്കില്‍ ദൈവത്തിന്‍റെ ഹൃദയം നിന്‍റെ നേര്‍ക്കു തുറക്കപ്പെടും,"
ഉപവാസത്തിന്‍റെ ആദ്ധ്യാത്മികമായ അര്‍ത്ഥം ഒട്ടൊക്കെ നമ്മുടെ ഇക്കാലത്ത് നഷ്ടപ്പെട്ടിരിക്കുന്ന പ്രതീതി ജനിക്കുന്നു. ഭൗതിക ക്ഷേമത്തിനായുള്ള അന്വേഷണത്വരയുടെ മുദ്ര പതിഞ്ഞിരിക്കുന്ന ആധുനിക സംസ്കാരത്തില്‍ ഒരുവന്‍റെ ശാരീരിക ശ്രദ്ധയുടെ ഭാഗമായ ചികിത്സാപരമായ ഒരു മൂല്യം അതു കൈവരിച്ചിരിക്കുകയുമാണ്. ഉപവാസം ശാരീരിക ക്ഷേമത്തിന് ഉപകാരപ്രദമാണ് എന്നതു തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതു ദൈവതിരുമനസ്സിനോട് അനുരൂപപ്പെടുന്നതിനു തങ്ങള്‍ക്കു വിഘാതമാകുന്ന സകലവും ഭേദമാക്കുന്നതിനുള്ള "ചികിത്സാവിധിയാണ്".
ദൈവദാസ൯ ആറാം പൗലോസ് മാര്‍പാപ്പ 1966-ല്‍ താ൯ പുറപ്പെടുവിച്ച "പ‍െനിതേമിനി - Poenitemini ("അനുതപിക്കുവി൯ ") – എന്ന അപ്പസ്തോലിക് കോണ്‍സ്റ്റിറ്റൃൂഷനില്‍ ഉപവാസത്തെ, "ഇനിമേല്‍ തനിക്കുവേണ്ടിയല്ല തന്നെ സ്നേഹിക്കുകയും തനിക്കുവേണ്ടി സ്വയം ബലിയര്‍പ്പിക്കുകയും ചെയ്തവനും" തന്‍റെ സഹോദരങ്ങള്‍ക്കുംവേണ്ടി ജീവിക്കാ൯ ഓരോ ക്രിസ്ത്യാനിക്കുമുള്ള വിളിയുടെ ഭാഗമായി അവതരിപ്പിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കി. ഉപവാസം എന്ന ചിരപുരാതന ഭക്താഭാസ്യത്തിന്‍റെ യഥാര്‍ത്ഥവും സനാതനവുമായ അര്‍ത്ഥം വീണ്ടും കണ്ടെത്തുന്നതിനും അങ്ങനെ നമ്മുടെ സ്വാര്‍ത്ഥതയെ കീഴടക്കുന്നതിനും, പുതിയ നിയമത്തിലെ പ്രഥമവും പ്രധാനവുമായ കല്പനയും സുവിശേഷംമുഴുവന്‍റെയും സാരസംഗ്രഹവുമായ ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിലേക്കു(cf.മത്താ.22,34-40) ഹൃദയത്തെ തുറക്കുന്നതിനും അവരെ സഹായിക്കുന്നതിനും ആ അപ്പസ്തോലിക് കോണ്‍സ്റ്റിറ്റൃൂഷനിലെ ഉപവാസസംബന്ധിയായ അനുശാസനങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നതിനു തികച്ചും അനുയോജ്യ സമയമാണ് വലിയനോമ്പ്. അതിനുംപുറമെ, ഉപവാസത്തിന്‍റെ വിശ്വസ്താപൂര്‍വ്വമായ അനുഷ്ഠാനം പാപം വെടിയാനും ദൈവവുമായുള്ള സൗഹൃദത്തില്‍ വളരാനും സഹായിച്ചുകൊണ്ടു ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ഐക്യം നിലനിറുത്തുന്നതിനു സംഭാവന നല്കുന്നു. തന്‍റെ അധമമായ ആസക്തികള്‍ നന്നായി മനസ്സിലാക്കിയിരുന്ന വിശുദ്ധ ആഗസ്തീനോസ് അവയെ "സങ്കീര്‍ണ്ണങ്ങളായ കുരുക്കുകള്‍" എന്നു നിര്‍വ്വചിച്ചുകൊണ്ടു ഉപവാസത്തിന്‍റെ പ്രയോജനത്തെപ്പറ്റി ഇപ്രകാരം എഴുതി:"എനിക്കു തീര്‍ച്ചയായും പലതിന്‍റെയു അഭാവം അനുഭവപ്പെടും. എന്നാല്‍ അതു ദൈവം എന്‍റെ തെറ്റുകള്‍ ക്ഷമിക്കുന്നതിനും ഞാ൯ അവിടുത്തെ ആനന്ദം അനുഭവിക്കുന്നതിനുംവേണ്ടി അവിടുത്തെ ദൃഷ്ടികള്‍ക്കു പ്രീതികരമാകുന്നതിനും വേണ്ടിയാണ്".
