2009-02-03 15:15:15

തുര്‍ക്കിയിലെ മെത്രാന്‍മാര്‍ വത്തിക്കാനില്‍


തുര്‍ക്കിയിലെ കത്തോലിക്കാമെത്രാന്‍മാര്‍ വത്തിക്കാനില്‍ ആദ് ലിമിനാ സന്ദര്‍ശനത്തിനു് എത്തി. ആദ് ലിമിനാവേളയിലെ പതിവനുസരിച്ചു് ഓരോത്തരെ പ്രത്യേകം പ്രത്യേകം കണ്ട പ.പിതാവ് അവസാനം അവരെ പൊതുവില്‍ സ്വീകരിച്ചു് അഭിസംബോധന ചെയ്തു. വി.പൗലോസ്ശ്ലീഹാ വര്‍ഷത്തില്‍ ക്രൈസ്തവപാരമ്പര്യപ്രകാരം പ്രസക്തിയുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുവാനും, അവിടെ തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാനും വിശ്വാസികള്‍ക്കു് അവസരവും, സാധ്യതയും ലഭിക്കുമെന്നു് തദവസരത്തില്‍ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ആദിമക്രൈസ്തവസമൂഹങ്ങളുടെ വളര്‍ച്ചയുടെ മുദ്ര പതിഞ്ഞ ചരിത്രമാണ് അന്നാട്ടിലെ സഭയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്നതെന്ന് പ്രസ്താവിച്ച പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- സഭാകുട്ടായ്മയില്‍ ദൈവജനം അവരുടെ വിശ്വാസത്തിനും, പ്രത്യാശയ്ക്കും കാര്യക്ഷമമായ പിന്‍ന്തുണ കണ്ടെത്തും. ആ ഐക്യത്തിന്‍െറ സമൂര്‍ത്തമായ സാക്ഷാല്‍ക്കാരത്തിന്‍െറ മുഖ്യ ഉത്തരവാദിത്വം മെത്രാന്‍മാരുടേതാണ്. മുസ്ളീം ഭൂരിപക്ഷമുള്ള തുര്‍ക്കിയില്‍ മാനവികതയും, സമാധാനവും, ജീവനും, നീതിയും പരിപോഷിപ്പിക്കുന്നതിനു് ക്രൈസ്തവ ഇസ്ലാം മതാനുയായികളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാവശ്യമാണ്. എല്ലാ മതാനുയായികള്‍ക്കും, പൗരന്‍മാര്‍ക്കും ആരാധനാസ്വാതന്ത്യവും, മതസ്വാതന്ത്യവും ഉറപ്പാക്കുക രാഷ്ട്രത്തിന്‍െറ കടമയാണ്.







All the contents on this site are copyrighted ©.