2008-07-04 08:12:07

പൗലോസ്ശ്ലീഹാവത്സരം പ്രമാണിച്ച് പ്രത്യേക പൂര്‍ണ്ണ ദണ്ഡവിമോചനം.

 


വിശുദ്ധ പൗലോസ് ശ്ലീഹായുടെ രണ്ടായിരാം ജന്മവാര്‍ഷികം പ്രമാണിച്ചു 2008 ജൂണ്‍ 28 മുതല്‍ 2009 ജൂണ്‍ 29 വരെ ആചരിക്കുന്ന പൗലോസ്ശ്ലീഹാവര്‍ഷത്തില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ വിശ്വാസികള്‍ക്ക് പ്രത്യേക ദണ്ഡവിമോചനം അനുവദിക്കുന്നു. ഇതു സംബ്ന്തിച്ച പ്രഖ്യാപനം അപ്പസ്തോലിക് പെനിറ്റ൯ഷ്യറി പുറപ്പെടുവിച്ചു

ഈ പ്രത്യേക ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗ്ഗങ്ങളും:

1.സ്വന്തം പാപങ്ങളെക്കുറിച്ചു ആത്മാര്‍ത്ഥമായി മനസ്താപപ്പെടുകയും അനുരഞ്ജന കൂദാശയിലൂടെ അവയ്ക്ക് മോചനം നേടുകയും വിശുദ്ധ കുര്‍ബാനസ്വീകരണത്തിലുടെ വരപ്രസാദാവസ്ഥ പുനരാര്‍ജ്ജിക്കുകയും ചെയ്തിരിക്കുന്ന ഏതൊരു ക്രൈസ്തവവിശ്വാസിയും റോമിലെ ഓസ്തിയ൯ വീഥിയിലെ, വിശുദ്ധ പൗലോസിന്‍റെ നാമധേയത്തിലുള്ള ബസലിക്കയില‍േക്ക് തീര്‍ത്ഥാടനം നടത്തുകയും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിലൂടെ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. പൂര്‍ണ്ണ ദണ്ഡവിമോചനം നേടുന്ന വ്യക്തിയ്ക്കുതന്നെയൊ പരേതര്‍ക്കോ പ്രയോജ്യമാണ്.

മുകളില്‍ പറഞ്ഞിരിക്കുന്ന നിയത വ്യവസ്ഥകള്‍ പാലിക്കുന്ന ഓരോ തവണയും പൂര്‍ണ്ണ ദണ്ഡവിമോചനം നേടാം; എന്നാല്‍ ഒരേദിവസംതന്നെ ഒന്നില്‍കൂടുതല്‍ ദണ്ഡവിമോചനം പ്രാപിക്കാനാവില്ലെന്ന് വ്യവസ്ഥചെയ്തിരിക്കുന്നു.

2.വിവിധ പ്രാദേശിക സഭകളിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക്, കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാത്ഥിക്കുകയും ചെയ്യുക എന്നീ അവശ്യ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടും എല്ലാവിധ പാപാസക്തയില്‍നിന്നുമുള്ള പൂര്‍ണ്ണമായ നിര്‍മുക്തിയുടെ അരൂപിയിലും, പൗലോസ്ശ്ലീഹാവത്സരത്തിന്‍റെ ഉദ്ഘാടന ദിനത്തിലൊ സമാപന ദിനത്തിലൊ ഏതെങ്കിലും ദേവാലയത്തില്‍ വിജാതിയരുടെ അപ്പസ്തോലന്‍റെ അനുസ്മരണാര്‍ത്ഥം നടത്തുന്ന തിരുക്കര്‍മ്മത്തിലൊ ഭക്താഭ്യാസത്തിലൊ ഭക്തിപൂര്‍വ്വം സംബന്ധിക്കുന്നതുവഴി പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. ഈ ജൂബിലി വത്സരത്തില്‍, അതാതു സ്ഥലത്തെ മെത്രാ൯ നിശ്ചിയിക്കുന്ന മറ്റ് ദിനങ്ങളില്‍ വിശുദ്ധ പൗലോസിനു പ്രതിഷ്ഠിതമായ പുണ്യസ്ഥലങ്ങളിലൊ വിശ്വാസികളുടെ ആദ്ധ്യാത്മിക നന്മ മു൯നിര്‍ത്തി മെത്രാ൯ തിരഞ്ഞെടുക്കുന്ന ഇതര ആരാധനാലയങ്ങളിലൊ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നതുവഴി ദണ്ഡവിമോചനം നേടാവുന്നതാണ്.

3. അവസാനമായി, രോഗംമൂലമൊ, മതിയായ മറ്റ് കാരണത്താലൊ ഇവയൊന്നും സാധ്യമല്ലാത്ത വിശ്വാസികള്‍ക്ക് പാപാസക്തിയില്‍നിന്നുള്ള നിര്‍മ്മുക്തതയുടെ അരൂപിയിലും ദണ്ഡവിമോചന പ്രാപ്തിക്കുള്ള നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ സാധ്യമാകുന്ന ആദ്യാവസരത്തില്‍ത്തന്നെ പാലിക്കുന്നതാണെന്ന തീരുമാനത്തോടെയും തങ്ങളുടെ പ്രാര്‍ത്ഥനകളും സഹനങ്ങളും ക്രൈസ്തവരുടെ ഐക്യത്തിനായി കാഴ്ചവച്ചുകൊണ്ട് ജൂബിലിയാചരണത്തോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കുകൊള്ളുന്നതുവഴി പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.

 

 
All the contents on this site are copyrighted ©.