നമ്മുടെ ശാരീരിക പോഷണത്തിന് ആവശ്യമായ ഭക്ഷണം വര്‍ജ്ജിക്കുന്നതു ക്രിസ്തുവിനെ ശ്രവിക്കുന്നതിനും അവിടുത്തെ രക്ഷാകര വചനത്താല്‍ പോഷിതരാകുന്നതിനും നമ്മെ ആന്തരികമായി സജ്ജരാക്കും. നമ്മുടെ അസ്തിത്വത്തിന്‍റെ അഗാധങ്ങളില്‍ നമുക്കനുഭവപ്പെടുന്ന വിശപ്പ്, ദൈവത്തിനായുള്ള വിശപ്പും ദാഹവും, ശമിപ്പിക്കുന്നതിനായി കടന്നുവരാ൯ നാം അവിടുത്തെ അനുവദിക്കും. അതോടൊപ്പം നമ്മുടെ ചുറ്റുമുള്ള അസംഖ്യം സഹോദരന്മാരുടെയും സഹോദരികളുടെയും ശോച്യാവസ്ഥയിലേക്കു കണ്ണുകള്‍ തുറക്കാനും ഉപവാസം നമ്മെ സഹായിക്കും. വിശുദ്ധ യോഹന്നാ൯ തന്‍റെ ഒന്നാം ലേഖനത്തില്‍ ഈ മുന്നറിയിപ്പു നല്കുന്നു: "ലൗകികസമ്പത്ത് ഉണ്ടായിരിക്കെ, ഒരുവ൯ തന്‍റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും?" (3,17).
സ്വമേധയാ അനുഷ്ഠിക്കുന്ന ഉപവാസം സഹിക്കുന്ന സഹോദരനെ സഹായിക്കാ൯ സന്നദ്ധനായ നല്ല സമറിയാക്കാരന്‍റെ അരൂപിയില്‍ വളരാ൯ നമ്മെ സഹായിക്കും (cf.ചാ.ലേ.ദൈവം സ്നേഹമാകുന്നു,15). അപരനുവേണ്ടി സ്വതന്ത്രമായി ഏറ്റെടുക്കുന്ന പരിത്യാഗ പ്രവൃത്തിവഴി ആവശ്യത്തിലായിരിക്കുന്ന നമ്മുടെ സഹോദരര്‍ അന്യരോ പരദേശികളോ അല്ലെന്നു നാം ഉറക്കെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. അവരുടെ നേര്‍ക്കു സ്വീകരണത്തിന്‍റെയും പരിഗണനയുടെയുമായ ഈ മനോഭാവം സജീവമായി നിലനിര്‍ത്തുന്നതിനുവേണ്ടി ദൈവവചന പാരായണം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവയോടൊപ്പം സ്വകാര്യമായും സമൂഹമായും ഉപവാസമനുഷ്ഠിക്കുന്ന പതിവു നോമ്പുകാലത്തു തീവ്രപ്പെടുത്താ൯ ഇടവകകളെയും വിശ്വാസികളുടെ ഇതര സമൂഹങ്ങളെയും ഞാ൯ പ്രോത്സാഹിപ്പിക്കുന്നു.
ആരംഭം മുതല്‍ത്തന്നെ ഇതു മുഖമുദ്രയായിരുന്ന ക്രിസ്തീയ സമൂഹം പ്രത്യേക ധനശേഖരണവും നടത്തിയിരുന്നു(cf.2കോറി.8-9; റോമ.15,25-27). തങ്ങളുടെ ഉപവാസാനുഷ്ഠാനത്തിലൂടെ മിച്ചംപിടിക്കുന്നതു പാവപ്പെട്ടവര്‍ക്കു ദാനംചെയ്യാ൯ വിശ്വാസികള്‍ ക്ഷണിക്കപ്പെട്ടിരുന്നു. ഈ പതിവു വീണ്ടും കണ്ടെത്തപ്പെടുകയും നമ്മുടെ ഇക്കാലത്തും, വിശിഷ്യ തപസ്സുകാലത്തു, പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഞാ൯ ഇതുവരെ പറഞ്ഞവയില്‍നിന്നു ഉപവാസം സുപ്രധാനമായ ഒരു തപശ്ചര്യയും നമ്മുടെ വഴിപിഴച്ച പ്രവണതകള്‍ക്കും അമിതമായ സ്വാര്‍ത്ഥതയ്ക്കും എതിരെയുള്ള സമരത്തില്‍ ശക്തമായ ഒരു ആത്മീയായുധവുമാണെന്നു സുതരാം വ്യക്തമാകുന്നു. ഭക്ഷണപാനീയങ്ങളും മറ്റു ഭൗതികവസ്തുക്കളും നല്കുന്ന സന്തോഷം സ്വതന്ത്രമായി പരിത്യജിക്കുന്നത് ഉത്ഭവ പാപംവഴി ബലഹീനമായിരിക്കുന്ന മനുഷ്യ പ്രകൃതിയുടെ നൈസര്‍ഗിക ആസക്തികളെ നിയന്ത്രിക്കാ൯ ക്രിസ്തുവിന്‍റെ ശിഷ്യനെ സഹായിക്കും. ഒരു പുരാതന തപസ്സുകാല ആരാധനക്രമഗീതത്തിലെ ഈരടികള്‍ ഇവിടെ തികച്ചും സംഗതമാണ്: "വാക്കുകളും, ഭക്ഷണവും, പാനീയവും, നിദ്രയും, വിനോദവും നമുക്കു മിതപ്പെടുത്താം. നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതില്‍ നമുക്കു കൂടുതല്‍ ജാഗരൂകരാകാം."
