2009-02-16 12:46:13

ക്രൈസ്തവമൂല്യസംരക്ഷണത്തില്‍ കത്തോലിക്കാസഭ ഒരു സുപ്രധാനപങ്കാളിയെന്നു് പാത്രിയര്‍ക്കീസ് കിറില്‍


 
ക്രൈസ്തവമൂല്യങ്ങളുടെ സംരക്ഷണത്തില്‍ കത്തോലിക്കാസഭ ഒരു സുപ്രധാനപങ്കാളിയെന്നു് റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറില്‍. ഫെബ്രുവരി ഒന്നാം തീയതി പാത്രിയര്‍ക്കീസായി സ്ഥാനമേറ്റെടുത്തവേളയില്‍ ഭാവുകങ്ങളും, പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അയച്ച കത്തിനു് നല്‍കിയ മറുപടിയിലാണ് അദ്ദേഹത്തിന്‍െറ ആ പ്രശംസ. ക്രിസ്തുവിനു് സാക്ഷൃം വഹിക്കുകയും, അവിടത്തെ സുവിശേഷം പ്രഘോഷിക്കുകയും ക്രൈസ്തവരുടെ പ്രത്യേകിച്ച് ക്രൈസ്തവനേതാക്കമാരുടെ ഏറ്റവും വലിയ കടമയാണെന്നു് അതില്‍ പറയുന്ന അദ്ദേഹം ഇപ്രകാരം തുടരുന്നു- ക്രൈസ്തവരെന്നു് സ്വയം വിളിക്കുന്നവര്‍ സംവാദത്തിലൂടെയും, സഹകാരിത്വത്തിലൂടെയും പരസ്പരം അതിനു് സഹായിക്കണം. ക്രിസ്തുശിഷ്യരോടുള്ള സഹകരണം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ അഭംഗരം തുടരും.അതില്‍ കത്തോലിക്കാ സഭയ്ക്കു് ഒരു സവിശേഷ സ്ഥാനമുണ്ട്. നമ്മുടെ ഇരുസഭകള്‍ തമ്മിലുള്ള ബന്ധത്തിന്‍െറ ഫലദായകമായ പുരോഗതി ഞാന്‍ പ്രത്യാശിക്കുന്നു. ജനുവരി ഇരുപത്തിയേഴാം തീയതി റഷ്യന്‍ ഓര്‍ത്തഡോക്സു സഭയുടെ പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ച്ചുബിഷപ്പ് കിറില്‍ ആ സഭയുടെ എക്യൂമെനിക്കല്‍ ബന്ധങ്ങള്‍ക്കായുള്ള വിഭാഗത്തിന്‍െറ കാര്യദര്‍ശിയെന്ന നിലയില്‍ ഇരുപതു വര്‍ഷം സേവനുഷ്ഠിച്ചിട്ടുണ്ട്. ആ നിലയില്‍ അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ മൂന്നു പ്രാവശ്യം പോപ്പ് ബെനഡിക്ട് പതിനാറാമനെ സന്ദശിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.