2008-07-17 13:42:10

പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ ഓസ്ട്രേലിയയിലെ അപ്പസ്തോലികപര്യടനം ഔദ്യോഗികമായി ആരംഭിച്ചു.


പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ ഓസ്ട്രേലിയയിലെ അപ്പസ്തോലികപര്യടനത്തിലെ ഔദ്യോഗിക പരിപാടികളുടെ ആദ്യദിനമായിരുന്ന ജൂലൈ 17 വ്യാഴാഴ്ച പാപ്പായെ സംബന്ധിച്ചിടത്തോളം സ്വീകരണ വരവേല്പുകളുടെ ഒരുദിവസമായിരുന്നെന്ന് വിശേഷിപ്പിക്കാം.

ബനഡിക്ട് പതിനാറാമ൯ പാപ്പായെ ഔപചാരികമായി രാജ്യത്തേക്ക് സ്വീകരിക്കുന്ന ചടങ്ങ് പ്രാദേശികസമയം രാവിലെ ഒ൯പതുമണിയ്ക്ക് സിഡ്നി ഗവണ്മെന്‍റ് ഹൗസില്‍ നടന്നു. ഗവര്‍ണ്ണര്‍ ജനറല്‍ മൈക്കള്‍ ജെഫെറി, പ്രധാനമന്ത്രി കെവി൯ റൂഡ്, ഓസ്ട്രേലിയയിലെ കത്തോലിക്കാ മെത്രാ൯മാരുടെ സംഘത്തിന്‍റെ പ്രസിഡണ്ട് ബിഷപ്പ് ഫിലിപ്പ് വില്‍സണ്‍, സിഡ്നി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ എന്നിവര്‍ ആ സ്വീകരണ,സ്വാഗത ചടങ്ങുകളില്‍ സംബന്ധിച്ചവരിലുള്‍പ്പെടുന്നു. ഉച്ചകഴിഞ്ഞ് റോസ് ബേ തുറമുഖത്തെത്തിയ മാര്‍പാപ്പയെ ഓസ്ട്രേലിയയിലെ ആദിവാസി നര്‍ത്തകരുടെ ഒരു സംഘം തങ്ങളുടെ തനതായ നൃത്തങ്ങളാടിയും ഗാനങ്ങളാലപിച്ചും വരവേറ്റു. റോസ്ബേയില്‍നിന്ന് "സിഡ്നി 2000" ബഹുനില ബോട്ടില്‍, യുവജനങ്ങള്‍ കയറിയിരുന്ന മറ്റ് 13 ബോട്ടുകളുടെ അകമ്പടിയോടെ ബാര൯ഗരൂ തുറമുഖത്തെത്തിയ പതിനാറാം ബനഡിക്ട് മാര്‍പാപ്പയ്ക്ക് അവിടെ സമ്മേളിച്ചിരിക്കുന്ന ഒന്നര ലക്ഷത്തിലേറെ യുവജനങ്ങള്‍ സ്നേഹോഷ്മളവും ആവേശഭരിതവും ശബ്ദമുഖരിതവുമായ വരവേല്പു നല്കി.

 
All the contents on this site are copyrighted ©.