2009-01-19 15:15:23

കുടുംബം മാനവികതയുടെയും ക്രൈസ്തവജീവിതത്തിന്‍െറയും മഹാവിദ്യാലയമെന്നു്, പാപ്പാ.


 
കടുംബം മാനവികതയുടെയും, ക്രൈസ്തവജീവിതത്തിന്‍െറയും മഹാവിദ്യാലയമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ഗാര്‍ഹികവൃത്തങ്ങള്‍ പരസ്പരസ്നേഹവും, സത്യവും, ആദരവും, ആനന്ദവും, സഹകാരിത്വവും, സേവനവും, അന്യര്‍ക്കു് പ്രത്യേകിച്ചു് ഏറ്റവും ബലഹീനര്‍ക്കായുള്ള സംലഭ്യതയും വളര്‍ത്തിയെടുക്കുവാനും, ജീവിക്കുവാനും വിളിക്കപ്പെടുന്നു. പാപ്പാ തുടര്‍ന്നു- ദൈവവചനം ശ്രവിക്കുകയും ധ്യാനിക്കുകയും, ജീവിതത്തില്‍ പ്രധാനപ്പെട്ടത് എന്താണെന്ന് ദൈവത്തില്‍ നിന്നു് പഠിക്കുകയും, അവിടത്തെ പ്രബോധനങ്ങള്‍ പ്രവര്‍ത്തിപഥത്തിലാക്കുകയും ചെയ്യുന്ന കുടുംബത്തോടെപ്പം നിശ്ചയമായും ദിവ്യഗുരുവിന്‍െറ തിരുസാന്നിദ്ധ്യമുണ്ടായിരിക്കും. അപ്പോള്‍ വ്യക്തിപരവും, കുടുംബപരവും ആയ ജീവിതം ഭാവാത്മകമായി രുപാന്തരപ്പെടുകയും, സംവാദം സമ്പന്നമാകുകയും, വിശ്വാസം മക്കള്‍ക്കു് പ്രേഷണം ചെയ്യപ്പെടുകയും, ഒന്നായിയിരിക്കുന്നതിന്‍െറ ആനന്ദം വളരുകയും, പാറയിന്‍ മേല്‍ പണിയപ്പെട്ട ഭവനം പോലെ കുടുബം ബലവത്താകുകയും ചെയ്യും. പ്രാര്‍ത്ഥനയില്‍നിന്ന് ഉരുത്തിരിയുന്ന ശക്തിയാല്‍ കുടുംബാംഗങ്ങള്‍ ക്രിസ്തവിന്‍െറ ശിഷ്യരും, പ്രേഷിതരും ആയി രുപാന്തരപ്പെടും. കുടുബാംഗങ്ങളുടെ സമാധാനപൂര്‍വ്വകമായ സഹജീവനം വ്യക്തികള്‍ക്കു് ഒരു ദാനവും, സമൂഹജീവിതത്തിനു് പ്രചോദനവും ആണ്. കാരണം അത്തരം കുടുംബങ്ങള്‍ സ്വാതന്ത്ര്യവും ഐക്യവും പരസ്പരപൂരകമാണെന്നും, മറ്റുള്ളവരുടെ നന്മയെ ആശ്രയിച്ചാണ് നമ്മുടെ ഓരോത്തുടെയും നന്മ നിലക്കൊള്ളുന്നതെന്നും, പരസ്പരധാരണയിലാണ് പ്രശാന്തമായ നീതി ആധാരമാക്കപ്പെട്ടിരിക്കുന്നതെന്നും, പൊറുക്കല്‍ പൊതുനന്മയെ ഭാവാത്മകമായി സ്വാധീനിക്കുമെന്നും സാക്ഷൃം വഹിക്കുന്നു. കുടുംബമാണ് സമൂഹത്തിന്‍െറ സുപ്രധാനകോശവും, വികസനത്തിന്‍െറ പ്രഥമവും നിര്‍ണ്ണായകവും ആയ ശക്തികേന്ദ്രവും, സാമൂഹികസംവിധാനങ്ങള്‍ കൈവെടിയുമ്പോള്‍ വ്യക്തികളുടെ ആത്യന്തിക അഭയസ്ഥാനവും. ഈ സാമൂഹികധര്‍മ്മങ്ങളുടെ ചവുടുപിടിച്ചു് കുടുംബങ്ങള്‍ക്കു് അംഗീകരിക്കപ്പെടാന്‍ അവകാശമുണ്ട്. ദൈവത്തിലെ പ്രത്യാശയിലും അവിടത്തോടുള്ള പുത്രസഹജമായ അനുസരണയിലും ജീവിക്കുകയും, കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതില്‍ ഔദാര്യം പ്രകടിപ്പിക്കുകയും, ബലഹീനരോട് ഔല്‍സുക്യം കാണിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ എല്ലാവര്‍ക്കും വായിക്കാവുന്ന സുവിശേഷമാണ്. കുടുംബത്തിന്‍െറ നന്മക്കായുള്ള പ്രവര്‍ത്തനം മനുഷ്യകുലത്തിന്‍െറ പ്രകാശമാനമായ ഭാവിക്കും, ദൈവരാജ്യവികസനത്തിനുമായുള്ള പ്രവര്‍ത്തനം തന്നെയാണ്. സുവിശേഷവല്‍ക്കരിക്കപ്പെടുവാനും സുവിശേഷപ്രഘോഷകയാകുവാനും, മാനവികമാകുവാനും മാനവികതയുടെ ശില്പിയാകുവാനും, കുടുംബം വിളിക്കപ്പെടുന്നു. മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍ നടന്ന ആറാം ലോകകുടുംബമേളയ്ക്കു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നല്‍കിയ വീഡിയോ സന്ദശത്തിലാണ് ഇവ കാണുന്നതു്.







All the contents on this site are copyrighted ©.