2009-02-07 15:49:19

പതിനേഴാം ലോകരോഗീദിനത്തിനായുള്ള പാപ്പായുടെ സന്ദേശം


 ലൂര്‍ദുനാഥയുടെ തിരുനാള്‍ ദിനമായ ഫെബ്രുവരി പതിനെന്നാം തീയതി ആചരിക്കുന്ന ലോകരോഗിദിനത്തിനായുള്ള പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ സന്ദേശം ശനിയാഴ്ച പ്രസിദ്ധീകൃതമായി. പൗലോസ്ശ്ലീഹാവര്‍ഷത്തിലെ ലോകരോഗീദിനം ‘ക്രിസ്തുവിന്‍െറ സഹനങ്ങളില്‍ സമൃദ്ധമായി പങ്കു ചേരുന്നതുപോലെ ക്രിസ്തുവിന്‍െറ സമാശ്വാസത്തിലും സമൃദ്ധമായി പങ്കു ചേരുന്നു’ (2 കോറിന്തോസ് 1/5) എന്ന യാഥാര്‍ത്ഥ്യത്തെ അപ്പസ്തോനോടൊത്തു് വിചിന്തനം ചെയ്യുവാന്‍ അവസരമേകുകയാണ്. ആ ദിനത്തിനു് ലൂര്‍ദുമായുള്ള ആത്മീയബന്ധം അപകടങ്ങളും, പ്രതിസന്ധികളും നിറഞ്ഞ ജീവിതയാത്ര കഴിക്കുന്ന സ്വപുത്രന്‍െറ സഹോദരന്‍മാര്‍ സൗഭാഗ്യകരമായ പിതൃരാജ്യത്തില്‍ എത്തിചേരുന്നതുവരെ അവരെ സംരക്ഷിക്കുന്ന പ.കന്യാകാമറിയത്തിന്‍െറ മാതൃസഹജമായ വാല്‍സല്യത്തെക്കുറിച്ചുള്ള ചിന്തയും നമ്മുടെ മനസ്സില്‍ ഉണര്‍ത്തുന്നു. ഇത്രയും ഏതാണ്ട് ആമുഖമായി പറയുന്ന പാപ്പാ ഏറ്റവും ബലഹീനരും പ്രതിരോധശക്തിയില്ലാത്തവരുമായ രോഗികളും, സഹനവിധേയരുമായ കുട്ടികളെ കേന്ദ്രീകരിച്ച സന്ദേശത്തില്‍ ഇപ്രകാരം തുടരുന്നു- രോഗങ്ങളാലും, സംഘര്‍ഷവും യുദ്ധവും കാരണമാക്കുന്ന ശാരീരികവും മാനസികവും ആയ മുറിവുകളാലും, കുടുംബത്തിന്‍െറ സ്നേഹോഷ്മളത ലഭിക്കാതെ തെരുവുകളില്‍ കഴിയേണ്ടിവരുന്ന ദയനീയമായ സാഹചര്യങ്ങളാലും വേദനിക്കുകയും സഹിക്കുകയും ചെയ്യുന്ന ദശലക്ഷം കുട്ടികള്‍ ഇന്നുണ്ട്. ആ നാടകീയ പരിതോവസ്ഥയുടെ മുന്‍പില്‍ ക്രൈസ്തവസമൂഹത്തിനു് നിസ്സംഗരായി, നിഷ്ക്രിയരായി നിലക്കൊള്ളാനാവില്ല. രോഗികളായ കുട്ടികളെയും, അവരെ പരിപാലിക്കുന്ന കുടുംബംഗങ്ങളെയും സഹായിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ക്കു് രുപമേകുവാന്‍ സമൂഹത്തിനും, രാഷ്ട്രത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. രോഗികളായ കുട്ടികള്‍ക്കായുള്ള സേവനം മനുഷ്യജീവനോടുള്ള പ്രത്യേകിച്ചു് ബലഹീനമായ, എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിയിരിക്കുന്ന ജീവനോടുള്ള സ്നേഹത്തിന്‍െറ വാചാലസാക്ഷൃമാണ്. സമയത്തെയും, പരിവര്‍ത്തനവിധേയമാകുന്ന സാംസ്ക്കാരിക സാമൂഹിക പരിതോവസ്ഥകളെയും കണക്കിലെടുക്കാതെ സഭ ജീവന്‍െറ മൂല്യവും, അതിനെ ആദരിക്കണ്ടതിന്‍െറ ആവശ്യകതയും അനുസ്യൂതം പ്രഘോഷിക്കുന്നു. വേദനയുടെ നിമിഷത്തില്‍ ക്രൂശിതനായ യേശുവിലേയ്ക്കാണ് നാം ദൃഷ്ടികള്‍ ഉയര്‍ത്തണ്ടത്. നമ്മോടുള്ള സ്നേഹത്താല്‍ കുരിശില്‍ മരിച്ച അവിടുന്നു് മാനവകുലത്തിന്‍െറ വേദനയില്‍ പങ്കു ചേരുവാന്‍ തിരുമനസ്സായി. ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടമന്‍ ജീവിതത്തില്‍ പ്രത്യേകിച്ച് ജീവിതസായാഹ്നത്തില്‍ സഹനത്തോട് കാട്ടിയ മനോഭാവവും അതു് സ്വീകരിച്ച രീതിയും നമുക്കു് എന്നും ഒരു ഉജ്ജ്വലമാതൃകയാണ്. പാപ്പാ ‘രക്ഷാകരസഹനം’ എന്ന അപ്പസ്തോലിക ലേഖനത്തില്‍ എഴുതുന്നു -എല്ലാക്കാലത്തെയും ജനങ്ങള്‍ സ്നേഹചൈതന്യത്തില്‍ തങ്ങളുടെ സഹനത്തിന്‍െറ രക്ഷാകരയര്‍ത്ഥവും, അവയെ സംബന്ധിച്ച സമസ്യകള്‍ക്കു് ഉത്തരവും ഗ്രഹിക്കുന്നതിനു് അവരുടെ ശാരീരികവും, മാനസികവുമായ വേദനകളെ സ്വയം തന്‍െറ ചുമലില്‍ ഏറ്റെടുത്ത ‘സഹനത്തിന്‍െറ മനുഷ്യനെ’ ‘മനുഷ്യരക്ഷകനെ’ കുരിശില്‍ നാം ദര്‍ശിക്കുന്നു. രോഗികളോടൊത്തുള്ള തന്‍െറ ആത്മീയസാന്നിദ്ധ്യവും, അവരെ ശുശ്രൂഷിക്കുന്നവരോടുള്ള നന്ദിയും പാപ്പാ സന്ദേശത്തില്‍ പ്രത്യേകം അറിയിക്കുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.