2009-01-28 17:56:06

പുതിയ റഷ്യ൯ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസിനെ മാര്‍പാപ്പാ അനുമോദിച്ചു.


മോസ്കോയുടെയും ആകമാന റഷ്യയുടെയും പുതിയ പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പട്ട സ്മൊലെനെസ്കിന്‍റയും കലിനി൯ഗ്രാഡിന്‍റെയും മെത്രാപ്പോലീത്ത കിറിലിനെ അനുമോദിച്ചുകൊണ്ടു പതിനാറാം ബനഡിക്ട് മാര്‍പാപ്പ കമ്പിസന്ദേശമയച്ചു. ഇംഗ്ലീഷ്ഭാഷയിലെ തന്‍റെ സന്ദേശത്തില്‍ പാപ്പാ ഇപ്രകാരം അറിയിക്കുന്നു: "അവിടുത്തെ തിരുമനസ്സു വിവേചിച്ചറിയുന്നതിനാവശ്യമായ വിജ്ഞാനം ദൈവം സമൃദ്ധമായി അങ്ങേക്കു നല്കുന്നതിനായും, പാത്രയര്‍ക്കീസിനടുത്ത അങ്ങയുടെ ശുശ്രൂഷയ്ക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്കുള്ള സേവനത്തില്‍ സ്ഥിരമായി നില്ക്കുന്നതിനായും, സുവിശേഷത്തോടും റഷ്യ൯ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ മഹനീയ പാര്മ്പര്യങ്ങളോടുമുള്ള വിശ്വസ്തയില്‍ അവരെ സ്ഥിരപ്പെടുത്താനും ഞാ൯ പ്രാര്‍ത്ഥിക്കുന്നു. ഓര്‍ത്തഡോക്സ് സഭകള്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തുന്നതും, കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളുടെ സഹകരണത്തിന്‍റെയും സംവാദത്തിന്‍റെയും ആത്യന്തിക ലക്ഷൃമായ ആ പൂര്‍ണ്ണ കൂട്ടായ്മ അന്വേഷിക്കുന്നതുമായ അങ്ങയുടെ യത്നങ്ങളെ സര്‍വ്വശക്ത൯ അനുഗ്രഹിക്കട്ടെ. പരിശുദ്ധ പിതാവേ, അങ്ങേയ്ക്കു എന്‍റെ ആദ്ധ്യാത്മിക സാന്നിദ്ധ്യവും, ഇന്നത്തെ ലോകത്തെ സമാധാനം, നീതി, അരികിലാക്കപ്പെട്ടിരിക്കുന്നവരോടുള്ള സസ്നേഹ പരിഗണന എന്നിവയുടെ മാര്‍ഗ്ഗത്തില്‍ സ്ഥിരമായി ചരിക്കാ൯ പ്രാപ്തമാക്കുന്നവ ഏവ മാത്രമാണോ ആ ക്രിസ്തീയ സന്ദേശത്തിന്‍റെ സത്യത്തിനും മൂല്യങ്ങള്‍ക്കും പൂര്‍വ്വാധികം വ്യക്തമായ ഒരു സാക്ഷൃം നല്കുന്നതിനു റഷ്യ൯ ഓര്‍ത്തഡോക്സ് സഭയുമായി സഹകരിക്കാനുള്ള കത്തോലിക്കാസഭയുടെ പ്രതിബദ്ധതയും ഞാ൯ ഉറപ്പുതരുന്നു. കര്‍ത്തായ യേശു ക്രിസ്തുവിലുള്ള സഹോദരപരമായ സ്നേഹത്തില്‍ പരിശുദ്ധാത്മാവിന്‍റെ ജ്ഞാനം, ബലം, സമാധാനം എന്നീ ദാനങ്ങള്‍ അങ്ങയുടെമേല്‍ വര്‍ഷിക്കപ്പെടുന്നതിനായി ഞാ൯ പ്രാര്‍ത്ഥിക്കുന്നു", ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ നിയുക്ത റഷ്യ൯ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസിനെ അറിയിക്കുന്നു, തന്‍റെ അനുമോദന കമ്പിസന്ദേശത്തില്‍.
മോസ്കോ പാത്രിയാര്‍ക്കല്‍സ്ഥാനത്തിന്‍റെ ബാഹ്യസഭാത്മക ബന്ധങ്ങള്‍ക്കായുള്ള വിഭാഗത്തിന്‍റെ അദ്ധ്യക്ഷ൯ എന്ന നിലയില്‍ വര്‍ഷങ്ങളായി കത്തോലിക്കാസഭയുമായി സഹോദരബന്ധം പുലര്‍ത്തിക്കൊണ്ടിരുന്ന കിറില്‍ മെത്രാപ്പോലീത്ത പാത്രിയര്‍ക്കീസായി തിരഞ്ഞ‍െടുക്കപ്പെട്ടതില്‍ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സന്തുഷ്ടി പ്രകടിപ്പിച്ചു. പുതിയ പാത്രിയര്‍ക്കീസ് പതിനാറാം ബനഡിക്ട് മാര്‍പാപ്പയുമായി മൂന്നുതവണ കൂടികാഴ്ച നടത്തിയിട്ടുണ്ടെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തില്‍ പ്രസ്തുത കൗണ്‍സില്‍ അനുസ്മരിക്കുന്നു. ആ കൂടികാഴ്ചകള്‍ ബനഡിക്ട് പതിനാറാമ൯ പാപ്പാസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പട്ടതിന്‍റെ തൊട്ടുപിന്നാലെ, 2005 ഏഫ്രിലിലും, പിന്നീടു 2006 മേയിലും, 2007 ഡിസംബറിലും ആയിരുന്നെന്നും വിജ്ഞാപനത്തില്‍ കാണുന്നു. "നാം ആരംഭിച്ചുകഴിഞ്ഞ പരസ്പര ധാരണയുടേതായ പ്രയാണം തുടരാ൯ നമുക്കു കഴിയുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു", വിജ്ഞാപനം തുടരുന്നു. മാര്‍ഗ്ഗത്തടസ്സങ്ങള്‍ കണ്‍മുമ്പിലുണ്ടെങ്കിലും, ക്രിസ്തീയ മൂല്യങ്ങള്‍ക്കു സാക്ഷൃം നല്കുന്നതിനു സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ സഹകരിക്കാ൯ സന്നദ്ധരും അതിന് അഭിലഷിക്കുന്നവരുമാണു ഞങ്ങള്‍. എങ്കിലും സഹകരണ,സംവാദങ്ങളുടെ ആത്യന്തിക ലക്ഷൃം യേശു ക്രിസ്തുവിന്‍റെ, തന്നില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ കൂട്ടായ്മയെന്ന, അഭിലാഷം സാക്ഷാത്ക്കരിക്കുകയാണെന്നു വിസ്മരിക്കുന്നില്ല.
പുതിയ പാത്രിയര്‍ക്കീസിന്‍റെമേല്‍ ദൈവം സമൃദ്ധമായി അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും അദ്ദേഹത്തെ മനഃസ്ഥൈര്യം വിജ്ഞാനം എന്നീ ദാനങ്ങള്‍ നല്കി നയിക്കുകയും ചെയ്യുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു; അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു."
 







All the contents on this site are copyrighted ©.