2009-01-16 15:24:00

നീതിയും സ്നേഹവും കളിയാടുന്ന ലോകനിര്‍മ്മിതിയ്ക്കു് ദൈവസഹായം അനിവാര്യമെന്ന്, പാപ്പാ.


 

നീതിയും സ്നേഹവും കളിയാടുന്ന ലോകനിര്‍മ്മിതി ദൈവസഹായത്തോടെ മാത്രമേ നമ്മുക്കു് സാധിക്കുകയുള്ളൂ. വളരെ പ്രതീക്ഷകളോടും, പ്രത്യാശയോടും ആണ് നവവല്‍സരം നാം ആരംഭിച്ചിരിക്കുക..അതെ സമയം മാനവകുലത്തെ അസ്വസ്ഥമാക്കുന്ന ഒത്തിരിയേറെ തിന്മകള്‍ ഉയര്‍ന്നുവരുന്നു. അവ നമുക്കു് വിസ്മരിക്കാനോ, അവഗണിക്കാനോ ആവില്ല. പക്ഷെ നാം ഒരിക്കലും നഷ്ടധൈര്യരാകരുത്. പ്രത്യാശാദീപം സദാ ഉജ്ജലമായി നാം സൂക്ഷിക്കണം. ക്രൈസ്തവരായ നമ്മുടെ അധികൃതപ്രത്യാശ മാനവകുലത്തിനായുള്ള പിതാവിന്‍െറ ദാനമായ ക്രിസ്തുവാണ്. ഈ സദ്വാര്‍ത്ത എല്ലാ മനുഷ്യര്‍ക്കും ആയിട്ടുള്ളതാണ്. യേശു എല്ലാ മനുഷ്യര്‍ക്കും ആയി ജനിച്ചു്, മരിച്ചു്, ഉയര്‍ത്തുവെന്നതാണ് സുവിശേഷത്തിന്‍െറ കാതല്‍. എല്ലാ വ്യക്തികളും എല്ലാ പരിതോവസ്ഥകളിലും ദൈവത്തിന്‍െറ രക്ഷാകരകൃപയുടെ ശക്തി അനുഭവിച്ചറിയുന്നതിനും, ആ കൃപാവരത്തിനു് മാത്രമേ തിന്മയെ നന്മയായി പരിവര്‍ത്തിപ്പിക്കാനാവൂയെന്നു് സകല മനുഷ്യരും ഗ്രഹിക്കുന്നതിനും ആയി സഭ ആ സന്ദേശം നിരന്തരം മനുഷ്യരാശിയോട് പ്രഘോഷിക്കുകയാണ്. ക്രിസ്തവിനു് മാത്രമേ മനുഷ്യഹൃദയങ്ങളെ നവീകരിച്ചു്, അതിനെ സമാധാനസ്രോതസ്സായി രുപാന്തരപ്പെടുത്താനാവൂ. ജോലി ഒരു ധര്‍മ്മമായും, സഹോദരങ്ങള്‍ക്കായുള്ള ഒരു സേവനമായും കരുതി ചെയ്യുമ്പോള്‍ അതൊരു പ്രാര്‍ത്ഥനയാണ്. ജോലിക്കു് നന്ദി ലഭിക്കാത്തപ്പോഴും, അത് വിരസമായി അനുഭവപ്പെടുമ്പോഴും, രാത്രിക്കാലങ്ങളിലും ഇതര പ്രതികുലസാഹചര്യങ്ങളിലും ചെയ്യുവാന്‍ നിര്‍ബന്ധിതമാകുമ്പോഴും സന്തോഷപൂര്‍വ്വം ചെയ്യുമ്പോള്‍ ദൈവത്തിനു് വളരെ പ്രീതികരമായ പ്രാര്‍ത്ഥനയായി അത് രുപാന്തരപ്പെടും. ഉറച്ച പ്രത്യാശയുടെ വെളിച്ചത്തില്‍ അനുദിനകര്‍ത്തവ്യങ്ങള്‍ ചെയ്യുമ്പോള്‍ അവ എന്തു തന്നെയാലും വളരെ നിര്‍ണ്ണായകവും, വിലപ്പെട്ടുതുമാണ്. കാരണം നമ്മുടെ അസ്തിത്വത്തെ ഉപരി പ്രശാന്തവും, അപരര്‍ക്കു് ഉപകാരപ്രദവുമാക്കുന്ന മാനവികതയുടെയും, അത്മീയതയുടെയും നിത്യമൂല്യങ്ങളാല്‍ അത് പരിവേഷിതമാണ്.ഏല്പിക്കപ്പെട്ട ജോലി നന്നായി ചെയ്താണ് സ്നാനപ്പെട്ട വ്യക്തി വിശുദ്ധിയിലേയ്ക്കുള്ള തന്‍െറ വിളി സാര്‍ത്ഥകമാക്കുക. വത്തിക്കാന്‍െറ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഇറ്റലിയുടെ പോലീസുസേനയെ നവവല്‍സരാംശകള്‍ കൈമാറുന്നതിനു് സ്വീകരിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇവ പറഞ്ഞത്.







All the contents on this site are copyrighted ©.