2008-12-29 16:02:31

പന്ത്രണ്ടാം പീയൂസ് പാപ്പാ മാനവകുലത്തിന്‍െറ സ്നേഹിതനായിരുന്നുവെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ


പന്ത്രണ്ടാം പീയുസ് പാപ്പാ മാനവകുലത്തിന്‍െറ ആത്മാര്‍ത്ഥതയുള്ള ഒരു സ്നേഹിതനും, സഭയുടെ വിശ്വസ്തനായ ഒരു ദാസനും ആയിരുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ. സമാധാനാര്‍ത്ഥമുള്ള പാപ്പായുടെ അക്ഷീണയത്നങ്ങളെ ശ്ലാഘിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ തുടര്‍ന്നു- രണ്ടാം ആഗോളയുദ്ധക്കാലത്ത് അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അദ്യര്‍ത്ഥിക്കുക മാത്രമല്ല പാപ്പാ ചെയ്തു്. അതിനായി വിവിധങ്ങളായ സത്വരനടപടികള്‍ പ്രത്യേകിച്ച് നാസ്സികളുടെ കൊടുംക്രൂരതയില്‍ നിന്ന് യഹുദരെ രക്ഷിക്കുന്നതിനു് അവര്‍ക്കു് അഭയം നല്‍കുക തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടെ പലതും പാപ്പാ നടപ്പിലാക്കി. 1942-ലെ ക്രിസ്മസ്സ് ദിനത്തില്‍ ലോകത്തോടായി നടത്തിയ പ്രഭാഷണത്തില്‍ സംഘര്‍ഷരഹിതമായ സമൂഹം കെട്ടിപടുക്കുന്നതിനും, സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനും അഞ്ചു അവശ്യഘടകങ്ങള്‍ പാപ്പാ ചൂണ്ടിക്കാട്ടി. മനുഷ്യവ്യക്തിയുടെ അവകാശങ്ങളും ഔന്നിത്യവും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കുടുംബത്തിന്‍െറ കേന്ദ്രസ്ഥാനം ഉറപ്പിക്കുക, തൊഴിലിന്‍െറ മഹാത്മ്യം അംഗീകരിക്കുകയും തൊഴിലാളികള്‍ക്കു് നീതിപൂര്‍വ്വകമായ വേതനം നല്‍കുകയും ചെയ്യുക, നീതിയുക്തമായ നൈയാമികവ്യവസ്ഥിതിയിലൂടെ വ്യക്തികള്‍ക്ക് നൈയാമികസുരക്ഷിത്വം ഉറപ്പാക്കുക, വ്യക്തികളുടെ സേവനാര്‍ത്ഥമുള്ള രാഷ്ട്രീയസംവിധാനം രൂപികരിക്കുക എന്നിവയാണ് പാപ്പാ ശുപാര്‍ശ ചെയ്ത ആ അഞ്ചു വ്യവസ്ഥകള്‍ .നാസ്സികള്‍ റോമില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ യഹുദരെ റോമിലെ ധ്യാനാത്മകസമുഹങ്ങള്‍ ഉള്‍പ്പെടെയുള്ള സന്യസ്തഭവനങ്ങളില്‍ സ്വീകരിച്ചു് അവര്‍ക്കു് സംരക്ഷണമേകുവാന്‍ പാപ്പാ ബന്ധപ്പെട്ടവരെ ഉദ്ബോധിപ്പിച്ചു. അങ്ങനെ പാപ്പായുടെ ധൈര്യവും സംവേദനക്ഷമതയും ആയിരക്കണക്കിനു് യഹുദരുടെ ജീവന്‍ രക്ഷിച്ചു.







All the contents on this site are copyrighted ©.