2008-06-03 07:39:30

ക്രിസ്തുവിന്‍റെ തിരുഹൃദയം ക്രൈസ്തവ വിശ്വാസത്തിന്‍റെ ചിഹ്നം, ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ.


സ്നേഹത്തിന്‍റെ "സദ്വാര്‍ത്ത" ലളിതവും അധികൃതവുമായ വിധത്തില്‍ ആവിഷ്ക്കരിക്കുകയും മനുഷ്യാവതാരത്തിന്‍റെയും പരിത്രാണത്തിന്‍റെയും രഹസ്യം അതില്‍ത്തന്നെ സംഗ്രഹിക്കുകയും ചെയ്യുന്ന യേശുവിന്‍റെ തിരുഹൃദയം ക്രിസ്തീയ വിശ്വാസത്തിന്‍റെ അടയാളമാണെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പാ പ്രബോധിപ്പിച്ചു. കത്തോലിക്കാ വിശ്വാസികള്‍ തിരുഹൃദയ വണക്കമാസമായി ആചരിക്കുന്ന ജൂണ്‍മാസത്തിന്‍റെ ആദ്യദിനമായിരുന്ന ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തില്‍ ഒരുമിച്ചുകൂടിയിരുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ക്കുവേണ്ടി ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പു നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇതു പറഞ്ഞത്. "വാസ്തവത്തില്‍ തന്‍റെ സ്നേഹത്തിന്‍റ‍െ നിസ്സീമ ചക്രവാളത്തില്‍നിന്ന് ചരിത്രത്തിന്‍റെ പരിധികളിലേക്കും മനുഷ്യാവസ്ഥയുടെ പരിമിതികളിലേക്കും കടന്നുവരാ൯ ദൈവം അഭിലഷിച്ചു", മാര്‍പാപ്പ തുടര്‍ന്നു. "അവിടുന്ന് ഒരു ശരീരവും ഹൃദയവും ധരിച്ചു. അങ്ങനെ അനന്തമായതിനെ പരിമിതമായതില്‍, അദൃശ്യവും അപരിമേയവുമായ രഹസ്യത്തെ, നസ്രായനായ യേശുവിന്‍റെ മനുഷ്യഹൃദയത്തില്‍, ധ്യാനിക്കാനും കണ്ടുമുട്ടാനും നമുക്കു സാധിക്കുന്നു.

'ദേവൂസ് കാരിത്താസ് എസ്ത്- ദൈവം സ്നേഹമാകുന്നു' എന്ന സ്നേഹത്തെ സംബന്ധിച്ച എന്‍റെ പ്രഥമ ചാക്രിക ലേഖനത്തിന്‍റെ തുടക്ക ബിന്ദു യോഹന്നാ൯ തന്‍റെ സുവിശേഷത്തില്‍ പരാമര്‍ശിക്കുന്ന ക്രിസ്തുവിന്‍റെ കുത്തിമുറിവേല്‍പ്പിക്കപ്പെട്ട വിലാവിങ്കലേക്കുയരുന്ന കണ്ണിമയ്ക്കാത്ത നോട്ടമാണ്. (യോഹ.19,37; ദേ.കാ.എ.12). വിശ്വാസത്തിന്‍റെ ഈ കേന്ദ്രം നാം രക്ഷിക്കപ്പെടുന്ന പ്രത്യാശയുടെ ഉറവിടവുമാണ്.

ഏതോരു മനുഷ്യവ്യക്തിയ്ക്കും തന്‍റെ ജീവിത്തില്‍ ഒതു "കേന്ദ്രം", സത്യത്തിന്‍റെയും നന്മയുടെയും ഒരു സ്രോതസ്സ്, ആവശ്യമാണ്. നിശബ്ദതയ്ക്കായി നാമോരോരുത്തരും താല്ക്കാലിക വിരാമത്തിലായിരിക്കുമ്പോള്‍ സ്വന്തം ഹൃദയത്തിന്‍റെ സ്പന്ദനം മാത്രമല്ല, വിശ്വാസയോഗ്യമായ ഒരു സാന്നിദ്ധ്യത്തിന്‍റെ, വിശ്വാസത്തിന്‍റെ ഇന്ദ്രീയങ്ങള്‍ക്ക് ഗോചരീഭവിക്കുന്ന, അഗാധമായ ഹൃദയത്തുടിപ്പുകളും അനുഭവപ്പെടേണ്ടിയിരിക്കുന്നു. അത് ലോകത്തിന്‍റെ ഹൃദയമായ ക്രിസ്തുവിന്‍റെ‍ സാന്നിദ്ധ്യത്തിന്‍റെ സ്വപന്ദനങ്ങളാണ്.

ജൂണ്‍മാസത്തില്‍, സാര്‍വ്വത്രിക സഭയ്ക്കായി ഞാ൯ നല്കുന്ന നിയോഗങ്ങള്‍ സ്മരിച്ചുകൊണ്ട്, ദിവസത്തെ സമര്‍പ്പിക്കുന്ന പാരമ്പര്യ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട്, യേശുവിന്‍റെ തിരുഹൃദയത്തോടുള്ള ഭക്തി നവീകരിക്കാ൯ എല്ലാ വിശ്വാസികളെയും ഞാ൯ ക്ഷണിക്കുന്നു."








All the contents on this site are copyrighted ©.