2009-01-20 14:26:53

ഏഴാം ലോകകുടുംബമേള 2012 ല്‍ ഇറ്റലിയിലെ മിലാനില്‍


 ഏഴാം ലോകകുടുംബസംഗമം 2012 ല്‍ ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ നടത്തപ്പെടുമെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. ‘കുടുംബം- ജോലിയും ആഘോഷവും’ എന്ന വിഷയം ആ മേളയുടെ പരിചിന്തനപ്രമേയമായി പാപ്പാ തെരഞ്ഞെടുത്തു. മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയില്‍ ഈ മാസം 13 മുതല്‍ 18 വരെ നടന്ന ആറാം ലോകകുടുംബസംഗമം, വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗ്വാദലൂപ്പാ നാഥയുടെ ബസലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സമംഗളം സമാപിച്ചു. ആ പ.കുര്‍ബാനയുടെ അവസാനത്തില്‍ പാപ്പാ ഒരു തല്‍സമയ വീഡിയോ സന്ദേശത്തില്‍ ദിവ്യബലിയില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്യുകയുണ്ടായി. തദവസരത്തിലാണ് ഏഴാം ലോക കുടുംബസംഗമത്തെ അധികരിച്ച പ്രഖ്യാപനം പാപ്പാ നടത്തിയതു്. ആദ്യത്തെയും മൂന്നാമത്തെയും ലോകകുടുംബസമ്മേളനങ്ങള്‍ നടന്നതു് റോമിലായിരുന്നു. രണ്ടാമത്തെതും നാലാമത്തെതും അഞ്ചാമത്തെതും ലോകകുടുംബമേളകളുടെ വേദികള്‍ ഒരുക്കിയതു് ബ്രസീലും ഫീലിപ്പീന്‍സും സ്പെയിനും ആണ്.







All the contents on this site are copyrighted ©.