2009-01-14 08:42:37

2008 ല്‍ 20 മിഷ്യനറിമാര്‍ കൊല്ലപ്പെട്ടു.


ആഗോളത്തലത്തില്‍ 2008 ല്‍ 20 മിഷ്യനറിമാര്‍ വധിക്കപ്പെട്ടതായി ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ മുഖപത്രമായ ഫീദസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കപടമായ സാഹസികതയോ, സാഘോഷമായ പ്രഖ്യാപനങ്ങളോ കുടാതെ സഹനങ്ങളുടെയും, ഇല്ലായ്മയുടെയും, സംഘര്‍ഷങ്ങളുടെയും ആയ പരിതോവസ്ഥകളില്‍ ക്രൈസ്തപ്രത്യാശയുടെ സജീവശക്തി ചാരെയും, അകലെയും ഉള്ളവര്‍ക്കു് നല്‍കുന്നതിനു് തങ്ങളുടെ ദൈനംദിനജീവിതം കാഴ്ചവയ്ക്കുവാന്‍ ഭയമില്ലാതിരുന്ന അവരെ അനുസ്മരിക്കുകയും, അവര്‍ക്കു് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണമെന്നു് ഫീദസ് ശുപാര്‍ശ ചെയ്യുന്നു. 2008 ല്‍ ഏറ്റവും കുടുതല്‍ മിഷ്യനറിമാര്‍ ക്രൂരമരണത്തിനു് ഇരയായത് ഏഷ്യയിലാണ്. ഇറാക്കിലെ മോസൂള്‍ അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് പൗളോസ് റാഹോ , ഭാരതത്തിലെ മൂന്നു വൈദികര്‍ , ഒരു അല്മായപ്രഷിതന്‍ , ശ്രീലങ്കയിലും, ഫിലിപ്പീന്‍സിലും, നേപ്പാളിലും മൂന്നു വൈദികര്‍ എന്നിങ്ങനെ 8 മിഷ്യനറിമാര്‍ ഏഷ്യയില്‍ കഴിഞ്ഞ വര്‍ഷം വധിക്കപ്പെട്ടു. . മെക്സിക്കോയില്‍ രണ്ടും, വെനസ്വേല കൊളംബിയ ബസ്രീല്‍ എന്നീ രാജ്യങ്ങളില്‍ ഒരോ വൈദികനും വീതം 5 പേര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ ഭൂഖണ്ഡവും 5 പ്രേഷിതരുടെ വീരമരണത്തിനു് സാക്ഷിയായി. കെനിയാ, ഗിനി, നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളില്‍ തങ്ങളുടെ ജീവന്‍ ബലിയായി നല്‍കേണ്ടി വന്ന യഥാക്രമം രണ്ടു വൈദികരും , ഒരു സന്യാസവൈദികനും ,ഒരു വൈദികനും , ഒരു അല്മായസഹോദരനുമാണ് ആ മിഷ്യനറിമാര്‍. റഷ്യയില്‍ രണ്ടു ഈശോസഭാവൈദികര്‍ കൊല്ലപ്പെട്ടു.







All the contents on this site are copyrighted ©.