2008-09-11 14:13:17

ജീവിതത്തിന്‍െറ മതാത്മകയര്‍ത്ഥം കാണുക പാപ്പാ യുവജനങ്ങളോട്


ആധുനികസമൂഹത്തില്‍ നേട്ടങ്ങളും വിജയവും പലരുടെയും ആരാധനാവിഷയമായ വിഗ്രഹങ്ങളായി തീര്‍ന്നിരിക്കുന്നു. അതിന്‍െറ പരിണിതഫലം വളരെ വേദനാകരമാണ്. ഭൗതികനേട്ടങ്ങള്‍ കൈമുതലായിട്ടുള്ളവര്‍ മാത്രം ആദരിക്കപ്പടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. അല്ലാത്തവര്‍ ഒരു പരിധി വരെ അവഗണിക്കപ്പെടുകയും പ്രാന്തവല്‍ക്കരിക്കപ്പടുകയും ആണ് അപ്പോള്‍. ആ അവസ്ഥ അപകടകരമായ ഉപരിപ്ളവതയ്ക്ക്, വിജയത്തിന് അനാരോഗ്യപരമായ കുറുക്കുവഴികള്‍ സ്വീകരിക്കുവാനുള്ള പ്രവണതയ്ക്ക് ഒക്കെ നിമിത്തമാകാം. അതു് ഉടനടി തൃപ്തി തരുന്നവയിലേയ്ക്കായിരിക്കും നമ്മുടെ ശ്രദ്ധ തിരിക്കുക. . ആ പ്രവണത അപകടകരവും വഞ്ചനാത്മകവും ആണെന്ന് കാലം തെളിയിക്കും. വ്യക്തിവാദപ്രവണത ഇന്നിന്‍െറ ഒരു വലിയ തിന്മയാണ്. ഒരാള്‍ തന്നില്‍തന്നെ കേന്ദീകരിക്കുമ്പാള്‍ വാസ്തവത്തില്‍ ബലഹീനാകുകയാണ്. പരസ്പരം മനസ്സിലാക്കുവാനും സഹകരിച്ചുപ്രവര്‍ത്തിക്കുവാനും അനിവാര്യമായ ശ്രവിക്കുവാനുള്ള കഴിവും നഷ്ടപ്പടുകയാണ്. ഇറ്റലിയിലെ സര്‍ദീനിയാ സംസ്ഥാനത്തെ കാല്യരിയില്‍ ഇടയസന്ദര്‍ശനം നടത്തിയ വേളയില്‍ യുവജനങ്ങളെ അദിസംബോധന ചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. 23 വര്‍ഷം മുന്‍പ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടം സന്ദര്‍ശിച്ചയവസരത്തില്‍ ശുപാര്‍ശചെയ്ത മൂന്നു മൂല്യങ്ങള്‍ ഇന്നും പ്രസക്തമാണ് പ.പിതാവ് തുടര്‍ന്നു- അവയില്‍ ഒന്നാമത്തെതു് കുടുംബബന്ധിയായതാണ്. അത് പുരാതനവും പാവനവുമായ പൈതൃകമെന്നനിലയില്‍ സംരക്ഷിക്കപ്പെടണം. ഇന്ന് വിവിധ തരത്തിലുള്ള സഹജീവനങ്ങള്‍ പലടത്തും അനുവദിക്കപ്പെടുന്നു. കുടുംബമല്ലാത്ത അത്തരം സംവിധാനം കുടുംബം എന്ന പേരിന്പോലും അര്‍ഹമല്ല. പ്രിയ യുവജനമെ അധികൃതമായ കുടുംബബന്ധിയായ മൂല്യങ്ങള്‍ സ്വീകരിക്കുക. വിവാഹം ഒരു കുദാശയാണ്. അതായത് സഭയിലൂടെ ക്രിസ്തുവില്‍ നമുക്ക് നല്‍കപ്പെടുന്ന ദൈവസ്നേഹത്തിന്‍െറ വിശുദ്ധവും കാര്യക്ഷമവും ആയ അടയാളമാണത്.രണ്ടാമത്തെത് ഗൗരവമായ ബൗദ്ധികവും ധാര്‍മ്മികവുമായ പരിശീലനമാണ്. ഒരു സമൂഹത്തിന്‍െറ പ്രതിസന്ധിയാരംഭിക്കുക അതിന്‍െറ സാംസ്കാരികപാരമ്പര്യവും അടിസ്ഥാനമൂല്യങ്ങളും വരുംതലമുറകള്‍ക്ക് കൈമാറുകയെങ്ങനെയെന്ന് അറിയാന്‍ പാടില്ലാത്തപ്പോഴാണ്. നമ്മുടെ പ്രിയങ്കരനായ ജോണ്‍ പോള്‍ പാപ്പാ നിര്‍ദ്ദേശിച്ച മൂന്നാമത്തെ മൂല്യം ആത്മാര്‍ത്ഥവും ആഴവുമായ വിശ്വാസമാണ്. ദൈവത്തെ സംബന്ധിച്ച അവബോധം കൈമോശം വന്നാല്‍ ജീവിതം മുഴവന്‍ വിരസമാകും. പ്രയോജനം നല്‍കുന്നവരും പ്രയോജനപ്രദമായവയും മാത്രമേ ഒരുവന് പ്രസക്തമാകയുള്ളൂ. പ്രിയ യുവജനമെ എല്ലാസ്രഷ്ടവസ്തുക്കളുടെയും അര്‍ത്ഥവും ആധാരവും ആയി, സത്യത്തിന്‍െറ പ്രകാശമായി, ഉപവിയുടെ ജ്വാലയായി ,ഐക്യത്തിന്‍െറ കണ്ണിയായി ദൈവത്തെ അറിയുക. അപ്പോള്‍ സ്വാതന്ത്യം നഷ്ടപ്പെടുത്തുന്നതിനെപറ്റി നിങ്ങള്‍ക്കു് ഭയമുണ്ടാകയില്ല. കാരണം സ്നേഹത്തില്‍ സ്വാതന്ത്യം ത്യാഗം ചെയ്യുമ്പോള്‍ പൂര്‍ണ്ണതയില്‍ നിങ്ങള്‍ അതു് ആസ്വദിക്കും. ഭൗതികവസ്തുക്കളോട് ഒട്ടിചേരില്ല. കാരണം അവ പങ്ക് ചേരുന്നതിലെ ആനന്ദം കുടുതല്‍ അഭികാമ്യമായി അനുഭവപ്പെടും. ക്രിസ്തുവിന്‍െറ വദനത്തില്‍ ദൈവത്തെ യഥാര്‍ത്ഥത്തില്‍ കണ്ടെത്തുകയാണെങ്കില്‍ സഭ നിങ്ങള്‍ക്ക് അന്യമായ ഒരു ബാഹ്യസ്ഥാപനമായിരിക്കില്ല.







All the contents on this site are copyrighted ©.