2009-01-13 08:36:09

 കര്‍ദ്ദിനാള്‍ പിയോ ലാഗി നിര്യാതനായി


കര്‍ദ്ദിനാള്‍ പിയോ ലാഗി പത്താം തീയതി രാത്രി നിര്യാതനായി. ഇറ്റലിയിലെ കാസ്റ്റിലിയോണില്‍ 1922 മെയ് ഇരുപത്തിയെന്നാം തീയതി ജാതനായ അദ്ദേഹം 1946 ഏപ്രില്‍ ഇരുപതാം തീയതി വൈദികപട്ടം സ്വീകരിച്ചു. ദൈവശാസ്ത്രത്തിലെ ഉപരിപഠനം, പ.സിംഹാസനത്തിന്‍െറ നയതന്ത്രപ്രതിനിധികള്‍ക്കായുള്ള പരിശീലനം എന്നിവയ്ക്കു ശേഷം അദ്ദേഹം നിക്കരാഗ്വ, അമേരിക്കന്‍ ഐക്യനാടുകള്‍, ഭാരതം എന്നീ രാജ്യങ്ങളിലെ നയതന്ത്രകാര്യലായങ്ങളില്‍ നിയമിതനായി. തുടര്‍ന്നു് വത്തിക്കാന്‍ വിദേശബന്ധവകുപ്പില്‍ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം, 1969 ല്‍ മെത്രാപ്പോലീത്തയായി അഭിഷിക്തനാകുകയും തദനന്തരം ജറുസലെമിലെയും, പാലസ്തീനായിലെയും അപ്പസ്തോലിക് പ്രതിനിധി, സൈപ്രസിലെ പ്രോ നൂണ്‍ഷിയോ, ഗ്രീസിലെ അപ്പസ്തോലിക് വിസിറ്റയിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. 1990 മുതല്‍ 1999 വരെ വിദ്യാദ്യാസക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമായിരുന്നു അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനവേദി. 1991 ജൂണ്‍ ഇരുപത്തിയെട്ടാം തീയതിലെ കണ്‍സിസ്റ്ററിയില്‍ വച്ചു് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കു് ഉയര്‍ത്തി. അക്രമം അവസാനിപ്പിച്ചു് സംവാദം പുനാരംഭിക്കുവാനുള്ള ആഹ്വാനവുമായി 2001 ല്‍ ഇസ്രായേല്‍, പാലസ്തീന്‍ അധികാരികളുടെ പക്കലേയ്ക്കും, ഇറാക്ക് യുദ്ധം ഒഴിവാക്കവാനുള്ള അഭ്യര്‍ത്ഥനയുമായി പ്രസിഡന്‍െറ ബുഷിന്‍െറ പക്കലേയ്ക്കും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്‍െറ പ്രത്യേകപ്രതിനിധിയായി നിയോഗിച്ചതു് കര്‍ദ്ദിനാള്‍ പിയോ ലാഗിയെയാണ്. “താങ്കള്‍ യുദ്ധം ആരംഭിക്കുമായിരിക്കും. പക്ഷെ അതു് എങ്ങനെ അവസാനിപ്പിക്കണമെന്നു് താങ്കള്‍ക്കു് അറിയില്ലായിരിക്കും” എന്നു് പ്രസിഡന്‍റ് ബുഷിനു് കര്‍ദ്ദിനാള്‍ നല്‍കിയ മുന്നറിയിപ്പു് പ്രവചനപരമായിരുന്നെന്നു് കാലം തെളിയിച്ചു. കര്‍ദ്ദിനാള്‍ പിയോ ലാഗിയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ സംഖ്യ 189 ആയി താണു. അവരില്‍ 73 പേര്‍ 80 വയസ്സു കഴിഞ്ഞവരായതിനാല്‍ പാപ്പായുടെ തെരഞ്ഞെടുപ്പില്‍ വോട്ടുവകാശമുള്ളവര്‍ 116 പേര്‍ മാത്രമാണ്. കര്‍ദ്ദിനാള്‍ ലാഗിയുടെ പ.സിംഹാസനത്തിനായുള്ള പ്രത്യേകിച്ചു് വിവിധരാജ്യങ്ങളിലെ പേപ്പല്‍ പ്രതിനിധിയെന്ന നിലകളിലെയും ,വിദ്യാദ്യാസക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ പ്രീഫെക്ട് എന്ന നിലയിലെയും സേവനത്തെ , അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ക്കായി നല്‍കിയ അനുശോചനസന്ദേശത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അഭിനന്ദിച്ചു. സുവിശേഷത്തിന്‍െറ വിശ്വസ്തരായ സേവകര്‍ക്കു് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം അദ്ദേഹത്തിനു് ലഭിക്കുന്നതായി താന്‍ പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ അതില്‍ അറിയിക്കുന്നു.







All the contents on this site are copyrighted ©.