പ്രിയ സഹോദരന്മാരേ, സഹോദരികളേ, ദൈവദാസ൯ ജോണ്‍ പോള്‍ രണ്ടാമ൯ മാര്‍പാപ്പ "വെരിത്താത്തിസ് സ്പ്ലെന്ദോര്‍" – സത്യത്തിന്‍റെ പ്രഭ – എന്ന ചാക്രിക ലേഖനത്തില്‍ എഴുതിയതുപോല‍െ നമ്മെ ദൈവത്തിനു സമ്പൂര്‍ണ്ണമായ ആത്മദാനമാക്കുന്നതിനു(21) നാമോരോരുത്തരെയും സഹായിക്കുക എന്നത് ഉപവാസത്തിന്‍റെ ആത്യന്തിക ലക്ഷൃമായി കാണുന്നതു ഉത്തമമാണ്.
ഓരോ ക്രിസ്തീയ കുടുംബവും സമൂഹവും ആത്മാവിനു ഹാനികരമായതെല്ലാം വെടിയുന്നതിനും ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തില്‍ വളരുന്നതിനു പോഷണമാകുന്നതെല്ലാം തേടുന്നതിനും ഈ തപസ്സുകാലം നന്നായി വിനിയോഗിക്കട്ടെ. ദൈവത്തോടും സഹജീവികളോടുമുള്ള സ്നേഹത്തിലേക്കു തുറവുള്ളവരാകുന്നതിനു വിശേഷവിധിയായി പ്രാര്‍ത്ഥന, വിശുദ്ധഗ്രന്ഥ പാരായണം, അനുരഞജന കൂദാശയ്ക്കണയല്‍, ദിവ്യബലിയിലെ, പ്രത്യേകിച്ചു ഞായറാഴ്ച കുര്‍ബായിലെ, സജീവ ഭാഗഭാഗിത്വം എന്നിവ ഞാ൯ ശിപാര്‍ശ ചെയ്യുന്നു. ആന്തരികമായ ഈ തയ്യാറെടുപ്പോടെ വലിയനോമ്പിന്‍റെ പശ്ചാത്താപാരൂപിയിലേക്കു നമുക്കു പ്രവേശിക്കാം.
നമ്മുടെ ഹൃദയത്തെ പാപത്തിന്‍റെ അടിമത്തത്തില്‍നിന്നു സ്വതന്ത്രമാക്കുന്നതിനും അതിനെ പൂര്‍വ്വാധികം ദൈവത്തിന്‍റെ ഒരു സജീവ സക്രാരി ആക്കിത്തീര്‍ക്കുന്നതിനുമുള്ള പരിശ്രമങ്ങളില്‍ നമ്മുടെ ആഹ്ലാദത്തിന്‍റെ കാരണമായ പരിശുദ്ധ കന്യകാമറിയം നമ്മോടൊപ്പമായിരിക്കുകയും നമ്മെ സഹായിക്കുകയും ചെയ്യട്ടെ. ഈ ആശംസകളോടെ ഫലപ്രദമായ ഒരു നോമ്പുകാല പ്രയാണം നടത്തുന്നതിനുവേണ്ടി ഓരോ വിശ്വാസിയ്ക്കും ഓരോ സമൂഹത്തിനും എന്‍റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുകയും ഏവര്‍ക്കും എന്‍റെ അപ്പസ്തോലികാശീര്‍വാദം ഹൃദയപൂര്‍വ്വം നല്കുകയും ചെയ്യുന്നു.
വത്തിക്കാനില്‍നിന്ന്, 11 ഡിസംബര്‍ 2008
ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ.







All the contents on this site are copyrighted ©.