2008-07-05 13:03:02

സിഡ്നി യുവജനസംഗമംപ്രമാണിച്ചു പ്രത്യേക ദണ്ഡവിമോചനം.


ഓസ്ട്രേലിയയിലെ സിഡ്നിനഗരത്തില്‍ ജൂലൈ 15 മുതല്‍ 20 വരെ തീയതികളില്‍ നടക്കുന്ന ഇരുപത്തിമൂന്നാം ലോകയുവജനദിനാചരണം പ്രമാണിച്ചു പ്രത്യേക ദണ്ഡവിമോചനം, മാര്‍പാപ്പ അധികാരപ്പെടുത്തിയതി൯പ്രകാരം, അപ്പസ്തോലിക് പെനിറ്റേ൯ഷ്യറി പ്രഖ്യാപിച്ചിരിക്കുന്നു. സിഡിനിയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ തീര്‍ത്ഥാടനാരൂപിയില്‍ നേരിട്ടു സംബന്ധിക്കുന്നവര്‍ക്ക് അനുശാസിത വ്യവസ്ഥകളിന്മേല്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാം. ആ യുവജനസംഗമം അതിന്‍റെ  പ്രഖ്യാപിത ആദ്ധ്യാത്മിക ലക്ഷൃങ്ങള്‍ നേടുന്നതിനായും അതു വിജയകരമാകുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്ന ലോകത്തിലെവിടെയായിരിക്കുന്ന വിശ്വാസിക്കും ഭാഗിക ദണ്ഡവിമോചനം നേടാം.

അപ്പസ്തോലിക് പെനിറ്റേ൯ഷ്യറിയുടെ പ്രഖ്യാപനത്തില്‍ (ഡിക്രിയില്‍) ഇപ്രകാരം പറയുന്നു:

ഇരുപത്തിമൂന്നാം ലോകയുവജനദിനാചരണത്തിന്‍റെ, സാഘോഷമായ സമാപന ദിവ്യബലിയുള്‍പ്പെടെ, ഏതെങ്കിലും തിരുക്കര്‍മ്മത്തിലൊ ഭക്താഭ്യാസത്തിലൊ, യഥാര്‍ത്ഥ മനസ്താപത്തോടെ കുമ്പസാരിക്കുകയും ഭക്തിപൂര്‍വം വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തതിനുശേഷം, ഭക്തിപൂര്‍വം പങ്കുകൊള്ളുന്ന വിശ്വാസികള്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കപ്പെട്ടിരിക്കുന്നു.

ആ യുവജനസംഗമത്തിന്‍റെ ദിനങ്ങളില്‍ യുവജനങ്ങളെ പരസ്നേഹത്തിലേക്കാകര്‍ഷിക്കാനും തങ്ങളുടെ  ജീവിതംവഴി സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ശക്തി അവര്‍ക്ക് പകരാനും പരിശുദ്ധാത്മാവായ ദൈവത്തോട് മനസ്താപാരൂപിയോടെയെങ്കിലും പ്രാര്‍ത്ഥിക്കുന്ന ലോകത്തിലെവിടെയായിരിക്കുന്ന വിശ്വസികള്‍ക്കും ഭാഗിക ദണ്ഡവിമോചനം അനുവദിക്കപ്പെട്ടിരിക്കുന്നു.

..........................................................

"അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്നു ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണു ദണ്ഡവിമോചനം. നിര്‍ദ്ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയവിശ്വാസി അതു നേടിയെടുക്കുന്നു.....പാപംമൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവുചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാം" (കത്തോലിക്കാ മതബോധനം 1471).

 








All the contents on this site are copyrighted ©.