2009-02-19 14:57:07

പാപ്പായുടെ നോമ്പുക്കാല ധ്യാനഗുരു കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് അരിന്‍സേ.


 
ഈ വര്‍ഷത്തെ പാപ്പായുടെ നോമ്പുക്കാലധ്യാനഗുരുവായി ആരാധനാക്രമത്തിനായുള്ള വത്തിക്കാന്‍സംഘത്തിന്‍െറ മുന്‍ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് അരിന്‍സെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെ നടക്കുന്ന ആ ധ്യാനത്തിന്‍െറ പരിചിന്തനവിഷയം ‘പുരോഹിതന്‍ യേശുവിനെ കണ്ടുമുട്ടി അവിടുത്തെ അനുധാവനം ചെയ്യുന്നു’ എന്നതാണ്. അടുത്ത ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡിന്‍െറ ആഫ്രിക്കുയ്ക്കു വേണ്ടിയുള്ള പ്രത്യേകസമ്മേളനത്തില്‍ പാപ്പായുടെ പ്രതിനിധിയായി ആദ്ധ്യക്ഷൃം വഹിക്കുന്നതിനു് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ ഒരാളാണ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് അരിന്‍സെ. 1994ല്‍ നടന്ന മെത്രാന്‍മാരുടെ സിനഡിന്‍െറ ആ ഭൂഖണ്ഡത്തിനായുള്ള ഒന്നാം സമ്മേളനത്തിലും കര്‍ദ്ദിനാള്‍ ആ സ്ഥാനം വഹിക്കുകയുണ്ടായി. 1985ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കു് ഉയര്‍ത്തിയ അദ്ദേഹം 2002 മുതല്‍ 2008 വരെ ആരാധനക്രമത്തിനും, കുദാശകള്‍ക്കും ആയുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ പ്രീഫെക്ട് ആയി സേവനമനുഷ്ഠിച്ചു. അതിനു് മുന്‍പ് പതിനേഴു വര്‍ഷം മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റായിരുന്നു അദ്ദേഹം. പാപ്പായും, റോമന്‍ കുരിയായംഗങ്ങളും സംബന്ധിക്കുന്ന നോമ്പുക്കാലധ്യാനം നയിച്ച ആഫ്രിക്കായില്‍ നിന്നുള്ള ആദ്യ ധ്യാനഗുരു അംഗോളയിലെ ലൂബാന്‍ഗോ അതിരുപതാസാരഥി കര്‍ദ്ദിനാള്‍ അലക്സാന്ത്രേ നാഷിമെന്‍റോ ആയിരുന്നു. 1984ലായിരുന്നു അത്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമനാണ് അദ്ദേഹത്തെ അതിനായി നിയമിച്ചത്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍ച്ചുമാസം പതിനേഴു മുതല്‍ ഇരുപത്തിമുന്നു വരെയുള്ള ദിനങ്ങളില്‍ കാമറൂണ്‍, അംഗോള എന്നീ രാജ്യങ്ങളില്‍ ഇടയസന്ദര്‍ശനം നടത്തും.







All the contents on this site are copyrighted ©.