2009-02-05 15:16:05

വി.പൗലോസ് സഭയെ എന്നും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും, പാപ്പാ


 
സഭാപിതാക്കമാര്‍ക്കും, വിശ്വാസികള്‍ക്കും സഹസ്രാബ്ദങ്ങളിലേയ്ക്കു് ആവശ്യമായ ആത്മീയപോഷണം നല്‍കിയിട്ടാണ് അപ്പസ്തോലന്‍ കടന്നുപോയതെന്നു് പാപ്പാ പ്രസ്താവിച്ചു. പൗലോസു അപ്പസ്തോലന്‍െറ ജീവിതത്തെയും, പ്രബോധനങ്ങളെയും അധികരിച്ച പ്രഭാഷണപരമ്പര ഈ ബുധനാഴ്ചത്തെ പൊതുദര്‍ശനത്തോടെ സമാപിച്ചു. ഏതാണ്ടു അയ്യായിരം പേര്‍ സംബന്ധിച്ച അതിന്‍െറ വേദി വത്തിക്കാനിലെ പൗലോസ് ആറാമന്‍ ശാലയായിരുന്നു. വി.പൗലോസിന്‍െറ മരണവും, അദ്ദേഹം സഭയ്ക്കു് കൈമാറിയ വിശ്വാസപൈതൃകത്തെയും അധികരിച്ച തദവസരത്തിലെ സമാപനപ്രഭാഷണത്തില്‍ പാപ്പാ തുടര്‍ന്നു -അപ്പസ്തോലന്‍െറ മരണത്തെ പറ്റിയുള്ള വിവരങ്ങളെന്നും നമുക്കു് പുതിയ നിയമത്തില്‍ നിന്നു് ലഭിക്കുന്നില്ല. നീറോ ചക്രവര്‍ത്തിയുടെ കാലത്തു് വിശുദ്ധന്‍ വധിക്കപ്പെട്ടെന്നും, റോമന്‍ ചുവരിനു വെളിയിലുള്ള വി.പൗലോസിന്‍െറ നാമത്തിലെ ദേവാലയം ഇന്നു് സ്ഥിതിചെയ്യുന്ന സ്ഥാനത്തു് അടക്കപ്പെട്ടെന്നും ആണ് ശക്തമായ ഒരു പാരമ്പര്യം പറയുക. പൗലോസ് അപ്പസ്തോലന്‍, രക്തസാക്ഷിത്വവേളയില്‍ പ്രകടിപ്പിച്ച ക്ഷമ എല്ലാക്കാലത്തെയും ക്രൈസ്തവര്‍ക്കു് അനുകരണാര്‍ഹമായ മാതൃകയാണെന്നു് റോമിലെ വി.ക്ലെമന്‍റ് കോറിന്തോസുകാര്‍ക്കു് ഒന്നാം നുറ്റാണ്ടില്‍ അയച്ച ഒരു കത്തില്‍ പറയുന്നു. തന്‍െറ മരണത്തെയും, സഹനത്തെയും മുന്‍ക്കുട്ടി ദര്‍ശിച്ച വി. പൗലോസ് തിമോത്തേയോസിനുള്ള രണ്ടാം ലേഖനത്തില്‍ എഴുതുന്നു ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായി. എന്‍െറ വേര്‍പാടിന്‍െറ സമയം സമാഗതമായി.( 4 /6 ) . വിശുദ്ധന്‍െറ പ്രബോധനങ്ങള്‍ ശ്രവിച്ചുകൊണ്ട്, സഭയുടെ സുവിശേഷവല്‍ക്കരണദൗത്യത്തില്‍ സസന്തോഷം പങ്കുചേരുന്നതിനു് ക്രിസ്തുവിനോടുള്ള പ്രതിബദ്ധത നമ്മുക്കു് ശക്തമാക്കാം.







All the contents on this site are copyrighted ©.