2008-05-17 11:35:51

പലസ്‍തീ൯ ജനതയുടെ ദുരിതനിവാരണത്തിനുവേണ്ട നടപടികള്‍ സ്വീകരിക്കാ൯ പാപ്പാ ഇസ്രായേലിന്‍റെ ഭരണകൂടത്തെ ആഹ്വാനം ചെയ്യുന്നു.

 


പലസ്‍തീ൯ ജനതയുടെ ദുരിതങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാ൯ ബെനഡിക്ട് പതിനാറാമ൯ പാപ്പാ ഇസ്രായേലിന്‍റെ ഭരണകൂടത്തെ മെയ് 12ന് തിങ്കളാഴ്ച ആഹ്വാനം ചെയ്തു. ഇസ്രായേല്‍ പരിശുദ്ധ സിംഹാസനത്തിനു വേണ്ടി നിയമിച്ച, അഞ്‍ചാമത്തേതായ പുതിയ, സ്ഥാനപതി മൊര്‍ദെക്കായ് ലെവ്വീ (Mordechay Lewi) അന്ന് വത്തിക്കാനില്‍ ആധികാരിക സാക്ഷി പത്രങ്ങള്‍ സമര്‍പ്പിച്ച വേളയില്‍ അദ്ദേഹത്തെ സംബോധന ചെയ്യുകയായിരുന്നു പാപ്പാ.

സുരക്ഷിതത്ത്വം,സ്വയംപ്രതിരോധം എന്നീ ഇസ്രായേലിന്‍റെ ന്യായമായ ആവശ്യങ്ങള്‍  പരിശുദ്ധസിംഹാസനം അംഗീകരിക്കുകയും സകലവിധ യഹൂദവിരുദ്ധതയെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. വളരാനുള്ള തുല്യ അവകാശം സകല ജനതകള്‍ക്കുമുണ്ടെന്ന ബോധ്യം  പരിശുദ്ധസിംഹാസനത്തിനുണ്ടെന്നും പാപ്പാ പറഞ്ഞു. വിശുദ്ധനാട്ടിലെ ജനങ്ങള്‍ പരമാധി കാരമുള്ള രണ്ട് അയല്‍രാജ്യങ്ങളില്‍ സമാധാനത്തിലും ഏകതാനതയിലും ജീവിക്കുമ്പോള്‍ അത് വിശ്വശാന്തിക്കുള്ള അമൂല്യ സംഭാവനയായിരിക്കുമെന്നും, അങ്ങനെ ഇസ്രായേല്‍ ജനതകളുടെ പ്രകാശമായി ഭവിക്കുമെന്നും, സംഘര്‍ഷപരിഹൃതിയില്‍ ലോകത്തിന്‍റെ ഇതരഭാഗങ്ങള്‍ക്ക് പിന്‍ചെല്ലാന്‍ കഴിയുന്ന ഉജ്ജ്വല മാതൃകയായിത്തീരുമെന്നും ബെനഡിക്ട് പതിനാറാമ൯ പാപ്പാ പ്രസ്താവിച്ചു. പരിശുദ്ധസിംഹാസനം ഇസ്രായേലുമായി പതിനഞ്ച് വര്‍ഷം മുന്‍പ് നയതന്ത്രബന്ധം സ്ഥാപിച്ചത് അനുസ്മരിച്ച പാപ്പാ അത് ഇരു വിഭാഗത്തെയും ഒന്നിപ്പിക്കുന്ന മതിപ്പും സഹകരണവും ഉപരിവര്‍ദ്ധമാനമാക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

 
All the contents on this site are copyrighted ©.