2008-11-26 11:59:03

സ്വാര്‍ത്ഥതാല്‍പര്യം ലോകത്തെ നശിപ്പിക്കുമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍


  നന്മ ചെയ്യുക.ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാകും. എന്നാല്‍ സ്വാര്‍ത്ഥതാല്‍പര്യം ലോകത്തെ നശിപ്പിക്കും. ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമായ പ്രഭാഷണത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. അന്ന് വി.കുര്‍ബാനയില്‍ വായിച്ച അന്ത്യവിധിയെ സംബന്ധിച്ച സുവിശേഷഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു - എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു് ഭാഹിച്ചു, നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഈ വാക്യങ്ങളിലെ പ്രതിരുപങ്ങള്‍ വളരെ ലളിതമാണ്. ഭാഷ സുപരിചിതവും. എന്നാല്‍ അത് തരുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. നമ്മടെ ആത്യന്തിക ഭാഗധേയത്വത്തെ സംബന്ധിച്ച സത്യമാണത്. നമ്മെ വിധിക്കുന്നതിന് ദൈവം ഉപയോഗിക്കുന്ന മാനദണ്ഡം അവിടെ നാം കേള്‍ക്കുന്നു. ഈ സുവിശേഷഭാഗം എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. ക്രൈസ്തവസംസ്കാരത്തിന്‍െറ, മൂല്യശ്രേണിയുടെ, സ്ഥാപനങ്ങളുടെ, ജീവകാരുണ്യസംഘടനകളുടെ ചരിത്രം അത് നല്‍കുന്ന ചൈതന്യത്താല്‍ മുദ്രിതമാണ്. പാപ്പാ തുടര്‍ന്നു- ദൈവരാജ്യം ഈ ലോകത്തിന്‍റേതല്ല. എന്നാല്‍ അത് ദൈവാനുഗ്രഹത്താല്‍ മനുഷ്യനിലുള്ളയെല്ലാ നന്മയെയും പൂര്‍ണ്ണതയിലെത്തിക്കുന്നു. അതുപോലെ ദൈവരാജ്യം ബാഹ്യപ്രകടനങ്ങളുടെയും പ്രതാപത്തിന്‍െറതും അല്ല. വി പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ അത് നീതിയുടെയും, സമാധാനത്തിന്‍റെയും, ആത്മാവിലെ ആനന്ദത്തിന്‍െറയും ആയ ഒന്നാണ്. നമ്മുടെ നന്മയാണ് ദൈവത്തിന്‍െറ ഹൃദയത്തിന്‍െറ ഔല്‍സുക്യം അതായത് എല്ലാവര്‍ക്കും നിത്യജീവന്‍ കരഗതമാകണമെന്നും, അവിടുന്ന് എല്ലാവര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യവിരുന്നില്‍ തന്‍െറ മക്കളെല്ലാവരും -ഏറ്റം ചെറിയവരും എളിയവരും ഉള്‍പ്പെടെ എല്ലാവരും പങ്കെടുക്കണമെന്നും അവിടുന്നാഗ്രഹിക്കുന്നു.







All the contents on this site are copyrighted ©.