2008-09-24 13:21:16

ഒരു കത്തോലിക്കാവൈദികന്‍ കൊല്ലപ്പെട്ടു


ഉത്തരപ്രദേശ് സംസ്ഥാനത്തെ മീററ്റ്രുപതയിലെ ഒരു കത്തോലിക്കാവൈദികന്‍ വധിക്കപ്പെട്ടു. ഛോട്ടാ റാംപൂരില്‍ സമര്‍പ്പണാലയ എന്ന ആശ്രമം സ്ഥാപിച്ച്, പതിനഞ്ചു വര്‍ഷം അവിടെ താമസിച്ചു് ആശ്രമപരിസരത്തുള്ളവരെ ഏകതാനതയിലും സ്നേഹത്തിലും ഐക്യത്തിലും വളര്‍ത്തുവാന്‍ ശ്രമിച്ചിരുന്ന അറുപത് വയസ്സുണ്ടായിരുന്ന ഫാദര്‍ സാമുവല്‍ ഫ്രാന്‍സീസ് ആയിരുന്നു ആ വൈദികന്‍. ഭാരതസന്യാസചൈതന്യത്തില്‍ ജീവിച്ച അദ്ദേഹം സാധു അസ്തേയ എന്നാണ് അറിയപ്പെട്ടിരുന്നത്. തിങ്കളാഴ്ച രാവിലെ ആശ്രമത്തിലെ ചാപ്പലില്‍ അള്‍ത്താരയോട് ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ തുണി വരിഞ്ഞുമുറുക്കിയിരുന്നു. കൈകാലുകള്‍ പിന്നിലേക്ക് ബന്ധിച്ച് മൃതദേഹം കമിഴ്ന്ന നിലയിലായിരുന്നു. മൃതദേഹം ജീര്‍ണിച്ചുതുടങ്ങിയതിനാല്‍ കൊലപാതകം നടന്നത് ശനിയാഴ്ചയാണെന്ന് കരുതുന്നു. അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് വളരെ പ്രിയങ്കരനായ ഒരു വ്യക്തിയായിരുന്നു സാധു അസ്തേയ. അദ്ദേഹത്തിന്‍െറ ആശ്രമത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനെതിരെ വി.എച്ച്.പിക്കാര്‍ മൂന്നു വര്‍ഷം മുന്‍പ് ഭീഷണിമുഴക്കിയിരുന്നു. അവിടെ ക്രൈസ്തവ ദേവാലയം സ്ഥാപിക്കുവാന്‍ സര്‍ക്കാരിന്‍െറ അനുവാദമില്ലെന്ന് പറഞ്ഞ് പോലീസിന്‍െറ സഹായത്തോടെ അവര്‍ ആശ്രമത്തിന്‍െറ മുകളിലുണ്ടായിരുന്ന കുരിശ് മാറ്റിച്ചിരുന്നു.







All the contents on this site are copyrighted ©.